image

11 Sept 2026 9:41 AM IST

News

ബ്രിക്‌സിനുമുമ്പ് ബിഗ് ടോക്ക്; മോദി-പുടിന്‍ കൂടിക്കാഴ്ച ഇന്ന്

MyFin Desk

ബ്രിക്‌സിനുമുമ്പ് ബിഗ് ടോക്ക്;  മോദി-പുടിന്‍ കൂടിക്കാഴ്ച ഇന്ന്
X

Summary

ബ്രഹ്‌മോസ് മിസൈലിന്റെ നവീകരണം, ശേഷിക്കുന്ന എസ്-400 സിസ്റ്റങ്ങളുടെ ഡെലിവറി പൂര്‍ത്തിയാക്കല്‍, എസ് യു-57 യുദ്ധവിമാനങ്ങളുടെ വിതരണം എന്നിവ മോദി-പുടിന്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും


ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിര്‍ണായക ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ന്യൂഡല്‍ഹിയിലെത്തി. പ്രതിരോധം, ഊര്‍ജം, സാങ്കേതിക മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുകയാണ് ചര്‍ച്ചയുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞയാഴ്ച ബിഷ്‌കെക്കില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും അവസാനമായി കൂടിക്കാഴ്ച നടത്തിയത്, അന്ന് 'അനന്തമായ യുദ്ധത്തില്‍ നിന്ന് യുദ്ധത്തിന്റെ അവസാനത്തിലേക്ക് മാറണം' എന്ന് മോദി പുടിനോട് ആവശ്യപ്പെട്ടിരുന്നു.

വെള്ളിയാഴ്ച നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങള്‍ക്കും തന്ത്രപ്രധാനമായ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാകും. ബ്രഹ്‌മോസ് മിസൈലിന്റെ നവീകരണം, ശേഷിക്കുന്ന എസ്-400 സിസ്റ്റങ്ങളുടെ ഡെലിവറി പൂര്‍ത്തിയാക്കല്‍, എസ് യു-57 യുദ്ധവിമാനങ്ങളുടെ വിതരണം എന്നിവയില്‍ ചര്‍ച്ച നടക്കുമെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. പുതിയ സിവില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയും ചര്‍ച്ചയിലുണ്ടാകും.

രണ്ട് ദിവസം നീളുന്ന ബ്രിക്‌സ് ഉച്ചകോടിയിലും പുടിന്‍ പങ്കെടുക്കും. വാര്‍ഷിക ബ്രിക്‌സ് ബിസിനസ് ഫോറത്തിന്റെ പ്ലീനറി സെഷനെ അഭിസംബോധന ചെയ്ത ശേഷം പ്രധാനമന്ത്രി മോദിക്കൊപ്പം ഇന്നോപ്രോം പ്രദര്‍ശനം സന്ദര്‍ശിക്കും. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസ, മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസി എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ശനിയാഴ്ച വൈകുന്നേരമാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോദി-ഷി കൂടിക്കാഴ്ച. വ്യാപാരം, നിക്ഷേപം എന്നിവയ്ക്ക് പുറമെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ (എല്‍എസി) സ്ഥിതിഗതികളും ഇരുനേതാക്കളും അവലോകനം ചെയ്യും. വെള്ളിയാഴ്ച ഇറാന്‍ പ്രസിഡന്റ് മസൂദ് പെസേഷ്‌കിയാനുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും.

'പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരതയ്ക്കായുള്ള നിര്‍മ്മാണം' എന്ന പ്രമേയത്തിലാണ് ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ഈ വര്‍ഷത്തെ ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. ഈജിപ്ത്, എത്യോപ്യ, ഇറാന്‍, യുഎഇ, ഇന്തോനേഷ്യ എന്നീ പുതിയ അംഗങ്ങളടക്കം 11 രാജ്യങ്ങളും യുഎന്‍ സെക്രട്ടറി ജനറല്‍ അടക്കമുള്ള ലോകനേതാക്കളും പങ്കെടുക്കുന്ന ഉച്ചകോടി ശനിയാഴ്ച ഉച്ചയ്ക്ക് 2.35ന് ആരംഭിച്ച് 13ന് ന്യൂഡല്‍ഹി പ്രഖ്യാപനത്തോടെ സമാപിക്കും.