8 Jan 2026 8:20 PM IST
Summary
ഇന്ത്യന്‍ എഐ മോഡലുകള്‍ വ്യത്യസ്തമായിരിക്കണമെന്നും പ്രാദേശികവും തദ്ദേശീയവുമായ ഉള്ളടക്കവും പ്രാദേശിക ഭാഷകളും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു
ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസമാണ് നമ്മുടെ ഏറ്റവും വലിയശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ എഐ മോഡലുകള്‍ ധാര്‍മ്മികവും, പക്ഷപാതമില്ലാത്തതും, സുതാര്യവും, ഡാറ്റാ സ്വകാര്യതാ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമാണെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അേേദ്ദഹം ഊന്നിപ്പറഞ്ഞു.
ആഗോള നേതൃത്വത്തിനായി ഇന്ത്യയില്‍ നിന്നുള്ള എഐ സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കണം. ആഗോളതലത്തില്‍ താങ്ങാനാവുന്നതും ഉള്‍ക്കൊള്ളാനാവുന്നതുമാകണമിത്. അതിന് ഇന്ത്യക്ക് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
2026 ലെ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യന്‍ എഐ സ്റ്റാര്‍ട്ടപ്പുകളുമായി നടത്തിയ വട്ടമേശ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മോദി. ഇന്ത്യന്‍ എഐ മോഡലുകള്‍ വ്യത്യസ്തമായിരിക്കണമെന്നും പ്രാദേശികവും തദ്ദേശീയവുമായ ഉള്ളടക്കവും പ്രാദേശിക ഭാഷകളും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
സ്റ്റാര്‍ട്ടപ്പുകളും കൃത്രിമബുദ്ധി സംരംഭകരുമാണ് രാജ്യത്തിന്റെ ഭാവിയുടെ സഹശില്‍പികളെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അടുത്ത മാസം നടക്കുന്ന 'എഐ ഫോര്‍ ഓള്‍: ഗ്ലോബല്‍ ഇംപാക്ട് ചലഞ്ച്' ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ 12 ഇന്ത്യന്‍ എഐ സ്റ്റാര്‍ട്ടപ്പുകള്‍ റൗണ്ട് ടേബിളില്‍ പങ്കെടുക്കുകയും അവരുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും അവതരിപ്പിക്കുകയും ചെയ്തു.
സമൂഹത്തില്‍ പരിവര്‍ത്തനം കൊണ്ടുവരുന്നതില്‍ കൃത്രിമബുദ്ധിയുടെ പ്രാധാന്യം യോഗത്തില്‍ മോദി എടുത്തുപറഞ്ഞു. അടുത്ത മാസം ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമെന്നും അതിലൂടെ സാങ്കേതിക മേഖലയില്‍ രാജ്യം ഒരു പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവതാര്‍, ഭാരത്‌ജെന്‍, ഫ്രാക്റ്റല്‍, ഗാന്‍, ജെന്‍ലൂപ്പ്, ഗ്‌നാനി, ഇന്റലിഹെല്‍ത്ത്, സര്‍വം, ഷോധ് എഐ, സോകെറ്റ് എഐ, ടെക് മഹീന്ദ്ര, സെന്റീഖ് എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ എഐ സ്റ്റാര്‍ട്ടപ്പുകളുടെ സിഇഒമാരും മേധാവികളും പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
പഠിക്കാം & സമ്പാദിക്കാം
Home
