image

14 Sept 2023 1:58 PM IST

News

എസ്എംഇ വായ്പകളില്‍ കൂടുതല്‍ ശ്രദ്ധ; 100 ശാഖകള്‍ തുറക്കാന്‍ ഫെഡറല്‍ ബാങ്ക്

MyFin Desk

എസ്എംഇ വായ്പകളില്‍ കൂടുതല്‍ ശ്രദ്ധ; 100 ശാഖകള്‍ തുറക്കാന്‍ ഫെഡറല്‍ ബാങ്ക്
X

Summary

  • കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്ക് 75 ശാഖകള്‍ ആരംഭിച്ചിരുന്നു.
  • ബാങ്കിന്റെ വായ്പയുടെ മൂന്നിലൊന്ന് എസ്എംഇ വായ്പകളാണ്.


കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യമൊട്ടാകെ 100 ശാഖകള്‍ തുറക്കും. ചെറുകിട ബിസിനസുകള്‍ക്കുള്ള വായ്പ വിതരണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ ശാഖകള്‍ ആരംഭിക്കുന്നത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്ക് 75 ശാഖകള്‍ ആരംഭിച്ചിരുന്നുവെന്ന് ഫെഡറല്‍ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ സിഡ്ബി സംഘടിപ്പിച്ച ആഗോള എസ്എംഇ ഫിനാന്‍സിംഗ് ഉച്ചകോടിയില്‍ പറഞ്ഞു.

ബാങ്കിന്റെ വായ്പയുടെ മൂന്നിലൊന്ന് എസ്എംഇ വായ്പകളാണ്. 2023 ജൂണിലെ കണക്കനുസരിച്ച് ഇത് 1,86,593 കോടി രൂപയോളം വരും. വാര്‍ഷികാടിസ്ഥാനത്തില്‍ 21 ശതമാനം വളര്‍ച്ചയാണ് എസ്എംഇ വിഭാഗത്തിലുണ്ടായിരിക്കുന്നതെന്നും ശാലിനി വാര്യര്‍ പറഞ്ഞു.``ചെറുകിട സംരംഭങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കാരണം സമ്പദ് വ്യവസ്ഥയിലെ വേഗത്തില്‍ വളരുന്ന മേഖലകള്‍ക്കൊപ്പം അല്ലെങ്കില്‍ കൂടുതല്‍ വായ്പ ആവശ്യമുള്ള മേഖലകള്‍ക്കൊപ്പം ഞങ്ങള്‍ക്കും വളരാനാണ്. അങ്ങനെ നോക്കുമ്പോള്‍ എസ്എംഇ മേഖല തന്നെയാണ് വേഗത്തില്‍ വളരുന്നതും കൂടുതല്‍ വായ്പ ആവശ്യമുള്ളതും. അതിനാല്‍ ആ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കൂടുതല്‍ ശാഖകള്‍ തുറക്കാനുള്ള തീരുമാനത്തിലെത്തിയെന്നും'' അവര്‍ വ്യക്തമാക്കി.

പുതിയതായി തുറക്കുന്ന ശാഖകളില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടില്‍ ആണ്. നിലവില്‍ ബാങ്കിന് കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നിങ്ങനെ ചെറുകിട ബിസിനസിന് പ്രാധാന്യം നല്‍കുന്ന സംസ്ഥാനങ്ങളിൽ ശാഖകള്‍ ഉണ്ട്. തമിഴ്‌നാട്ടില്‍ ഇപ്പോൾ 200 ശാഖകളുണ്ട്.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഫെഡറല്‍ ബാങ്ക് അതിന്റെ ശാഖകളുടെ എണ്ണം 600 ല്‍ നിന്നും 1,515 ലേക്ക് കൂട്ടി.

എസ്എംഇ വായ്പകള്‍ ലഭ്യമാക്കാന്‍ കോ-ലെന്‍ഡിംഗ് പ്ലാറ്റ്‌ഫോമുകളുമായി സഹകരിക്കാനും ബാങ്ക് ഉദ്ദേശിക്കുന്നുണ്ട്. ഫിന്‍ടെക്കായ യുബിയുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ആറോളം ഫിന്‍ടെക്ക് കമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതില്‍ നാലെണ്ണവുമായി ഉടനെ കരാറിലേര്‍പ്പെടുമെന്നും ശാലിനി വാര്യര്‍ വ്യക്തമാക്കി.