22 Sept 2025 2:51 PM IST
Summary
ഇന്ത്യന്‍, ഇന്ത്യ കേന്ദ്രീകൃത സ്ഥാപനങ്ങള്‍ എച്ച്-1ബി വിസകളെ ആശ്രയിക്കുന്നത് കുറച്ചു
എച്ച്-1ബി വിസാഫീസ് വര്‍ധിപ്പിച്ചതിന്റെ ആഘാതം ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ നേരിയതോതില്‍ ബാധിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) വ്യവസായ സംഘടനയായ നാസ്‌കോം. വാഷിംഗ്ടണില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍, ഇന്ത്യ കേന്ദ്രീകൃത സ്ഥാപനങ്ങള്‍ എച്ച്-1ബി വിസകളെ ആശ്രയിക്കുന്നത് ഗണ്യമായി കുറച്ചിട്ടുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി.
വര്‍ഷങ്ങളായി, യുഎസില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍, ഇന്ത്യ കേന്ദ്രീകൃത കമ്പനികള്‍ പ്രാദേശിക നിയമനങ്ങള്‍ ക്രമാനുഗതമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ലഭ്യമായ ഡാറ്റ പ്രകാരം, പ്രമുഖ ഇന്ത്യന്‍, ഇന്ത്യ കേന്ദ്രീകൃത കമ്പനികള്‍ക്ക് നല്‍കിയ എച്ച്-1ബി വിസകള്‍ 2015 ല്‍ 14,792 ല്‍ നിന്ന് 2024 ല്‍ 10,162 ആയി കുറഞ്ഞു.
'ഇന്ത്യയിലെ മികച്ച 10 കമ്പനികളിലെ എച്ച്-1ബി തൊഴിലാളികള്‍ അവരുടെ മൊത്തം ജീവനക്കാരുടെ ഒരു ശതമാനത്തില്‍ താഴെയാണ്. ഈ പ്രവണത കണക്കിലെടുക്കുമ്പോള്‍, ഈ മേഖലയില്‍ നേരിയ ആഘാതം മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ,' നാസ്‌കോം കൂട്ടിച്ചേര്‍ത്തു.
യുഎസിലെ പ്രാദേശിക നൈപുണ്യ വികസനത്തിനും നിയമനത്തിനുമായി വ്യവസായം 1 ബില്യണ്‍ ഡോളറിലധികമാണ് കമ്പനികള്‍ ചെലവഴിക്കുന്നത്.
എച്ച്-1ബി ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളി മൊബിലിറ്റി വിസയും കുടിയേറ്റേതര വിസയുമാണ്. ഇത് യുഎസിലെ നിര്‍ണായക നൈപുണ്യ വിടവ് നികത്താന്‍ സഹായിക്കുന്നു. പ്രാദേശിക നിയമനങ്ങള്‍ക്ക് തുല്യമായ ശമ്പളം നല്‍കുന്നു. മാത്രമല്ല, എച്ച്-1ബി തൊഴിലാളികള്‍ മൊത്തത്തിലുള്ള യുഎസ് തൊഴില്‍ ശക്തിയുടെ ഒരു ചെറിയ ഭാഗം മാത്രമാണ്.
എച്ച്-1ബി വിസ ഫീസ് ഏര്‍പ്പെടുത്തിയത് പുതിയ അപേക്ഷകള്‍ക്ക് മാത്രമേ ബാധകമാകൂ എന്ന് വ്യക്തമാക്കിയത് അനിശ്ചിതത്വം കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും വ്യവസായ സംഘടന പറഞ്ഞു.
അതേസമയം എച്ച്-1ബി വിസ ഫീസ് വര്‍ദ്ധന പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന്, മൈക്രോസോഫ്റ്റ്, ജെപി മോര്‍ഗന്‍, ആമസോണ്‍ എന്നിവയുള്‍പ്പെടെ നിരവധി കമ്പനികള്‍ തങ്ങളുടെ ജീവനക്കാരോട് യുഎസ് വിടരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
