22 Nov 2026 5:12 PM IST
Summary
കുഞ്ഞുങ്ങളുടെ സുരക്ഷിതമായ ഉറക്കത്തിന് സ്ലീപ്പിങ് ബാഗിന്റെ ശരിയായ വലുപ്പം നിര്‍ണായകമാണ്.
കുഞ്ഞുങ്ങളുടെ ഉറക്കസുരക്ഷയെ കുറിച്ചുള്ള ആശങ്കയില്‍ ബേബി സ്ലീപ്പിങ് ബാഗിന്റെ വില്‍പ്പന നിര്‍ത്തിവെച്ച് ബ്രിട്ടീഷ് റീട്ടെയില്‍ കമ്പനിയായ നെക്സ്റ്റ്. ഉത്പന്നത്തിന്റെ സുരക്ഷയെ കുറിച്ച് ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.
നോര്‍വിച്ചില്‍ നിന്നുള്ള 29കാരിയായ എമ്മ ഹണ്ടറാണ് ഉല്‍പ്പന്നത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുമായി രംഗത്തെത്തിയത്. തന്റെ മൂന്നര മാസം പ്രായമുള്ള മകള്‍ റോസിക്കായി വാങ്ങിയ സ്ലീപ്പിങ് ബാഗിന്റെ കഴുത്തിലെ ദ്വാരം അസാധാരണമാം വിധം വലുതാണെന്ന് എമ്മ ശ്രദ്ധിച്ചു.
കുഞ്ഞ് ഉറക്കത്തിനിടെ താഴേക്ക് തെന്നിമാറിയാല്‍ ബാഗിന്റെ തുണി മുഖം മൂടാനും മൂക്കും വായും അടയാനുമുള്ള സാധ്യതയാണ് എമ്മയെ ആശങ്കപ്പെടുത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്ലീപ്പിങ് ബാഗിന്റെ കഴുത്തിലെ ദ്വാരത്തിന്റെ ചുറ്റളവ് 36 സെന്റീമീറ്ററാണെന്ന് കണ്ടെത്തി. എന്നാല്‍ പ്രസ്തുത വലുപ്പത്തിലുള്ള ബാഗിന് ബ്രിട്ടീഷ് സുരക്ഷാ മാനദണ്ഡപ്രകാരം പരമാവധി 32 സെന്റീമീറ്ററാണ് അനുവദനീയമായ അളവ്. ഇതോടെയാണ് എമ്മ കമ്പനിയെ വിവരം അറിയിച്ചത്.
ആദ്യഘട്ടത്തില്‍ പണം തിരികെ നല്‍കാമെന്നായിരുന്നു കമ്പനിയുടെ പ്രതികരണമെന്നും എമ്മ പറയുന്നു. എന്നാല്‍ ഉല്‍പ്പന്നം വിപണിയില്‍ തുടരുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ നടപടി ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് നെക്സ്റ്റ് സ്വന്തം ബ്രാന്‍ഡിലുള്ള 2.5 ടോഗ് പിങ്ക് ഫ്ലോറല്‍ സ്ലീപ്പിങ് ബാഗ് വെബ്സൈറ്റില്‍ നിന്നും സ്റ്റോറുകളില്‍ നിന്നും പിന്‍വലിച്ചു. നേരിട്ട് ഉല്‍പ്പന്നം വാങ്ങിയ ഉപഭോക്താക്കളെ ബന്ധപ്പെട്ട് തുടര്‍നടപടികള്‍ അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കി.
കുഞ്ഞുങ്ങളുടെ സുരക്ഷിതമായ ഉറക്കത്തിന് സ്ലീപ്പിങ് ബാഗിന്റെ ശരിയായ വലുപ്പം നിര്‍ണായകമാണെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബാഗിന്റെ കഴുത്തിലെ ഭാഗം കുഞ്ഞിന്റെ താടിയിലോ മുഖത്തോ എത്തുന്നുണ്ടെങ്കില്‍ അത് ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം. കഴുത്തിന് ചുറ്റുമുള്ള വിടവ് ശരിയായ രീതിയിലാണെന്ന് ഉറപ്പാക്കണമെന്നും വിദഗ്ധര്‍ പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
