image

17 July 2024 8:22 AM IST

News

നിതി ആയോഗ് പുനഃസംഘടിപ്പിച്ചു

MyFin Desk

pm will continue as the chairperson of niti aayog
X

Summary

  • സാമ്പത്തിക വിദഗ്ധന്‍ സുമന്‍ കെ ബെറി ഉപാധ്യക്ഷനായി തുടരും
  • രാജ്നാഥ് സിംഗ്, അമിത് ഷാ, ശിവരാജ് സിംഗ് ചൗഹാന്‍, നിര്‍മല സീതാരാമന്‍ എന്നിവര്‍ എക്സ് ഒഫീഷ്യോ അംഗങ്ങള്‍


കേന്ദ്ര സര്‍ക്കാര്‍ നിതി ആയോഗ് പുനഃസംഘടിപ്പിച്ചു. നാല് മുഴുവന്‍ സമയ അംഗങ്ങളും ബിജെപി സഖ്യകക്ഷികളില്‍ നിന്നുള്ള 15 കേന്ദ്രമന്ത്രിമാരും എക്സ് ഒഫീഷ്യോ അംഗങ്ങളോ പ്രത്യേക ക്ഷണിതാക്കളോ ആയി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയര്‍പേഴ്സണായും സാമ്പത്തിക വിദഗ്ധന്‍ സുമന്‍ കെ ബെറി ഉപാധ്യക്ഷനായും തുടരും.

ശാസ്ത്രജ്ഞന്‍ വി കെ സരസ്വത്, കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍ രമേഷ് ചന്ദ്, ശിശുരോഗ വിദഗ്ധന്‍ വി കെ പോള്‍, മാക്രോ ഇക്കണോമിസ്റ്റ് അരവിന്ദ് വിര്‍മാനി എന്നിവരും സര്‍ക്കാര്‍ തിങ്ക് ടാങ്കില്‍ മുഴുവന്‍ സമയ അംഗങ്ങളായി തുടരും.

കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ് (പ്രതിരോധം), അമിത് ഷാ (ആഭ്യന്തരം), ശിവരാജ് സിംഗ് ചൗഹാന്‍ (കൃഷി), നിര്‍മല സീതാരാമന്‍ (ധനകാര്യം) എന്നിവരായിരിക്കും നാല് എക്സ് ഒഫീഷ്യോ അംഗങ്ങള്‍. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ട്രാന്‍സ്ഫോര്‍മിംഗ് ഇന്ത്യ (നിതി ആയോഗ്) യുടെ പരിഷ്‌കരിച്ച ഘടനയ്ക്ക് പ്രധാനമന്ത്രി അംഗീകാരം നല്‍കിയതായി വിജ്ഞാപനത്തില്‍ പറയുന്നു.

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി (റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേ), ജഗത് പ്രകാശ് നദ്ദ (ആരോഗ്യം), എച്ച് ഡി കുമാരസ്വാമി (ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് സ്റ്റീല്‍), ജിതന്‍ റാം മാഞ്ചി (മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍), രാജീവ് രഞ്ജന്‍ സിംഗ് (മത്സ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീരമേഖല) എന്നിവരായിരിക്കും പുനഃസംഘടിപ്പിച്ച നീതി ആയോഗിലെ പ്രത്യേക ക്ഷണിതാക്കളാകുക.

കേന്ദ്രമന്ത്രിമാരായ വീരേന്ദ്രകുമാര്‍ (സാമൂഹ്യനീതിയും ശാക്തീകരണവും), രാംമോഹന്‍ നായിഡു (സിവില്‍ ഏവിയേഷന്‍), ജുവല്‍ ഓറം (ആദിവാസികാര്യം), അന്നപൂര്‍ണാ ദേവി (സ്ത്രീ-ശിശു വികസനം), ചിരാഗ് പാസ്വാന്‍ (ഭക്ഷ്യ സംസ്‌കരണ വ്യവസായം), റാവു ഇന്ദര്‍ജിത് സിംഗ് എന്നിവരാണ് മറ്റ് പ്രത്യേക ക്ഷണിതാക്കള്‍.