10 April 2026 3:05 PM IST
Summary
ക്ലാസ് മുറിയിൽ നിന്ന് നേടുന്ന മാര്‍ക്കിനേക്കാള്‍ ഉപരിയായി ഡിജിറ്റല്‍ ലോകത്തെ തന്റെ സാന്നിധ്യം എങ്ങനെ ഒരു ആസ്തിയാക്കി മാറ്റാം എന്നാണ് ഗൗരി കാണിച്ചുതരുന്നത്
പഠിച്ചു പാസ്സായി കയ്യില്‍ ബിരുദ സര്‍ട്ടിഫിക്കറ്റുമായി കമ്പനികള്‍ തോറും ജോലി അന്വേഷിച്ച് കയറിയിറങ്ങുന്ന പരമ്പരാഗത രീതികളുടെ കാലം മാറിയെന്ന് തെളിയിക്കുകയാണ് 19-കാരിയായ ഗൗരി എം. ഔദ്യോഗികമായി ഒരു കോളേജ് ബിരുദമില്ലാതെ, ജോലിക്ക് അപേക്ഷിക്കുക പോലും ചെയ്യാതെ ലോകപ്രശസ്ത വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവില്‍ മാര്‍ക്കറ്റിംഗ് ജോലി സ്വന്തമാക്കിയെന്ന ഗൗരിയുടെ ലിങ്ക്ഡ്ഇന്‍ പോസ്റ്റ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ചാവിഷയമാണ്. ഒരു ഇമെയില്‍ പോലും അയക്കാതെ തേടി വന്ന ഈ അവസരം കരിയര്‍ ലോകത്തെയും തൊഴിൽ അന്വേഷകരെയും അമ്പരപ്പിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലെ പൂനെയില്‍ ബിഎ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിനിയാണ് ഗൗരി.
ക്ലാസ് മുറികളിലെ മാര്‍ക്കിനേക്കാള്‍ ഉപരിയായി ഡിജിറ്റല്‍ ലോകത്തെ തന്റെ സാന്നിധ്യം എങ്ങനെ ഒരു ആസ്തിയാക്കി മാറ്റാം എന്നാണ് ഗൗരി കാണിച്ചുതരുന്നത്. ലിങ്ക്ഡ്ഇനില്‍ 65,000-ത്തിലധികം ഫോളോവേഴ്സും ഇന്‍സ്റ്റാഗ്രാമില്‍ 35,000-ത്തിലധികം ഫോളോവേഴ്സുമുള്ള ഗൗരിയുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ തന്നെയാണ് പോര്‍ട്ട്ഫോളിയോ ആയി മാറിയത്. ഉള്ളടക്ക നിര്‍മ്മാണത്തിലൂടെയും ആശയവിനിമയ പാടവത്തിലൂടെയും കെട്ടിപ്പടുത്ത ഓണ്‍ലൈന്‍ സ്വാധീനമാണ് ബിഎംഡബ്ല്യു ഉള്‍പ്പെടെയുള്ള മൂന്ന് പ്രമുഖ കമ്പനികളെ ഒരേ ആഴ്ചയില്‍ ഗൗരിക്ക് ജോലി വാഗ്ദാനം നല്‍കാന്‍ പ്രേരിപ്പിച്ചത്.
ഈ കഥ വലിയ രീതിയില്‍ പ്രചരിക്കാന്‍ കാരണം ഇന്നത്തെ തൊഴില്‍ വിപണിയില്‍ വന്ന മാറ്റമാണ്. പ്രത്യേകിച്ച് മാര്‍ക്കറ്റിംഗ്, ക്രിയേറ്റീവ് മേഖലകളില്‍ ഒരാളുടെ ബിരുദത്തേക്കാള്‍ പ്രാധാന്യം അവര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതിനാണ് കമ്പനികൾ നല്‍കുന്നത്. 'നിങ്ങളുടെ പ്രൊഫൈല്‍ തന്നെ നിങ്ങളുടെ റെസ്യൂമെ ആയി മാറുന്നു. ഈ ആശയത്തിന് വലിയ സ്വീകാര്യതയാണ് യുവതലമുറയില്‍ നിന്ന് ലഭിക്കുന്നത്. ഒരു മികച്ച ഓണ്‍ലൈന്‍ ഐഡന്റിറ്റി കെട്ടിപ്പടുക്കുന്നത് പലപ്പോഴും വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയത്തേക്കാള്‍ വേഗത്തില്‍ അവസരങ്ങള്‍ വാതില്‍ക്കല്‍ എത്തിക്കുമെന്ന് ഈ സംഭവം അടിവരയിടുന്നു.
ഗൗരിയുടെ വിജയം പലര്‍ക്കും പ്രചോദനമാണെങ്കിലും, ഇതിനെ സംശയത്തോടെ നോക്കുന്നവരും കുറവല്ല. ഇത് എല്ലാ മേഖലകളിലും പ്രായോഗികമാണോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. മെഡിസിന്‍, നിയമം, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളില്‍ ഇപ്പോഴും കൃത്യമായ വിദ്യാഭ്യാസവും സര്‍ട്ടിഫിക്കറ്റുകളും അത്യന്താപേക്ഷിതമാണ്. കൂടാതെ, എല്ലാവരും സ്വയം ഒരു 'ബ്രാന്‍ഡ്' ആയി മാറേണ്ടി വരുന്നത് തൊഴിലന്വേഷകരില്‍ പുതിയ തരം സമ്മര്‍ദ്ദമുണ്ടാക്കുമെന്നും ഒരു വിഭാഗം ആളുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഗൗരിയുടെ വാക്കുകളില്‍ പറഞ്ഞാല്‍, 'അവര്‍ എന്നെ പ്രത്യേകമായി അന്വേഷിച്ചു വന്നതല്ല, മറിച്ച് യാദൃശ്ചികമായി പ്രൊഫൈൽ കാണുകയായിരുന്നു.' ജോലി തേടി പോകുന്നതിന് പകരം, അവസരങ്ങള്‍ നമ്മളെ തേടി വരുന്ന രീതിയിലേക്ക് തൊഴില്‍ വിപണി മാറിക്കൊണ്ടിരിക്കുന്നു. ബിരുദവും ഓണ്‍ലൈന്‍ സാന്നിധ്യവും തമ്മിലുള്ള ഈ മത്സരം വരുംകാലങ്ങളില്‍ തൊഴില്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കും സംവാദങ്ങള്‍ക്കും വഴിവെക്കുമെന്ന് ഉറപ്പാണ്.
പഠിക്കാം & സമ്പാദിക്കാം
Home
