image

31 Oct 2026 11:30 AM IST

News

NVS-03 ഭ്രമണപഥത്തില്‍; നാവിഗേഷനില്‍ സ്വാശ്രയത്വം ലക്ഷ്യം, സേവനം ഉടന്‍ തുടങ്ങും

MyFin Desk

nvs-03 in orbit, aims for self-reliance in navigation, services to begin soon
X

Summary

അമേരിക്കന്‍ ജിപിഎസിന് പകരം ഇന്ത്യ സ്വന്തമായി വികസിപ്പിച്ച NavIC സംവിധാനത്തിലെ 12-ാമത്തെയും രണ്ടാം തലമുറയിലെ മൂന്നാമത്തെയും ഉപഗ്രഹമാണ് NVS-03.


ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്ത് അഭിമാനകരമായ മറ്റൊരു നേട്ടം കൂടി. ഐഎസ്ആര്‍ഒയുടെ GSLV-F18 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ഒക്ടോബര്‍ 30ന് രാത്രി 11:51ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് 50 മീറ്റര്‍ ഉയരമുള്ള റോക്കറ്റ് കുതിച്ചുയര്‍ന്നത്. വെറും 19 മിനിറ്റിനുള്ളില്‍ അടുത്ത തലമുറ നാവിഗേഷന്‍ ഉപഗ്രഹമായ NVS-03നെ നിശ്ചിത ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിഞ്ഞു. ജിഎസ്എല്‍വിയുടെ 20-ാമത്തെ വിക്ഷേപണമായ ഇത്. വെറും 56 ദിവസത്തിനുള്ളില്‍ രണ്ട് വിക്ഷേപണങ്ങള്‍ നടത്തിയെന്ന റെക്കോര്‍ഡും ഐഎസ്ആര്‍ഒ സ്വന്തമാക്കി.

ഈ വിക്ഷേപണം വെറുമൊരു ഉപഗ്രഹ വിക്ഷേപണം മാത്രമല്ല, ഇന്ത്യയുടെ തന്ത്രപ്രധാനമായ സുരക്ഷയ്ക്ക് നിര്‍ണായക ചുവടുവയ്പ്പാണ്. അമേരിക്കന്‍ ജിപിഎസിന് പകരം ഇന്ത്യ സ്വന്തമായി വികസിപ്പിച്ച NavIC സംവിധാനത്തിലെ 12-ാമത്തെയും രണ്ടാം തലമുറയിലെ മൂന്നാമത്തെയും ഉപഗ്രഹമാണ് NVS-03. ഇന്ത്യയ്ക്ക് അകത്തും അതിര്‍ത്തിക്ക് പുറത്ത് 1500 കി.മീ വരെയും അത്യാധുനിക ലൊക്കേഷന്‍ സേവനങ്ങള്‍ നല്‍കാന്‍ ഈ ഉപഗ്രഹത്തിന് കഴിയും.

420 ടണ്‍ ഭാരമുള്ള മൂന്ന് ഘട്ട റോക്കറ്റാണ് 2,250 കിലോ ഭാരമുള്ള NVS-03 ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിച്ചത്. ഉപഗ്രഹത്തിന്റെ സോളാര്‍ പാനലുകള്‍ വിജയകരമായി വിന്യസിച്ചതായി ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചു. വരും ദിവസങ്ങളില്‍ ഭ്രമണപഥം ഉയര്‍ത്തി അന്തിമ സ്ഥാനത്ത് എത്തിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ സേവനം തുടങ്ങുമെന്നാണ് പ്രതീക്ഷ.

ഈ ചരിത്ര നേട്ടത്തില്‍ ഐഎസ്ആര്‍ഒയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 'നമ്മുടെ തദ്ദേശീയ നാവിഗേഷന്‍ സംവിധാനമായ NavIC ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന ചുവടുവയ്പ്പാണിത്. നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞരുടെ സമര്‍പ്പണം രാജ്യത്തിന് അഭിമാനകരമാണ്' എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.