image

8 April 2024 2:49 PM IST

News

ഊട്ടിയിലും ജലക്ഷാമം രൂക്ഷമാകുന്നു; ടൂറിസത്തെ ബാധിക്കുമോ?

MyFin Desk

nilgiri hills without measures for water security
X

Summary

  • ഊട്ടിയിലെ ജലക്ഷാമം റിസോര്‍ട്ടുകളെയുംമറ്റും ബാധിക്കും
  • പ്രഥമ പരിഗണന നാട്ടുകാര്‍ക്ക് കുടിവെള്ളം എത്തിക്കുന്നതില്‍
  • ജലസ്രോതസുകളിലെ വെള്ളം 40ശതമാനത്തില്‍ താഴെ


ബെംഗളൂരുവിനു പിന്നാലെ ഊട്ടിയിലും വെള്ളം കുറയുന്നു. ടൂറിസ്റ്റ് സീസണ്‍ അതിന്റെ പാരതമ്യതയിലേക്ക് എത്തുമ്പോഴാണ് ആശങ്ക ഉയര്‍ത്തുന്ന കണക്കുകള്‍ പുറത്തുവരുന്നത്. ഉദഗമണ്ഡലം മുനിസിപ്പാലിറ്റിയുടെ (യുഎംസി) കണക്കുകള്‍ പ്രകാരം ഉദഗമണ്ഡലം നഗരം വിതരണം ചെയ്യുന്ന അണക്കെട്ടുകളിലും ജലാശയങ്ങളിലും ലഭ്യമായ മൊത്തം ജലത്തിന്റെ അളവ് മൊത്തം സംഭരണശേഷിയുടെ 40 ശതമാനത്തില്‍ താഴെ മാത്രമാണ്.

ഏപ്രില്‍-മെയ് മാസങ്ങള്‍ വെക്കേഷന്‍ ആയതിനാല്‍ കുടുംബത്തോടെ യാത്രചെയ്യാന്‍ മിക്കവരും തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഊട്ടി. കുളിര്‍മയുള്ള കാലവസ്ഥ നിലനിര്‍ത്തുന്ന ഈ ഹില്‍സ്‌റ്റേഷന്‍ വിനോദ സഞ്ചാരികളുടെ പ്രിയ ഇടങ്ങളിലൊന്നാണ്. പ്രശസ്തമായ ഊട്ടി ഫ്‌ളവര്‍ ഷോ മെയ് മാസത്തിലാണ് നടക്കുന്നത്. അതിനായി ഇപ്പോള്‍ത്തന്നെ ഹോട്ടല്‍ മുറികളും റിസോര്‍ട്ടുകളും യാത്രികര്‍ ബുക്കുചെയ്യുന്നുണ്ട്.

നീലഗിരി ജില്ലയിലെ വെള്ളത്തിന്റെ കുറവ് ടൂറിസ്റ്റ് റിസോര്‍ട്ടുകളെ ബാധിച്ചിട്ടുണ്ട്. ജില്ലയിലെ നിവാസികള്‍ക്ക് വെള്ളം ലഭ്യമാകുന്നു എന്ന് ആദ്യം ഉറപ്പാക്കുകയാണ് നഗരസഭാ അധികൃതര്‍. റിസോര്‍ട്ടുകളിലേക്കുള്ള ജലവിതരണത്തില്‍ കുറവ് ഏര്‍പ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്.

പാര്‍സണ്‍സ് വാലി, മാര്‍ലിമുണ്ട്, ടൈഗര്‍ ഹില്‍, ഗോറിഷോല, ദൊഡ്ഡബെട്ട അപ്പര്‍, അപ്പര്‍ കൊടപ്പമുണ്ട് , ദൊഡ്ഡബെട്ട ലോവര്‍, കൊടപ്പമുണ്ട് ലോവര്‍, ഓള്‍ഡ് ഊട്ടി, ഗ്ലെന്റോക്ക് എന്നിവിടങ്ങളില്‍ സംഭരിച്ചിരിക്കുന്ന ജലത്തിന്റെ അളവ് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി അമ്പരപ്പിക്കും വിധം കുറവാണ്.

അവധിക്കാലമായതിനാല്‍ ഊട്ടിയിലേക്ക് വിനോദ സഞ്ചാരികളുടെ ഒരു തള്ളിക്കയറ്റം പ്രതീക്ഷിക്കുന്നുണ്ട്. ഡാറ്റ അനുസരിച്ച്, ഉദഗമണ്ഡലം നിവാസികളുടെ കുടിവെള്ളത്തിന്റെ പ്രധാന സ്രോതസ്സായ പാര്‍സണ്‍സ് വാലിയില്‍ മൊത്തം ശേഷിയുടെ 34 ശതമാനം മാത്രമാണ് ഇപ്പോഴുള്ളത്. മാര്‍ലിമുണ്ട് തടാകത്തിലും ഗോറിഷോള റിസര്‍വോയറിലും സ്ഥിതി കൂടുതല്‍ മോശമാണ്. അവിടെ ജലനിരപ്പ് യഥാക്രമം 16 ഉം 17 ഉം ശതമാനമാണ്.

നീലഗിരിയില്‍ വരാനിരിക്കുന്ന ജലക്ഷാമം ഭാവിയില്‍ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാകാതിരിക്കാന്‍ ബഹുമുഖ തന്ത്രമാണ് ആവശ്യപ്പെടുന്നത്. ഇത് കണ്ടില്ലെന്ന് നടിച്ചാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാകും.

ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രത്യാഘാതങ്ങള്‍ വരും ദശകങ്ങളില്‍ വര്‍ധിക്കുമെന്നതിനാല്‍, ടൂറിസം മേഖലയ്ക്ക് റേഷന്‍ വെള്ളത്തിനുള്ള തന്ത്രങ്ങള്‍ നടപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കൂടാതെ ജലത്തിന്റെ പുനരുപയോഗവും നീലഗിരിയില്‍ നടപ്പാക്കപ്പെടണം എന്നത് പൊതുവായ ആവശ്യമാണ്.

കൈയേറ്റങ്ങളും നിര്‍മാണങ്ങളും മൂലം നശിപ്പിക്കപ്പെടുന്ന ജലസ്രോതസുകള്‍ സര്‍ക്കാര്‍തന്നെ ഏറ്റെടുത്ത് പുനഃസ്ഥാപിക്കണം. അല്ലെങ്കില്‍ വരു വര്‍ഷങ്ങളില്‍ നീലഗിരിയുടെ ജലസുരക്ഷ ഇല്ലാതാകും. ഇപ്പോഴുള്ളത് അതിന്റെ സൂചനയാണ്.

വേനല്‍ക്കാലത്തിന് മുമ്പുള്ള മാസങ്ങളില്‍ മെച്ചപ്പെട്ട ആസൂത്രണം നടത്തിയിരുന്നെങ്കില്‍, സ്ഥിതിഗതികള്‍ ഇപ്പോഴുള്ളതുപോലെ ആവില്ലെന്ന് ഉറപ്പാക്കാമായിരുന്നുവെന്ന് പരിസ്ഥിതി വിദഗ്ധര്‍ പറയുന്നു. ഈ വേനല്‍ക്കാലത്ത് ഉപയോഗത്തിനായി വെള്ളം സംഭരിക്കാന്‍ ഒരു ശ്രമവും നടത്തിയിരുന്നില്ല എന്നത് വാസ്തവമാണ്.

നിലവില്‍ നിയന്ത്രണമില്ലാത്ത നഗരവല്‍ക്കരണത്തിന്റെയും ജലസുരക്ഷയെ പരിഗണിക്കാതിരിക്കുന്നതിരിക്കുന്നതിന്റെയും ദുരന്തം ബെംഗളുരു നഗരം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. നീലഗിരിയുടെ മലമടക്കുകളില്‍ സമാനമായ പ്രതിസന്ധി ഒവിവാകണമെങ്കില്‍ അധികൃതര്‍ മെച്ചപ്പെട്ട ജലസുരക്ഷാ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്.

ഊട്ടിയില്‍ തണുപ്പും കുറവാണെന്ന് യാത്രക്കാര്‍ പറയുന്നു. കാലവസ്ഥാ വ്യതിയാനത്തിന്റെ ഇരയാകുമോ ഊട്ടിയും എന്ന ആശങ്കയിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.