3 July 2024 9:42 AM IST
Summary
- കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത ഗോബി മഞ്ചൂറിയന്‍, കബാബ് തുടങ്ങിയവ മുന്‍പ് നിരോധിച്ചിരുന്നു
- കര്‍ണാടക ആരോഗ്യ മന്ത്രാലയമാണ് അന്വേഷിക്കുന്നത്
- ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി
ജനപ്രിയ ഉത്തരേന്ത്യന്‍ തെരുവ് ഭക്ഷണമാണ് പാനിപൂരി. ഇത് ഉത്തരേന്ത്യയില്‍ മാത്രമല്ല രാജ്യത്ത് മിക്കസ്ഥലങ്ങളിലും ലഭ്യമാണ്. എന്നാല്‍ ഇപ്പോള്‍ ഈ ലഘുഭക്ഷണത്തെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. കര്‍ണാടകയില്‍ നടത്തിയ പരിശോധനകളില്‍ ഇതില്‍ കാന്‍സറിന് കാരണമാകുന്ന ഘടകങ്ങള്‍ കണ്ടെത്തി.
പാനിപൂരിയിലെ കളറിംഗ് ഏജന്റുകളാണ് അപകടകാരികള്‍ എന്നാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മുന്‍പ് ഗോബി മഞ്ചൂറിയന്‍, കബാബ് തുടങ്ങിയ ലഘുഭക്ഷണങ്ങളില്‍ ഇത്തരം നിരവധി ഏജന്റുകള്‍ ഉപയോഗിക്കുന്നത് സംസ്ഥാനം നിരോധിച്ചിരുന്നു. ഇപ്പോള്‍ പാനി പുരിയില്‍ കാന്‍സര്‍ കളറിംഗ് ഏജന്റ് ഉപയോഗിക്കുന്നതിനെക്കുറിച്ച് കര്‍ണാടക ആരോഗ്യ മന്ത്രാലയം അന്വേഷിക്കുകയാണ്.
സംസ്ഥാന ആരോഗ്യവകുപ്പ് അടുത്തിടെ നടത്തിയ സര്‍വേയില്‍, സംസ്ഥാനത്തുടനീളമുള്ള നിരവധി ഭക്ഷണശാലകളില്‍ നിന്ന് 250 ഓളം പാനി പൂരി സാമ്പിളുകളാണ് ശേഖരിച്ചത്. പരിശോധനയില്‍, മൊത്തം സാമ്പിളുകളില്‍ 40 എണ്ണവും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതായി കണ്ടെത്തി.
ബ്രില്ല്യന്റ് ബ്ലൂ, ടാര്‍ട്രാസൈന്‍, സണ്‍സെറ്റ് യെല്ലോ തുടങ്ങിയ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം അവര്‍ പരിശോധിച്ചു. ഭക്ഷ്യവസ്തുക്കളില്‍ കാണപ്പെടുന്ന ഈ രാസവസ്തുക്കള്‍ പതിവായി കഴിക്കുന്നത് അവയവങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ വരുത്തും. വകുപ്പ് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി. പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനുള്ള ഒരു ചുവടുവെപ്പില്‍, ഭക്ഷണ നിര്‍മ്മാതാക്കളില്‍ ശുചിത്വത്തെക്കുറിച്ചും മികച്ച പാചകരീതികളെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനായി ദിനേശ് ഗുണ്ടു റാവു ഒരു യോഗം നടത്തും.
ഗോബി, കബാബ് എന്നിവയുടെ നിര്‍മ്മാണത്തില്‍ കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചതിനാല്‍, സംസ്ഥാനത്ത് വില്‍ക്കുന്ന പാനി പൂരിയുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി കഴിഞ്ഞ മാസം ആദ്യം റാവു പറഞ്ഞു. പാനി പുരിയും ഭക്ഷ്യസുരക്ഷാ പരിശോധനയില്‍ പരാജയപ്പെട്ടു, കാന്‍സര്‍ റിയാഗന്റുകള്‍ അടങ്ങിയതായി കണ്ടെത്തി. ഇത് സംബന്ധിച്ച് കൂടുതല്‍ വിശകലനം നടത്തിവരികയാണ്, പരിശോധനാ റിപ്പോര്‍ട്ടിന് ശേഷം ആരോഗ്യവകുപ്പ് ഉചിതമായ നടപടി സ്വീകരിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
