image

13 March 2026 9:57 AM IST

News

Appropriation Bill 2026 : 2026 ധനവിനിയോഗ ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും

MyFin Desk

Appropriation Bill 2026 : 2026 ധനവിനിയോഗ ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും
X

Summary

2025-26 സാമ്പത്തിക വർഷത്തെ സേവനങ്ങൾക്കായി ഇന്ത്യയുടെ കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്ന് ചില കൂടുതൽ തുകകൾ നൽകുന്നതിനും വിനിയോഗിക്കുന്നതിനും അംഗീകാരം നൽകുന്നതിനാണ് പുതിയ ബിൽ ലക്ഷ്യമിടുന്നത്.


കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് ലോക്‌സഭയില്‍ 2026 ലെ ധനവിനിയോഗ ബില്‍ അവതരിപ്പിക്കും. ബിസിനസ് ലിസ്റ്റ് പ്രകാരം ബില്‍ അവതരിപ്പിക്കുകയും തുടര്‍ന്ന് പരിഗണിച്ച് പാസാക്കുന്നതിനുമാണ് സഭയുടെ അനുമതി തേടുന്നത്.

കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്ന് അധിക ധനവിനിയോഗത്തിന് അംഗീകാരം

2025-26 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ സേവനങ്ങള്‍ക്കായി കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ തുക നല്‍കാനും വിനിയോഗിക്കാനും അനുമതി നല്‍കുകയാണ് ബിലിന്റെ പ്രധാന ലക്ഷ്യം. ഇതിനൊപ്പം 2025-26 ലെ ഗ്രാന്റ്‌സിനായുള്ള സപ്ലിമെന്ററി ഡിമാന്‍ഡ്‌സ് (രണ്ടാം ബാച്ച്) സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും സഭയില്‍ നടക്കും.

വിവിധ മന്ത്രാലയങ്ങളുടെ ഗ്രാൻ്റ്സുകള്‍ക്ക് ചര്‍ച്ചയും വോട്ടെടുപ്പും

2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള മിനിസ്റ്ററി ഓഫ് റെയില്‍വെയ്‌സിന്റെയും മിനിസ്റ്ററി ഓഫ് അഗ്രികള്‍ച്ചര്‍ ആന്റ് ഫാര്‍മേഴ്‌സ് വെല്‍ഫെയറിന്റെയും നിയന്ത്രണത്തിലുള്ള ഗ്രാന്റ്‌സുകള്‍ സംബന്ധിച്ച ഡിമാന്‍ഡുകള്‍ ലോക്‌സഭ ചര്‍ച്ച ചെയ്ത് വോട്ടെടുപ്പ് നടത്തും.

മന്ത്രിമാര്‍ ഔദ്യോഗിക രേഖകള്‍ മേശപ്പുറത്ത് വയ്ക്കും

ഇതിനൊപ്പം നിരവധി കേന്ദ്രമന്ത്രിമാര്‍ സഭയുടെ മേശപ്പുറത്ത് ഔദ്യോഗിക രേഖകള്‍ സമര്‍പ്പിക്കും.എസ് ജയ്ശങ്കര്‍,അര്‍ജുന്‍ ശ്യാം മേഘ്വാള്‍,പ്രതാപ് റാവു ജാതവ്, അനുപ്രിയ പട്ടേല്‍, സഞ്ജസ് സേത്ത് എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

വിദേശ മെഡിക്കല്‍ ഗ്രാജുവേറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രസ്താവന

വിദേശ മെഡിക്കല്‍ ഗ്രാജുവേറ്റ് പരീക്ഷയ്ക്ക് ജിഎസ്ടി ചുമത്തുന്നതുമായി ബന്ധപ്പെട്ട് മുമ്പ് നല്‍കിയ മറുപടി തിരുത്തിക്കൊണ്ട് സഹമന്ത്രി അനുപ്രിയ പട്ടേല്‍ പ്രസ്താവന നടത്തും. കൂടാതെ, മാര്‍ച്ച് 16 ന് ആരംഭിക്കുന്ന ആഴ്ചയിലെ സര്‍ക്കാരിന്റെ നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന പ്രസ്താവന നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ അവതരിപ്പിക്കും.

സ്വകാര്യ അംഗങ്ങളുടെ ബിസിനസും വിവിധ നിയമനിര്‍മ്മാണ നിര്‍ദ്ദേശങ്ങളും

ശേഷം ലോക്‌സഭ സ്വകാര്യ അംഗങ്ങളുടെ ബിസിനസ് പരിഗണിക്കും. കര്‍ഷകര്‍ക്കുള്ള മിനിമം താങ്ങുവില ഉറപ്പ്, ആള്‍ക്കൂട്ടക്കൊല തടയല്‍, മത്സ്യത്തൊഴിലാളികളുടെ ക്ഷേമം, ടൂര്‍ ഓപ്പറേറ്റര്‍മാരുടെ നിയന്ത്രണം, കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം, സ്വകാര്യ മേഖലയിലെ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കുള്ള സംവരണം എന്നിവയുള്‍പ്പെടെ നിരവധി എംപിമാര്‍ നിയമനിര്‍മ്മാണ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എല്‍പിജി ക്ഷാമം: പ്രതിപക്ഷ പ്രതിഷേധം

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി എല്‍പിജി ക്ഷാമം അനുഭവപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള നേതാക്കള്‍ പാര്‍ലമെന്റില്‍ പ്രതിഷേധിച്ചു. ഈ വിഷയത്തില്‍ സഭയില്‍ വിശദമായ ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

ബജറ്റ് സമ്മേളനം ഏപ്രില്‍ 2 വരെ

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഏപ്രില്‍ 2 വരെ തുടരും. ജനുവരി 28 ന് ദ്രൗപതി മുര്‍മുവിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിലെ പ്രസംഗത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ആകെ 65 ദിവസങ്ങളിലായി 30 സിറ്റിങ്ങുകള്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ കാലയളവില്‍ 2026-27 ലെ കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട പ്രധാന നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിഗണിക്കപ്പെടും.