image

2 March 2024 10:33 AM IST

News

കള്ളപ്പണം വെളുപ്പിക്കല്‍ ചട്ടം ലംഘിച്ചെന്ന് ആരോപണം: പേടിഎമ്മിന് പിഴ

MyFin Desk

rbi action against paytm reportedly wont affect payments
X

Summary

  • രണ്ട് വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയ ബിസിനസ് വിഭാഗത്തിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണ് ഇപ്പോള്‍ ചുമത്തിയ പിഴയെന്ന് പേടിഎം
  • പേടിഎം പേയ്‌മെന്റ് ബാങ്കുമായുള്ള നിരവധി കരാറുകള്‍ പേടിഎം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. ഇനി പുതിയ ബാങ്കുകളുമായി സഹകരിച്ച് പേടിഎമ്മിന്റെ ഇടപാടുകള്‍ തുടരാനാണു നീക്കം
  • നിലവിലുള്ള എല്ലാ പേടിഎം ഉപഭോക്താക്കളെയും മറ്റൊരു പേയ്‌മെന്റ് സേവനദാതാവിലേക്ക് മാറ്റും. ഇതിന് 3 മുതല്‍ 6 മാസം വരെ സമയം എടുത്തേക്കും


കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് ഇന്ത്യ (എഫ്‌ഐയു-ഐഎന്‍ഡി) പേടിഎം പേയ്‌മെന്റ് ബാങ്കിന് 5.49 കോടി രൂപ പിഴ ചുമത്തി. മാര്‍ച്ച് 1-ാം തീയതിയാണ് പിഴ ചുമത്തിയ കാര്യം കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചത്.

കേന്ദ്ര ഏജന്‍സികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നടപടി.

ഓണ്‍ലൈന്‍ ചൂതാട്ടം സംഘടിപ്പിക്കുകയും അത് സുഗമമായി നടത്തുകയും ചെയ്യുന്ന ഏതാനും സ്ഥാപനങ്ങളും ആ സ്ഥാപനങ്ങളുടെ ബിസിനസ്സ് ശൃംഖലകളുമായി പേടിഎം പേയ്‌മെന്റ് ബാങ്ക് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കേന്ദ്ര ഏജന്‍സികള്‍ക്കു വിവരം ലഭിച്ചതിനെത്തുടര്‍ന്നാണു സാമ്പത്തിക ഇന്റലിജന്‍സ് യൂണിറ്റ് അന്വേഷണം നടത്തിയതെന്നു ധനമന്ത്രാലയം അറിയിച്ചു.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലഭിച്ച പണം പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ അക്കൗണ്ടിലൂടെ വഴിതിരിച്ചു വിടുകയും ചെയ്‌തെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇത് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമനത്തിന്റെ (പിഎംഎല്‍എ) ലംഘനമാണ്.

നേരത്തേ വിവിധ ചട്ടലംഘനങ്ങളുടെ പേരില്‍ പേടിഎമ്മിനെതിരേ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചിരുന്നു. 2024 ഫെബ്രുവരി 29 ന് ശേഷം പേടിഎം ബാങ്കിന്റെ സേവിംഗ്‌സ്/ കറന്റ് അക്കൗണ്ടുകള്‍, വാലറ്റ്, ഫാസ്ടാഗ് എന്നിവയില്‍ പണം നിക്ഷേപിക്കുന്നത് വിലക്കുകയാണെന്നാണ് ആര്‍ബിഐ പ്രഖ്യാപിച്ചത്. ഇത് പിന്നീട് മാര്‍ച്ച് 15 വരെ നീട്ടുകയും ചെയ്തു.