image

14 March 2024 12:46 PM IST

News

പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് നാളെ അടച്ചുപൂട്ടും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

MyFin Desk

പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് നാളെ അടച്ചുപൂട്ടും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
X

Summary

  • പേടിഎം മാതൃസ്ഥാപനമായ വണ്‍ 97 കമ്മ്യൂണിക്കേഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ എസ്ബിഐ
  • മാര്‍ച്ച് 15ന് ശേഷം ഉപഭോക്താക്കള്‍ക്ക് ടോപ്പ്അപ്പ് അല്ലെങ്കില്‍ അവരുടെ വാലറ്റിലേക്കു പണം ട്രാന്‍സ്ഫര്‍ ചെയ്യല്‍ പോലുള്ള സേവനങ്ങള്‍ ലഭിക്കില്ല
  • ചട്ട ലംഘനം നടത്തിയെന്ന കാരണത്താലാണ് സേവനം അവസാനിപ്പിക്കാന്‍ പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനോട് ആര്‍ബിഐ നിര്‍ദേശിച്ചത്


റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിര്‍ദേശിച്ച പ്രകാരം പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് 2024 മാര്‍ച്ച് 15 മുതല്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കില്ല. അതോടൊപ്പം ക്രെഡിറ്റ് ഇടപാടുകള്‍ പ്രോസസ്സ് ചെയ്യുന്നതടക്കമുള്ള സേവനങ്ങളും പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് നിര്‍ത്തും.

ചട്ട ലംഘനം നടത്തിയെന്ന കാരണത്താലാണ് 2024 ജനുവരി 31 ന് സേവനം അവസാനിപ്പിക്കാന്‍ പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനോട് ആര്‍ബിഐ നിര്‍ദേശിച്ചത്.

ഓഹരി വ്യാപാരത്തിന് മാത്രമായി പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ സേവനങ്ങള്‍ ഉപയോഗിക്കുന്ന നിക്ഷേപകര്‍ക്ക് ബിഎസ്ഇയും (ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്) ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

അടച്ചുപൂട്ടുമ്പോള്‍ എന്ത് മാറ്റമുണ്ടാകും ?

- പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ടിലേക്ക് ഉപഭോക്താക്കള്‍ക്ക് പണം നിക്ഷേപിക്കാന്‍ കഴിയില്ല. എന്നാല്‍ മാര്‍ച്ച് 15-ന് ശേഷവും പണം പിന്‍വലിക്കാനും ട്രാന്‍സ്ഫര്‍ ചെയ്യാനും കഴിയും.

- പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ സാലറി ക്രെഡിറ്റ്, ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫറുകള്‍ അഥവാ സബ്‌സിഡികള്‍ ഇനി മുതല്‍ ലഭിക്കില്ല. എന്നാല്‍ റീഫണ്ട് തുക, ക്യാഷ്ബാക്കുകള്‍ സ്വീകരിക്കാന്‍ അനുവദിക്കും.

- മാര്‍ച്ച് 15ന് ശേഷം ഉപഭോക്താക്കള്‍ക്ക് ടോപ്പ്അപ്പ് അല്ലെങ്കില്‍ അവരുടെ വാലറ്റിലേക്കു പണം ട്രാന്‍സ്ഫര്‍ ചെയ്യല്‍ പോലുള്ള സേവനങ്ങള്‍ ലഭിക്കില്ല. എന്നാല്‍ അക്കൗണ്ടുകളില്‍ ബാലന്‍സ് ഉണ്ടെങ്കില്‍ പേയ്‌മെന്റ്‌സ് നടത്താന്‍ സാധിക്കും.

-മാര്‍ച്ച് 15-ന് ശേഷം പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് നല്‍കുന്ന ഫാസ്ടാഗ് റീചാര്‍ജ് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയില്ല. മറ്റൊരു ബാങ്കിന്റെ ഫാസ്ടാഗിലേക്ക് മാറാന്‍ ദേശീയപാത അതോറിറ്റി പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. ഇല്ലെങ്കില്‍ ടോള്‍ പ്ലാസയിലെത്തുമ്പോള്‍ പെനല്‍റ്റി ഒടുക്കേണ്ടി വരും.

എസ്ബിഐയുമായി സഹകരണം

യുപിഐ പേയ്‌മെന്റ് ഇടപാടുകള്‍ക്കായി പേടിഎം മാതൃസംഘടനയായ വണ്‍ 97 കമ്മ്യൂണിക്കേഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ എസ്ബിഐ തീരുമാനിച്ചു.

പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ച്ച് 15 മുതല്‍ പൂട്ടുവീഴുമെന്നതിനാലാണിത്.

നേരത്തേ ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവരുമായി സഹകരിക്കാന്‍ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ധാരണയിലെത്തിയിരുന്നു.

ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് കമ്പനി

പേടിഎം മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് അതിന്റെ വാര്‍ഷികതലത്തിലുള്ള പ്രകടനങ്ങളുടെ അവലോകനത്തിന്റെ ഭാഗമായി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഉടനീളമുള്ള തൊഴിലാളികളെ വെട്ടിച്ചുരുക്കാന്‍ ഒരുങ്ങുന്നതായി ദേശീയ മാധ്യമമായ മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

എത്ര ജീവനക്കാരെ കുറയ്ക്കുമെന്ന് കൃത്യമായ വിവരം പുറത്തുവന്നിട്ടില്ലെങ്കിലും ടീമിന്റെ വലുപ്പം 20 ശതമാനം വരെ കുറയ്ക്കാന്‍ കമ്പനിയിലെ ചില വകുപ്പുകളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ കമ്പനി പറയുന്നത് പ്രകടനം വിലയിരുത്തുന്നത് പതിവ് നടപടികളുടെ ഭാഗമാണെന്നാണ്. പ്രകടനം വിലയിരുത്തിയ ശേഷം ജോലി വെട്ടിച്ചുരുക്കുന്നത് പതിവാണ്. ഈ പ്രക്രിയയും പിരിച്ചുവിടലും തമ്മില്‍ വ്യത്യാസമുണ്ടെന്നും കമ്പനി പറഞ്ഞു.