image

20 May 2023 11:18 AM GMT

People

ഇന്‍ഫോസിസിലെ ജോലി രാജിവച്ച് കൃഷിപ്പണിയിലേക്ക്; മാസവരുമാനം ഇരട്ടി

MyFin Desk

ഇന്‍ഫോസിസിലെ ജോലി രാജിവച്ച് കൃഷിപ്പണിയിലേക്ക്;  മാസവരുമാനം ഇരട്ടി
X

Summary

  • ഇൻഫോസിസിൽ എത്തിയത് കാമ്പസ് അഭിമുഖത്തിലൂടെ
  • കൊവിഡ് ലോക്ഡൗണിൽ കൃഷിയിലേക്ക്
  • ജപ്പാനിലെ കൃഷിയുടെ സാധ്യതകളെ പറ്റി അറിയുന്നു


മികച്ച വരുമാനം ലഭിക്കുന്ന മേഖലയായി കൃഷി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്‍ഫോസിസിലെ എന്‍ജിനീയറിങ് ജോലി രാജിവച്ച് കൃഷിയിലേക്കു തിരിഞ്ഞ ഒരു തമിഴ്നാട്ടുകാരനുണ്ട് ജപ്പാനില്‍. പേര് വെങ്കിടസാമി വിഘ്നേഷ്. ഇന്ന് ഇന്‍ഫോസിലെ തന്റെ മാസശമ്പളത്തേക്കാള്‍ ഇരട്ടി വരുമാനം കൃഷിയിലൂടെ ഈ യുവാവ് ഉണ്ടാക്കുന്നു.

27കാരനായ വിഘ്നേഷ് നാലുവര്‍ഷം മുമ്പാണ് ഇന്‍ഫോസിസില്‍ ജോലി ആരംഭിക്കുന്നത്. കാമ്പസ് അഭിമുഖത്തിലൂടെയായിരുന്നു സെലക്ഷന്‍ ലഭിച്ചത്. തമിഴ്നാട് കോവില്‍പ്പട്ടിയിലെ കാര്‍ഷിക കുടുംബത്തില്‍ നിന്നുള്ള വിഘ്നേഷിന് ഇന്‍ഫോസിസില്‍ ജോലി ലഭിച്ചത് കുടുംബം വലിയ ആശ്വാസമായാണ് കണ്ടത്. മാന്യമായൊരു സ്ഥിരവരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. എന്നാല്‍ രണ്ടുവര്‍ഷത്തെ ടെക് ജോലിക്ക് ശേഷം കൃഷിയിലേക്ക് ഇറങ്ങാനായിരുന്നു വിഘ്നേഷിന്റെ തീരുമാനം.

കൊവിഡ് തന്ന ആശയം

കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് ജോലി സ്ഥലത്ത് നിന്നും തിരികെ വീട്ടിലേക്ക് എത്തിയതോടെയാണ് കൃഷിയിലേക്ക് തിരിയാനുള്ള മോഹം വിഘ്നേഷിനുണ്ടാകുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് മാതാപിതാക്കളെ കൃഷിയില്‍ സഹായിക്കുന്ന സമയത്താണ് കൃഷിയിലുള്ള സാധ്യത വിഘ്നേഷ് തിരിച്ചറിയുന്നത്. എന്നാല്‍ സ്ഥിര വരുമാനം ലഭിക്കുന്നൊരു ജോലി വിട്ട് കൃഷിയിലേക്ക് ഇറങ്ങാനുള്ള തീരുമാനത്തോട് വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. എന്നാല്‍ ഒടുവില്‍ വിഘ്‌നേഷിന്റെ ഉറച്ച തീരുമാനത്തെ പിന്നീട് രക്ഷിതാക്കളും അനുകൂലിക്കുകയായിരുന്നു.

ഐ.ടി ജോലിക്കപ്പുറമുള്ള സാധ്യതകള്‍ പരിശോധിക്കുമ്പോഴാണ് വിഘ്നേഷ് ജപ്പാനിലെ കൃഷിയുടെ സാധ്യതകളെ പറ്റി അറിയുന്നത്. തുടര്‍ന്ന് ചെന്നൈയിലെ നിഹാന്‍ എജ്യുടെക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ജാപ്പനീസ് ഭാഷയിലും സംസ്‌കാരത്തിലും വേണ്ട പരിശീലനവും വിഘ്നേഷ് നേടി.

വരുമാനം ഇരട്ടി

പ്രായമായവര്‍ ജനസംഖ്യയില്‍ കൂടുതലുള്ളതും ജനങ്ങള്‍ക്കിടയില്‍ കൃഷിയോടുള്ള താല്‍പ്പര്യക്കുറവും കാരണം ജപ്പാനില്‍ കര്‍ഷകര്‍ക്ക് വലിയ ഡിമാന്‍ഡാണ്. കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ജപ്പാനിലേക്ക് പോയ വിഘ്‌നേഷ് അവിടെ വഴുതന ഫാമിലാണ് ജോലി ചെയ്യുന്നത്. ഇന്‍ഫോസിസില്‍ മാസത്തില്‍ 40,000 രൂപയാണ് വിഘ്നേഷിന് ശമ്പളമായി ലഭിച്ചിരുന്നത്. ജപ്പാനില്‍ കൃഷിപ്പണിക്ക് രണ്ടുവര്‍ഷത്തിന് ശേഷം വിഘ്നേഷിന് 80,000 രൂപ പ്രതിമാസം ലഭിക്കുന്നു.

കൂടാതെ കമ്പനി ക്വാര്‍ട്ടേഴ്സില്‍ സൗജന്യമായി താമസവും ലഭിക്കുന്നു. വിളകളുടെ പരിചരണവും വിളവെടുപ്പും വൃത്തിയാക്കലും സംസ്‌കരണവും അടക്കമുള്ള ജോലികളാണ് ഫാമില്‍ വിഘ്നേഷ് ചെയ്യുന്നത്. ജോലിയുടെ വലിയൊരു ഭാഗം യന്ത്രവല്‍ക്കരിക്കപ്പെട്ടതിനാല്‍ കൈകൊണ്ട് ചെയ്യുന്ന ജോലി വളരെ കുറവാണെന്ന് അദ്ദേഹം പറയുന്നു. നാല് വര്‍ഷം കൂടി ജപ്പാനില്‍ നിന്ന ശേഷം ഇന്ത്യയിലേക്ക് മടങ്ങാനാണ് വിഘ്നേഷിന്റെ പ്ലാന്‍.

നാട്ടില്‍ ജപ്പാനീസ് കൃഷി

ജപ്പാനില്‍ ഉപയോഗിക്കുന്ന നൂതനമായ സാങ്കേതികവിദ്യയും കൃഷിയെ പറ്റിയുള്ള സ്വന്തം ആശയങ്ങളും ഉള്‍പ്പെടുത്തി സ്വന്തമായൊരു കമ്പനി നാട്ടില്‍ ആരംഭിക്കുകയാണ് വിഘ്നേഷിന്റെ അടുത്ത ലക്ഷ്യം.

നല്ല വരുമാനമുള്ള ജോലിയിലേക്ക് മാറിയതോടെ വിഘ്നേഷിന്റെ കുടുംബം ഇപ്പോള്‍ സന്തോഷത്തിലാണ്. കാര്‍ഷിക ജോലി ചെയ്യുമ്പോഴും ഇന്‍ഫോസിസിലെ ശമ്പളത്തേക്കാള്‍ സമ്പാദിക്കുന്നുണ്ടെന്നതിനാല്‍ വീട്ടുകാര്‍ സന്തോഷത്തിലാണെന്നു വിഘ്നേഷ് പറയുന്നു.