image

7 Dec 2022 8:47 AM GMT

Business

ചക്ക സ്‌നേഹം സംരംഭത്തിലേക്കുള്ള വഴി തുറന്നു, മുജീബ് നേടുന്നത് ലക്ഷങ്ങള്‍

MyFin Bureau

ചക്ക സ്‌നേഹം സംരംഭത്തിലേക്കുള്ള വഴി തുറന്നു, മുജീബ് നേടുന്നത് ലക്ഷങ്ങള്‍
X

Summary

  • ഒരു രൂപ പോലും ചെലവില്ലാതെ, വീട്ടു പറമ്പില്‍നിന്ന് ലഭിച്ച ചക്കയില്‍നിന്ന് തുടങ്ങിയ സംരംഭത്തിന്റെ വിജയകഥ
  • നിലവില്‍ ചക്ക ഉല്‍പ്പന്നങ്ങള്‍ വിപണിയിലത്തിക്കുന്നതിലൂടെ 30 ഓളം പേര്‍ക്കാണ് പരോക്ഷമായും പ്രത്യക്ഷമായും മുജീബ് തൊഴില്‍ നല്‍കുന്നത്.
  • പ്രതിമാസം 12 ലക്ഷം രൂപയുടെ വരുമാനവും ഇദ്ദേഹത്തിനുണ്ട്.



പ്രവാസ ജീവിതത്തില്‍നിന്നൊരു മാറ്റം, കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ മുജീബ് സംരംഭത്തെ കുറിച്ച് ചിന്തിക്കാന്‍ കാരണമിതായിരുന്നു. പിന്നീട്, എന്ത് തുടങ്ങുമെന്ന് ആലോചിച്ചപ്പോള്‍ തന്റെ വീട്ടുമുറ്റത്ത് നിന്ന് തന്നെ അതിനുള്ള ഉത്തരവും ലഭിച്ചു, അതും തന്റെ ഇഷ്ടപ്പെട്ട ചക്കയില്‍നിന്ന് തന്നെ. ഒരു രൂപ പോലും മുതല്‍മുടക്കില്ലാതെ ആരംഭിച്ച, മുജീബിന്റെ ചക്കയുല്‍പ്പന്ന ഉല്‍പ്പാദന സംരംഭം ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രശസ്തമാവുകയും ചെയ്തു.


40 ഓളം രുചിയൂറും ഉല്‍പ്പന്നങ്ങള്‍



സംരംഭത്തിന്റെ ആരംഭത്തില്‍ ചക്കപ്പൊടി മാത്രമായിരുന്നു മുജീബ് കാച്ചൂസ് എന്ന സ്ഥാപനത്തിലൂടെ വിപണിയിലെത്തിച്ചത്. എന്നാല്‍ ഇപ്പോള്‍ ചക്കയില്‍നിന്ന് കേക്ക്, ലഡു, കാപ്പി, അലുവ തുടങ്ങി 40 ഓളം ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ചക്ക വീട്ടുമുറ്റത്തുനിന്നും അയല്‍പക്കത്തുനിന്നും സുലഭമായി ലഭിച്ചതിനാല്‍ തുടക്കത്തില്‍ യാതൊരുവിധ നിക്ഷേപവും വേണ്ടി വന്നില്ലെന്ന് മുജീബ് പറയുന്നു. തുടക്കത്തില്‍ വീട്ടുപറമ്പില്‍നിന്ന് ലഭിക്കുന്ന ചക്കകളായിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് അയല്‍പക്കത്തുനിന്നും സമീപ പ്രദേശങ്ങളില്‍നിന്നും ചക്ക വാങ്ങിത്തുടങ്ങി. പിന്നീട് ലഭിച്ച വരുമാനത്തില്‍നിന്നും ചെറിയ രീതിയില്‍ മെഷീനുകളും മറ്റും വാങ്ങി സംരംഭം വിപുലീകരിച്ചു. ഒപ്പം ഉല്‍പ്പന്നങ്ങളുടെ എണ്ണവും കൂട്ടി, വരുമാനവും വര്‍ധിപ്പിച്ചു.

ഏവര്‍ക്കും സുലഭമായി ലഭിക്കുന്ന, ആരും തിരിഞ്ഞുനോക്കാത്ത ചക്ക ഉല്‍പ്പന്ന ഉല്‍പ്പാദന രംഗത്ത് ചുവടുവെച്ചപ്പോള്‍ മുജീബ് തന്റെ വിജയവഴി കണ്ടെത്തുകയും ചെയ്തു. ഇപ്പോള്‍ കേരളത്തിന് പുറമെ വിദേശരാജ്യങ്ങളില്‍ പോലും മുജീബ് ചക്ക ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഇതിനുപുറമെ പ്രദര്‍ശനവിപണന മേഖലകളിലും സജീവസാന്നിധ്യമായതോടെ കൂടുതല്‍പേര്‍ കാച്ചൂസ് എന്ന സ്ഥാപനത്തെയും അതിന്റെ ഉല്‍പ്പന്നങ്ങളെയും അറിയുകയും ചെയ്തു.



നിലവില്‍ ചക്ക ഉല്‍പ്പന്നങ്ങള്‍ വിപണിയിലത്തിക്കുന്നതിലൂടെ 30 ഓളം പേര്‍ക്കാണ് പരോക്ഷമായും പ്രത്യക്ഷമായും മുജീബ് തൊഴില്‍ നല്‍കുന്നത്. പ്രതിമാസം 12 ലക്ഷം രൂപയുടെ വരുമാനവും ഇദ്ദേഹത്തിനുണ്ട്.