image

6 March 2023 9:44 AM GMT

People

സമൂസ വിറ്റ് 45 കോടി വരുമാനം; ഈ ഹരിയാന ദമ്പതികള്‍ പൊളിയാണ്

Sabeena T K

samosa success
X

Summary

  • 2017ല്‍ സമൂസ സിങ്ങ് എന്ന സ്ഥാപനത്തിനായി ജോലി രാജിവെക്കുമ്പോള്‍ പ്രതിവര്‍ഷം മുപ്പത് ലക്ഷം രൂപയായിരുന്നു നിധിയുടെ ശമ്പളം.
  • പ്രതിമാസം ഏകദേശം 30,000 സമൂസകള്‍ വില്‍ക്കുന്നുണ്ട്.


ചായക്കൊപ്പം ചെറുകടികള്‍ കഴിക്കാത്തവരില്ല. ഓരോ നാടിനും അതിന്റേതായ ഭക്ഷണങ്ങളും പലഹാരങ്ങളുമുണ്ട്. എന്നാല്‍ ഇന്ത്യയില്‍ എല്ലായിടത്തും ഒരുപോലെ പ്രിയമുള്ള ഒരു പലഹാരമാണ് സമൂസ. വെറും പത്തോ ഇരുപതോ രൂപ മാത്രം വിലയുള്ള ഈ പലഹാരം ആളുകള്‍ ചോദിച്ചുവാങ്ങി കഴിക്കും. ബോംബെ സമൂസ മുതല്‍ മലബാര്‍ സമൂസ വരെ പലവിധ വെറൈറ്റികള്‍. ആളുകളുടെ ഈ സമൂസ പ്രിയം മനസില്‍ പതിഞ്ഞ ഒരു യുവാവും അയാളുടെ ജീവിതപങ്കാളിയും സമൂസ വിറ്റ് ഇന്ന് നേടുന്നത് 45 കോടി രൂപയുടെ വരുമാനമാണ്.



പ്രണയവും കരിയറും

ഹരിയാന സ്വദേശികളാണ് നിധി സിങ്ങും ശിഖര്‍വീര്‍ സിങ്ങും. കുരുക്ഷേത്ര സര്‍വ്വകലാശാലയില്‍ ബിരുദവിദ്യാര്‍ത്ഥിയായിരിക്കെയാണ് നിധിയെ കണ്ടുമുട്ടുന്നത്. ക്ലാസ്‌മേറ്റ്‌സ് ആയിരുന്ന ഇരുവരും അഞ്ച് വര്‍ഷത്തോളം പരസ്പരം പ്രണയിച്ച ശേഷം ജോലി നേടാനായി പരിശ്രമിച്ചു.എന്നാല്‍ ഉന്നത പഠനം വേണമെന്ന നിധിയുടെ നിര്‍ബന്ധത്തില്‍ ശിഖര്‍ ഹൈദരാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സില്‍ നിന്ന് ബയോടെക്‌നോളജിയില്‍ എംടെക് നേടി . ഗോള്‍ഡ് മെഡലോടെ പഠിച്ചിറങ്ങിയ ശിഖര്‍ ബംഗളൂരുവിലെ ബയോകോണില്‍ ആര്‍ ആന്‍ഡ് ഡി സയന്റിസ്റ്റായി ചേര്‍ന്നു. 2015 വരെ അവിടെ ജോലി ചെയ്തു. അതിനിടെ, ഗുരുഗ്രാമിലെ ഓഫീസുള്ള യുഎസ് ആസ്ഥാനമായുള്ള ഫാര്‍മ കമ്പനിയില്‍ നിധി ജോലി നേടി. കമ്മ്യൂണിക്കേഷനും സെയില്‍സുമായിരുന്നു ചുമതല. 17000 രൂപയായിരുന്നു ആദ്യശമ്പളം. ബിസിനസ് ഡവലപ്പ്‌മെന്റ് അസോസിയേറ്റ് ആയി ജോലി ചെയ്യുന്നതിനിടെ ഒരു വര്‍ഷം കൊണ്ട് തന്നെ മൂന്ന് പ്രമോഷന്‍ നേടി . ബെല്‍ജിയം അടക്കമുള്ള രാജ്യങ്ങളിലേക്ക് നിധിയെ കമ്പനി നിയോഗിച്ചതോടെ സെയില്‍സ് സ്ട്രാറ്റജിയില്‍ അവര്‍ അതിവേഗം വിദഗ്ധയായി. രണ്ട് വര്‍ഷം കൊണ്ട് നാലുപാസ്‌പോര്‍ട്ടുകള്‍ സ്റ്റാമ്പ് ചെയ്തിരുന്നു. 2017ല്‍ സമൂസ സിങ്ങ് എന്ന സ്ഥാപനത്തിനായി ജോലി രാജിവെക്കുമ്പോള്‍ പ്രതിവര്‍ഷം മുപ്പത് ലക്ഷം രൂപയായിരുന്നു നിധിയുടെ ശമ്പളം.



സമൂസ സ്വപ്നം

ശിഖറിന് പഠന കാലത്ത് തന്നെ സമൂസ വില്‍പ്പനയുടെ സാധ്യതകളെ കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. ഇരുവരും സൗഹൃദ യാത്രകളില്‍ എവിടെ പോയിരുന്നാലും ശിഖര്‍ ചായക്കടകളിലും മാളുകളിലുമൊക്കെ പൊതുവായി ആളുകള്‍ കഴിക്കുന്നത് സമൂസയാണെന്ന് നിധിയെ പലപ്പോഴും ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടിരുന്നു.. ബയോടെക്‌നോളജി കോഴ്‌സ് കഴിഞ്ഞ അവസരത്തില്‍ താന്‍ സമൂസ വില്‍ക്കാനായി ബിസിനസ് ആരംഭിച്ചാലോ എന്ന് ശിഖര്‍ നിധിയോട് ചോദിച്ചു. എന്നാല്‍ വെറുമൊരു സമൂസ ബിസിനസുകാരനായാല്‍ തന്നെ പിതാവ് വിവാഹം കഴിച്ചുതരില്ലെന്നും ഗവേഷകനാകുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കാനും നിധി പറഞ്ഞു. അങ്ങിനെയാണ് ശിഖര്‍ കാമുകിക്ക് വേണ്ടി എംടെക് പൂര്‍ത്തിയാക്കുന്നത്.

മികച്ച ശമ്പളത്തില്‍ ജോലിക്ക് കയറിയ ശേഷവും ലോകത്തിന്റെ പലകോണുകളില്‍ ബിസിനസ് മീറ്റിങ്ങുകള്‍ക്ക് വേണ്ടി പറന്നു നടക്കുന്ന നിധിയെ സമയബോധമില്ലാതെ ശിഖര്‍ ഫോണ്‍ ചെയ്തിരുന്നത് സമൂസ വില്‍പ്പനയെ കുറിച്ചും അതിന്റെ സാധ്യതകളെ ബോധ്യപ്പെടുത്താനും വേണ്ടിയായിരുന്നു. അത്യാവശ്യങ്ങള്‍ക്കല്ലാതെ സമൂസയെ കുറിച്ച് സംസാരിക്കാന്‍ ഇത്തരം സമയങ്ങളില്‍ വിളിക്കരുതെന്ന നിധിയുടെ താക്കീതിനെ തുടര്‍ന്ന് അവന്‍ ഇക്കാര്യം അവളെ നേരിട്ട് ബോധ്യപ്പെടുത്താന്‍ തീരുമാനിച്ചുവെന്ന് നിധി പറയുന്നു.

എന്നാല്‍ ഈ മനുഷ്യന്‍ എന്നെ സമൂസ ബിസിനസിന്റെ സാധ്യതകള്‍ ബോധ്യപ്പെടുത്താന്‍ ഗുരുഗ്രാമില്‍ വരെ നേരിട്ടെത്തി. ഞങ്ങള്‍ പിവിആര്‍, ഗോള്‍ഡ് ക്ലാസ്സില്‍ ഡൈ ഹാര്‍ഡ് കാണാന്‍ പോയി. മെനുവില്‍ ആദ്യം വന്നത് സമൂസയാണ്.അന്ന് മുതല്‍ അവന്‍ എന്നെ എല്ലായിടത്തും സമൂസ കാണിച്ചു. എയര്‍പോര്‍ട്ടില്‍ വെച്ച്, ഫുഡ് കോര്‍ട്ടില്‍ വില്‍ക്കുന്ന മറ്റെല്ലാ പലഹാരങ്ങളും നോക്കി സമൂസയ്ക്കായി കരയുന്ന ഒരു കൊച്ചുകുട്ടിയെ അദ്ദേഹം എന്നെ കാണിച്ചു തന്നു.അങ്ങിനെയാണ് സമൂസ വില്‍പ്പനയെന്ന ശിഖറിന്റെ സ്വപ്‌നത്തിന് പിറകെ പോകാന്‍ നിധിയും തീരുമാനിക്കുന്നത്.

സംരംഭം തുടങ്ങുന്നു

വിവാഹശേഷം ഇരുവരും ബംഗളൂരുവിലേക്ക് മാറി. 2015 ഒക്ടോബറില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബയോടെക് സ്ഥാപനങ്ങളിലൊന്നായ ബയോകോണിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ജോലി ഉപേക്ഷിച്ച് സമോസ സിംഗിന്റെ ആദ്യ ഔട്ട്ലെറ്റ് ബംഗളൂരുവില്‍ ആരംഭിച്ചു.


ഫെബ്രുവരി 2016.

ഇതിന് ശേഷമാണ് സമൂസ കിങ് ആരംഭിക്കാനുള്ള പരീക്ഷണങ്ങള്‍ ശിഖര്‍ ആരംഭിക്കുന്നത്. സമൂസയില്‍ വേറിട്ട ഉല്‍പ്പന്നം വികസിപ്പിക്കാനായി പല പരീക്ഷണങ്ങളും നടത്തി. സമൂസ തോല്‍ കൂടുതല്‍ മാര്‍ദ്ദവ്വമുള്ളതാക്കാനും മറ്റും മാവ് വ്യത്യസ്തമായ ചേരുവകളാല്‍ വികസിപ്പിച്ചു. തങ്ങളുടെ ബ്രാന്റ് തിരിച്ചറിയാനായി സമൂസയുടെ ആകൃതിയും മാറ്റിയിരുന്നുവെന്ന് ശിഖര്‍ പറയുന്നു. ബട്ടര്‍ ചിക്കനോ കടായി പനീറോ പോലുള്ള ഫില്ലിങ്ങുകളൊക്കെ വേറിട്ട രുചിയോടെ തയ്യാറാക്കി. രണ്ട് തൊഴിലാളികളെ ഈ സമയം ജോലിക്ക് വെച്ചിരുന്നു. ഇവരാണ് പിന്നീട് പ്രൊഡക്ഷന്‍ മേധാവികളായി തങ്ങളൊടൊപ്പം ഇപ്പോഴും തുടരുന്നതെന്ന് ശിഖര്‍ പറയുന്നു.

സംരംഭത്തിനായി സ്വന്തം പ്രൊഡക്ഷന്‍ യൂനിറ്റ് ആരംഭിക്കാനായി മുതല്‍മുടക്ക് വേണമായിരുന്നു . പണം കണ്ടെത്താനായി ഇരുവരും യെലഹങ്ക എയര്‍പോര്‍ട്ടിന് സമീപം വാങ്ങിയ ഫ്‌ളാറ്റ് വില്‍ക്കുകയായിരുന്നു. ആഡംബര സൗകര്യങ്ങളുള്ള ആ ഫ്‌ളാറ്റ് സ്വന്തമാക്കിയ ശേഷം വെറും ഒരു ദിവസമാണ് താമസിച്ചതെന്ന് നിധി പറയുന്നു. ഫ്‌ളാറ്റ് വിറ്റ് കിട്ടിയ 80 ലക്ഷം മുടക്കി ആദ്യത്തെ പ്രൊഡക്ഷന്‍ യൂനിറ്റ് ആരംഭിച്ചു. ശേഷം സെയില്‍സിലും മറ്റും നിധി കൂടി ജോലി രാജിവെച്ച് ചേര്‍ന്നതോടെ സംരംഭം സജീവമായി. ഇന്ന് എട്ട് നഗരങ്ങളിലായി 50 ഓളം ക്ലൗഡ് കിച്ചണുകളുണ്ട്.ബംഗളൂരുവില്‍ ഓട്ടോമേറ്റഡ് ഫാക്ടറിയുണ്ടെന്നും നടപ്പ് സാമ്പത്തിക വര്‍ഷം 45 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവെന്ന് ഇരുവരുംപറയുന്നു. പ്രതിമാസം ഏകദേശം 30,000 സമൂസകള്‍ വില്‍ക്കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കാനായി ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമങ്ങളിലാണ് ഇരുവരും.