image

20 Jun 2023 11:09 AM IST

News

മോദിയുടെ യുഎസ് സന്ദര്‍ശനം: അത്താഴം സസ്യങ്ങളെ അടിസ്ഥാനമാക്കിയത്, വിനോദത്തിന് വയലിനിസ്റ്റ് ജോഷ്വാ ബെല്ലും

Antony Shelin

മോദിയുടെ യുഎസ് സന്ദര്‍ശനം: അത്താഴം സസ്യങ്ങളെ അടിസ്ഥാനമാക്കിയത്, വിനോദത്തിന് വയലിനിസ്റ്റ് ജോഷ്വാ ബെല്ലും
X

Summary

  • ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും വിരുന്നൊരുക്കുന്നത് 22-ാം തീയതിയാണ്
  • കാലിഫോര്‍ണിയയിലെ സാക്രമെന്റോയില്‍ നിന്നുള്ള സസ്യാധിഷ്ഠിത ഷെഫ് നീന കര്‍ട്ടിസ് അത്താഴമൊരുക്കാന്‍ എത്തും
  • സെമി കണ്ടക്ടര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം എന്നിവയിലെ സഹകരണവും ഇരുനേതാക്കള്‍ ചര്‍ച്ച ചെയ്യും


ലോകം ആകാംഷയോടെ ഉറ്റുനോക്കുന്ന രണ്ട് രാഷ്ട്രത്തലവന്‍മാരുടെ കൂടിക്കാഴ്ചയ്ക്ക് വേദിയാവുകയാണ് വാഷിംഗ്ടണ്‍. ജൂണ്‍ 22-ാം തീയതി വ്യാഴാഴ്ച വാഷിംഗ്ടണില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യാന്‍ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും തയ്യാറെടുക്കുമ്പോള്‍ വൈറ്റ് ഹൗസില്‍ ഒരുക്കങ്ങള്‍ തകൃതിയാണ്.

കാലിഫോര്‍ണിയയിലെ സാക്രമെന്റോയില്‍ നിന്നുള്ള സസ്യാധിഷ്ഠിത ഷെഫ് (plant-based chef ) നീന കര്‍ട്ടിസ് അത്താഴമൊരുക്കാന്‍ എത്തും. അദ്ദേഹം വൈറ്റ് ഹൗസിലെ എക്‌സിക്യൂട്ടീവ് ഷെഫ് ക്രിസ് കോമര്‍ഫോര്‍ഡ്, വൈറ്റ് ഹൗസ് എക്‌സിക്യൂട്ടീവ് പേസ്ട്രി ഷെഫ് സൂസി മോറിസണ്‍ എന്നിവരോടൊപ്പം ചേര്‍ന്ന് വിഭവങ്ങള്‍ തയാറാക്കും.

യുഎസ്സില്‍ ഇന്ത്യന്‍ വിഭവങ്ങള്‍ ജനപ്രീതിയാര്‍ജ്ജിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇപ്രാവിശ്യം അത്താഴ വിരുന്നില്‍ പ്രത്യേകതകള്‍ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്. അത്താഴ വിരുന്നിനൊപ്പം ഗ്രാമി അവാര്‍ഡ് ജേതാവും വയലിനിസ്റ്റുമായ ജോഷ്വാ ബെല്ലിന്റെ സംഗീതമേളവുമുണ്ടാകും.

യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും വൈറ്റ് ഹൗസില്‍ വിരുന്നൊരുക്കുന്നത് 22-ാം തീയതി വ്യാഴാഴ്ചയാണ്. അന്ന് രാത്രി മോദി താമസിക്കുന്നതും വൈറ്റ് ഹൗസിലായിരിക്കും.

യുഎസ് പ്രസിഡന്റായതിനു ശേഷം ജോ ബൈഡന്‍ ഒരുക്കുന്ന മൂന്നാമത്തെ സ്‌റ്റേറ്റ് ഡിന്നറായിരിക്കും ഇത്. ആദ്യത്തെ സ്‌റ്റേറ്റ് ഡിന്നര്‍ ഒരുക്കിയത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനു വേണ്ടിയായിരുന്നു. രണ്ടാമത്തേത് ദക്ഷിണ കൊറിയയുടെ സുക് യോളിനു വേണ്ടിയും.

മോദിയുടെ സന്ദര്‍ശനത്തിലൂടെ ഇന്ത്യയ്ക്ക് നൂതന സാങ്കേതികവിദ്യ അമേരിക്ക കൈമാറിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ കൈമാറ്റം ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു പുതിയ ബന്ധത്തെ സൂചിപ്പിക്കുന്നതായിരിക്കും. ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന ആഗോള സ്വാധീനത്തിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് യുഎസ് നടത്തുന്നത്. ഇതിന് ഇന്ത്യയുടെ സഹായം വളരെ അത്യന്താപേക്ഷിതമാണ്. അതുകൊണ്ടു തന്നെ ആഗോള രാഷ്ട്രീയം മാത്രമല്ല, ബിസിനസ്, സാമ്പത്തിക തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനായിരിക്കും ശ്രമിക്കുക. 31 സായുധ ഡ്രോണുകള്‍ (MQ-9B Sea and Sky Guardian drones ) ഇന്ത്യ വാങ്ങുന്നത് ഈ പശ്ചാത്തലത്തില്‍ ഒരു പ്രധാന ചുവടുവയ്പ്പായി കണക്കാക്കപ്പെടുന്നുണ്ട്. മൂന്ന് ബില്യന്‍ ഡോളറിന്റേതാണ് ഇടപാട്. ആദ്യ ബാച്ചില്‍ 10 ഡ്രോണുകളായിരിക്കും ഇന്ത്യയ്ക്ക് ലഭിക്കുക. യുഎസ് സന്ദര്‍ശന വേളയില്‍ ഇതു സംബന്ധിച്ച കരാറില്‍ മോദി ഒപ്പുവയ്ക്കും.

സെമി കണ്ടക്ടര്‍, സൈബര്‍ സ്‌പേസ്, എയ്‌റോ സ്‌പേസ്, സ്ട്രാറ്റജിക് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, വാണിജ്യ ബഹിരാകാശ പദ്ധതികള്‍, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം എന്നിവയിലെ സഹകരണവും ഇരുനേതാക്കള്‍ തമ്മില്‍ ചര്‍ച്ച ചെയ്യും.

യുഎസ് സന്ദര്‍ശന വേളയില്‍ മോദി യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നുണ്ട്. ഇത് രണ്ടാം തവണയാണ് മോദി യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുക.