image

29 Jun 2024 1:09 PM IST

News

മോദി റഷ്യയിലേക്ക്; എസ് സി ഒ ഉച്ചകോടിയില്‍ പങ്കെടുക്കില്ല

MyFin Desk

മോദി റഷ്യയിലേക്ക്; എസ് സി ഒ   ഉച്ചകോടിയില്‍ പങ്കെടുക്കില്ല
X

Summary

  • കസാക്കിസ്ഥാനിലെ അസ്താനയിലാണ് ഉച്ചകോടി
  • ഉച്ചകോടിയുടെ വിജയത്തിന് ഇന്ത്യയുടെ പൂര്‍ണ പിന്തുണ പ്രധാനമന്ത്രി മോദി അറിയിച്ചു


ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്സിഒ) വാര്‍ഷിക ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഴിവാക്കി. അടുത്തയാഴ്ച അസ്താനയിലാണ് ഉച്ചകോടി നടക്കുന്നത്. പ്രധാനമന്ത്രിക്കുപകരം വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ സമ്മിറ്റില്‍ പങ്കെടുക്കും.

അതേസമയം അഞ്ച് വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി റഷ്യ സന്ദര്‍ശിക്കും.ജൂലൈ 8 മുതല്‍ 9 വരെയാകും സന്ദര്‍ശനം. തുടര്‍ന്ന് അദ്ദേഹം ഓസ്ട്രിയയിലേക്കാകും പോകുക.

റഷ്യയിലേക്കും ഓസ്ട്രിയയിലേക്കും ദ്വിരാഷ്ട്ര സന്ദര്‍ശനം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്ന സാഹചര്യത്തിലാണ് എസ്സിഒ ഉച്ചകോടി ഒഴിവാക്കാന്‍ മോദി തീരുമാനിച്ചതെന്നാണ് വിവരം. മോദിയുടെ ഇരു രാജ്യങ്ങളും സന്ദര്‍ശനം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

ജൂലൈ 3, 4 തീയതികളില്‍ നടക്കുന്ന എസ്സിഒ ഉച്ചകോടി പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളിലും കണക്റ്റിവിറ്റിയും വ്യാപാരവും വര്‍ധിപ്പിക്കുന്നതിനുള്ള വഴികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് എസ്സിഒ ഉച്ചകോടിയിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍

മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ സാഹചര്യം, ഉക്രെയ്ന്‍ സംഘര്‍ഷം, എസ്സിഒ അംഗരാജ്യങ്ങളുടെ മൊത്തത്തിലുള്ള സുരക്ഷാ സഹകരണം എന്നിവ ഉച്ചകോടിയില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യ, ചൈന, റഷ്യ, പാക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവ ഉള്‍പ്പെടുന്ന എസ്സിഒ ഏറ്റവും വലിയ പ്രാദേശിക അന്തര്‍ദേശീയ സംഘടനകളിലൊന്നായി ഉയര്‍ന്നുവന്ന സ്വാധീനമുള്ള സാമ്പത്തിക, സുരക്ഷാ കൂട്ടായ്മയാണ്.

സാധാരണയായി ഇന്ത്യന്‍ പ്രധാനമന്ത്രി എസ് സി ഒ ഉച്ചകോടിയില്‍ പങ്കെടുക്കാറുണ്ട്.

ചൊവ്വാഴ്ച നടത്തിയ ഫോണ്‍ സംഭാഷണത്തില്‍, ഉച്ചകോടിയുടെ വിജയത്തിന് ഇന്ത്യയുടെ പൂര്‍ണ പിന്തുണ പ്രധാനമന്ത്രി മോദി കസാക്കിസ്ഥാന്‍ പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവിനെ അറിയിച്ചിരുന്നു. ഗ്രൂപ്പിംഗിന്റെ നിലവിലെ ചെയര്‍ എന്ന നിലയില്‍ കസാക്കിസ്ഥാന്‍ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നു.

സുരക്ഷ, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രത്യേകമായി കൈകാര്യം ചെയ്യുന്ന എസ്സിഒയുമായും അതിന്റെ റീജിയണല്‍ ആന്റി ടെററിസം സ്ട്രക്ചര്‍ (ആര്‍എടിഎസ്)യുമായും സുരക്ഷയുമായി ബന്ധപ്പെട്ട സഹകരണം ശക്തമാക്കുന്നതില്‍ ഇന്ത്യ അതീവ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.