29 Nov 2023 2:35 PM IST
Summary
- രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ്, കര്‍ണാടക, തമിഴ്നാട് എന്നീസംസ്ഥാനങ്ങള്‍ ജാഗ്രതയില്‍
- സീസണല്‍ ഫ്‌ളൂ മരണകാരണമായേക്കാം
- ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേക നിര്‍ദ്ദേശം
ചൈനയില്‍ കുട്ടികള്‍ക്കിടയില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാനുള്ള കേന്ദ്രത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ്, കര്‍ണാടക, തമിഴ്നാട് എന്നി അഞ്ച് സംസ്ഥാനങ്ങള്‍ ജാഗ്രതയിലാണ്. നിലവില്‍ സ്ഥിതി അത്ര ഭയാനകമല്ലെന്നും ഇത് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.
കര്‍ണാടക ആരോഗ്യവകുപ്പ് പൗരന്മാര്‍ക്ക് രോഗങ്ങളുമായി ബന്ധപ്പെട്ട് സീസണല്‍ പനിയെ കുറിച്ച് ബോധവാന്മാരാകാന്‍ നിര്ജദ്ദേശം നല്‍കി. അതനുസരിച്ച്, സീസണല്‍ ഫ്‌ളൂ ഒരു പകര്‍ച്ചവ്യാധിയാണ്. ഇത് സാധാരണയായി അഞ്ച് മുതല്‍ ഏഴ് ദിവസം വരെ നീണ്ടുനില്‍ക്കും. മരണം വരെ സംഭവിക്കാം.
ശിശുക്കള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, സ്റ്റിറോയിഡുകള്‍ പോലുള്ള ദീര്‍ഘകാല മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിവര്‍ക്ക് ഇത് ഉയര്‍ന്ന അപകടസാധ്യത നല്‍കുന്നു.
രോഗലക്ഷണങ്ങള്‍
പനി, വിറയല്‍, അസ്വാസ്ഥ്യം, വിശപ്പില്ലായ്മ, ഓക്കാനം, തുമ്മല്‍, ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളില്‍ മൂന്നാഴ്ച വരെ നീണ്ടുനില്‍ക്കുന്ന വരണ്ട ചുമ എന്നിവയാണ് ലക്ഷണങ്ങള്‍.
രാജസ്ഥാനിലെ മെഡിക്കല്‍, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് അതിന്റെ ജീവനക്കാരോട് ജാഗ്രത പാലിക്കാനും ദ്രുത പ്രതികരണ ടീമുകളെ രൂപീകരിക്കാനും നിര്‍ദ്ദേശിച്ചു. രോഗം തടയുന്നതിനും ചികിത്സിക്കുന്നതിനുമായി ഒരു കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
നിലവില്‍ സ്ഥിതിഗതികള്‍ ആശങ്കാജനകമല്ലെന്നും എന്നാല്‍ സംസ്ഥാനത്തുടനീളമുള്ള പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും നിരീക്ഷണത്തിനുമായി മെഡിക്കല്‍ സ്റ്റാഫ് പൂര്‍ണ്ണ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് രാജസ്ഥാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശുഭ്ര സിംഗ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
രോഗം തടയുന്നതിനും ചികിത്സിക്കുന്നതിനുമായി മൂന്ന് ദിവസത്തിനകം കര്‍മ്മ പദ്ധതി തയ്യാറാക്കാനും സിംഗ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഉത്തരാഖണ്ഡ് ആരോഗ്യ സെക്രട്ടറി ഡോ.ആര്‍.രാജേഷ് കുമാറും ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കുട്ടികളില്‍ ന്യുമോണിയയുടെയും ഇന്‍ഫ്‌ലുവന്‍സയുടെയും ലക്ഷണങ്ങള്‍ നിരീക്ഷിക്കാന്‍ അദ്ദേഹം മെഡിക്കല്‍ ടീമുകളോട് ആവശ്യപ്പെട്ടു.
ഗുജറാത്ത് സര്‍ക്കാര്‍ ഒരു സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്. അതില്‍ എല്ലാ ആശുപത്രികളും ജാഗ്രത പാലിക്കാന്‍ ഉത്തരവിട്ടു. ചൈനയില്‍ പടരുന്ന വൈറസ് കണക്കിലെടുത്ത് സര്‍ക്കാര്‍ നടത്തുന്ന ആശുപത്രികള്‍ വീണ്ടും ഒരുക്കങ്ങള്‍ ആരംഭിച്ചതായി അഹമ്മദാബാദ് സിവില്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോക്ടര്‍ രാകേഷ് ജോഷി പറഞ്ഞു.
തമിഴ്നാട് ഡയറക്ടര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് പ്രിവന്റീവ് മെഡിസിന്‍ സംസ്ഥാനത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കായി നിരീക്ഷണം ശക്തമാക്കാന്‍ ആരോഗ്യവകുപ്പിന് മുന്നറിയിപ്പ് നല്‍കി. രോഗ നിരീക്ഷണം വര്‍ധിപ്പിക്കുന്നതിനൊപ്പം രോഗികളെ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ശക്തമാക്കാനും ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ വടക്കന്‍ ചൈനയില്‍ മാസ്‌ക് വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഫെയ്‌സ് മാസ്‌ക് ധരിച്ചശേഷമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
