image

23 July 2026 10:41 AM IST

Policy

അധികം വൈകില്ല; അദാനിയുടെ സ്വന്തം വിമാനക്കമ്പനി

MyFin Desk

അധികം വൈകില്ല; അദാനിയുടെ സ്വന്തം വിമാനക്കമ്പനി
X

Summary

തിരുത്തുമോ വ്യവസ്ഥകൾ? ഇന്ത്യൻ വ്യമയാന രംഗത്ത് സ്വന്തം എയർലൈൻ എന്ന അദാനിയുടെ സ്വപ്നം പൂവണിഞ്ഞേക്കും. സാധ്യതകൾ തേടി സർക്കാർ


ഇന്ത്യൻ വ്യോമയാന മേഖലയിൽ സ്വന്തം വിമാനക്കമ്പനി എന്ന അദാനിയുടെ സ്വപ്നവും പൂവണിഞ്ഞേക്കും. വിമാനത്താവള ഓപ്പറേറ്റർമാർ എയർലൈൻ കമ്പനികളിൽ കൈവശം വയ്ക്കുന്നത് തടയുന്ന വ്യവസ്ഥയിൽ ഭേദഗതി വരുത്താൻ സർക്കാരിനെ സ്വാധീനിക്കുകയാണ് അദാനി ഗ്രൂപ്പ്. മാറ്റമുണ്ടായാൽ കമ്പനിക്ക് സ്വന്തമായി എയർലൈൻ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിക്കും. നിലവിലുള്ള കരാറുകൾ ഭേദഗതി ചെയ്യുന്നതിനായി സർക്കാർ നിയമ വിദഗ്ധരെ സമീപിച്ചെന്നാണ് റിപ്പോർട്ടുകൾ . നീക്കം ആഭ്യന്തര വ്യോമയാന വിപണിയിൽ മത്സരം കൊണ്ടുവരുമെങ്കിലും അദാനി ഗ്രൂപ്പിന് നേട്ടമാകും.

അതേസമയം അദാനി ഗ്രൂപ്പും സിവിൽ ഏവിയേഷൻ മന്ത്രാലയവും ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. ന്യൂഡൽഹി, മുംബൈ വിമാനത്താവള ഓപ്പറേറ്റർമാർ ഷെഡ്യൂൾ ചെയ്ത വിമാനക്കമ്പനിയിൽ 10 ശതമാനത്തിൽ കൂടുതൽ ഓഹരികൾ കൈവശം വയ്ക്കുന്നതിൽ നിന്ന് വിലക്കുന്ന വ്യവസ്ഥ പുനപരിശോധിക്കണമെന്നാണ് അദാനി ഗ്രൂപ്പിൻ്റെ ആവശ്യം.

മുറുകും വ്യോമയാന രംഗത്തെ മത്സരം

ഇന്ത്യയിൽ എട്ട് വിമാനത്താവളങ്ങൾ ഇപ്പോൾ അദാനി ഗ്രൂപ്പ് നടത്തുന്നുണ്ട്. ഇതിൽ 74 ശതമാനം ഓഹരി പങ്കാളിത്തമുള്ള മുംബൈ വിമാനത്താവളവും ഉൾപ്പെടുന്നു. ഇൻഡിഗോയും എയർ ഇന്ത്യയും ചേർന്ന് കയ്യാളിയിരിക്കുന്ന ആഭ്യന്തര വിപണിയിൽ കൂടുതൽ സ്വകാര്യ കമ്പനികൾ കൊണ്ടുവരാൻ സർക്കാർ നേരത്തെ മുതൽ ശ്രമം നടത്തുന്നുണ്ട്. ഈ രംഗത്ത് മത്സരം വർദ്ധിപ്പിക്കുന്നതിനും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു മാർഗമായി നല്ല ഫണ്ടുള്ള കമ്പനികൾ വരുന്നത് സർക്കാർ കാണുന്നുമുണ്ട്.