image

3 Jun 2023 7:07 AM GMT

Policy

ബ്രിക്സ് വിപുലീകരണം പുരോഗമിക്കുന്നു

MyFin Desk

BRICS expansion still work in progress: EAM Jaishankar
X

Summary

  • കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി പ്ലാറ്റഫോമിനെ ശക്തിപ്പെടുത്താന്‍ നീക്കം
  • കൂട്ടായ്മയില്‍ ചേരാന്‍ താല്‍പ്പര്യമറിയച്ച്് നിരവധി രാജ്യങ്ങള്‍
  • ലോക ജനസംഖ്യയുടെ 40ശതമാനത്തെ ബ്രിക്‌സ് പ്രതിനിധീകരിക്കുന്നു


ബ്രിക്സ് ബ്ലോക്കിന്റെ വിപുലീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. അഞ്ച് രാജ്യങ്ങളുടെ ഗ്രൂപ്പിംഗിലെ അംഗങ്ങള്‍ ഈ ആശയത്തെ നല്ല ഉദ്ദേശ്യത്തോടെയും തുറന്ന മനസോടെയും ആണ് സമീപിച്ചിട്ടുള്ളത്.

കേപ്ടൗണില്‍ ബ്രിക്സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കാന്‍ ഈ രാജ്യങ്ങളിലെ നേതാക്കള്‍ വിദേശകാര്യ മന്ത്രിമാരെ ചുമതലപ്പെടുത്തിയിരുന്നു.

ഈ ജോലി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അംഗങ്ങള്‍ എല്ലാവരും തുറന്ന മനസോടെ തന്നെയാണ് ഈ ലക്ഷ്യത്തെ സമീപിച്ചിട്ടുള്ളത്.

നിലവില്‍ ബ്രിക്‌സ് അംഗങ്ങളുടെ പ്രവര്‍ത്തനം ഏകീകരിക്കുക എന്നത് ഈ ലക്ഷ്യത്തിന്റെ ഒരു ഭാഗമാണ്. ഇതര രാജ്യങ്ങളുമായി ബ്രിക്‌സ് അംഗങ്ങള്‍ എങ്ങനെ ഇടപഴകുന്നു എന്നതാണ് ഇതിന്റെ രണ്ടാം ഭാഗമെന്നും വിദേശകാര്യ മന്ത്രി വിശദീകരിക്കുന്നു.

സാധ്യമായ ബ്രിക്‌സ് വിപുലീകരണത്തെ അംഗങ്ങള്‍ എങ്ങനെ കാണുന്നു എന്നത് മൂന്നാമത്തെ വശമാണ്. അതിനുള്ള ഉചിതമായ ഫോര്‍മാറ്റ് എന്തായിരിക്കും എന്നതും ചര്‍ച്ചാവിഷയമാണ്.

ജയശങ്കറിന്റെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നുവെന്ന് ബ്രസീല്‍ വിദേശകാര്യ മന്ത്രി മൗറോ വിയേര പറഞ്ഞു. ബ്രിക്‌സ് ഒരു ബ്രാന്‍ഡും ഒരു ആസ്തിയുമാണ്, അതിനാല്‍ ഞങ്ങള്‍ അത് ശ്രദ്ധിക്കേണ്ടതുണ്ട്.

ബ്രിക്സ് ലോകജനസംഖ്യയുടെ 40 ശതമാനത്തെ ഈ കൂട്ടായ്മ പ്രതിനിധീകരിക്കുന്നു. ഇക്കാരണം തന്നെ ബ്രിക്‌സ് വളരെ പ്രാധാന്യമര്‍ഹിക്കുന്ന വേദിയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 15 വര്‍ഷത്തെ പ്രവര്‍ത്തനഫലമായി ലോകത്തെ പ്രധാനപ്പെട്ട ഈ കൂട്ടായ്മയ്ക്ക് നിരവധി രാജ്യങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞതായും വിയേര പറഞ്ഞു.

2022-ല്‍ ബ്‌ളോക്കിന്റെ ചെയര്‍മാനായിരിക്കുമ്പോള്‍ ചൈന നിര്‍ദ്ദേശിച്ച ബ്രിക്സ് പ്ലസിന്റെ മാതൃക വളരെ വേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് ചൈനീസ് മന്ത്രി മാ ഷാക്സു പറഞ്ഞു.

ബ്രിക്സ് രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹവും ഇത് അംഗീകരിക്കുന്നു. വികസ്വര രാജ്യങ്ങളും വളര്‍ന്നുവരുന്ന വിപണി സമ്പദ്വ്യവസ്ഥകളും തമ്മിലുള്ള ഐക്യദാര്‍ഢ്യത്തിനും സഹകരണത്തിനും ബ്രിക്‌സ് ഒരു പ്ലാറ്റ്‌ഫോം നല്‍കിയതായും മാ പറഞ്ഞു.

കൂടുതല്‍ കൂടുതല്‍ രാജ്യങ്ങള്‍ ബ്രിക്സ് കൂട്ടായ്മയില്‍ ചേരാനുള്ള സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട്. ഈ മാതൃക വികസിക്കുന്നതില്‍ ചൈന സന്തോഷം പ്രകടിപ്പിച്ചു.

ചൈനയെ സംബന്ധിച്ചിടത്തോളം, പുതിയ രാജ്യങ്ങളുടെ ബ്രിക്സില്‍ ചേരാനുള്ള ഉദ്ദേശ്യത്തെ സ്വാഗതം ചെയ്യുന്നതായി മാ പറഞ്ഞു. കൂടുതല്‍ രാജ്യങ്ങള്‍ ബ്രിക്സ് കുടുംബത്തില്‍ ചേരുമെന്ന പ്രതീക്ഷയും മന്ത്രി പ്രകടിപ്പിച്ചു.

എന്നാല്‍ ഇക്കാര്യത്തില്‍ ഉപയോഗപ്രദമായ ഒരു നിര്‍ദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് യോഗത്തിന് ആതിഥേയത്വം വഹിച്ച ദക്ഷിണാഫ്രിക്കന്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് കോ-ഓപ്പറേഷന്‍ മന്ത്രി നലേഡി പണ്ടോര്‍ പറഞ്ഞു.

വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന ഒരു മാര്‍ഗ രേഖ തയ്യാറായാല്‍ അത് ഓഗസ്റ്റില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്ക് സമര്‍പ്പിക്കും.

ഉച്ചകോടിയുടെ ഭാഗമായുള്ള ബ്രിക്സ് പ്ലസ് മീറ്റിംഗ് വളരെ വലുതായിരിക്കും.

കാരണം വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളെയും ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലെ വിവിധ പ്രാദേശിക കമ്മ്യൂണിറ്റി ബോഡികളുടെ അധ്യക്ഷന്മാരെയും പങ്കെടുക്കാന്‍ ക്ഷണിക്കും-പണ്ടോര്‍ കൂട്ടിച്ചേര്‍ത്തു.

ബ്രിക്സില്‍ ചേരാന്‍ നിരവധി രാജ്യങ്ങള്‍ ആഗ്രഹിക്കുന്നതില്‍ അതിശയിക്കാനില്ലെന്ന അഭിപ്രായമാണ് റഷ്യക്കുള്ളത്. ഈ വേദി ബഹുധ്രുവലോകത്തെ പ്രതീകപ്പെടുത്തുന്നതായി റഷ്യയുടെ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു. ഒരു ഡസനിലധികം രാജ്യങ്ങള്‍ ബ്രിക്സിലേക്ക് ചേരാന്‍ താല്‍പ്പര്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയുടെ പരിഷ്‌കാരത്തെയുംബ്രിക്‌സ് ശക്തമായി പിന്തുണയ്ക്കുന്നു.

ബ്ലോക്കില്‍ അംഗത്വം തേടുന്ന രാജ്യങ്ങളില്‍ ഈജിപ്തും മിഡില്‍ ഈസ്റ്റേണ്‍ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളായ ഇറാന്‍, ഇറാഖ്, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവ ഉള്‍പ്പെടുന്നു.