image

29 Dec 2023 1:32 PM GMT

Policy

പുതിയ ദേശീയ സഹകരണ നയം ഉടൻ പുറത്തിറക്കുമെന്ന് അമിത് ഷാ

MyFin Bureau

Amit Shah said that the new National Cooperation Policy will be released soon
X

Summary

  • സഹകരണ ബാങ്കുകളിൽ സഹകരണ സ്ഥാപനങ്ങൾ അക്കൗണ്ട് തുറക്കണം, ഷാ
  • രണ്ട് ലക്ഷം പുതിയ മൾട്ടി പർപ്പസ് പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റികൾ
  • സഹകരണ സ്ഥാപനങ്ങൾ മറ്റ് ബാങ്കുകളിൽ അക്കൗണ്ട് തുറക്കുന്നതിനാൽ, സഹകരണ ബാങ്കുകൾക്ക് പണമില്ല


അഹമ്മദാബാദ്: സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങൾക്കും സഹകരണ ബാങ്കുകളിൽ അക്കൗണ്ട് തുറക്കാൻ കഴിയുന്ന തരത്തിൽ ഒരു സംവിധാനം വികസിപ്പിക്കണമെന്ന് ഗുജറാത്ത് സ്റ്റേറ്റ് സഹകരണ ബാങ്കിനോട് കേന്ദ്രമന്ത്രി അമിത് ഷാ വെള്ളിയാഴ്ച ആവശ്യപ്പെട്ടു. അതിനാവശ്യമായ പുതിയ ദേശീയ സഹകരണ നയം ഉടൻ പുറത്തിറക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സുരേന്ദ്രനഗർ ജില്ലാ സഹകരണ ബാങ്കിന്റെ ഒരു കെട്ടിടം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്.

ജിഎസ്‌സി ബാങ്ക് അടുത്തിടെ ആരംഭിച്ച പൈലറ്റ് പദ്ധതിയുടെ ഭാഗമായി രണ്ട് ജില്ലകളിലെ എല്ലാ സഹകരണ സംഘങ്ങളും സഹകരണ ബാങ്കുകളിൽ അക്കൗണ്ട് തുറന്നിട്ടുണ്ടെന്ന് നരേന്ദ്ര മോദി സർക്കാരിൽ ആഭ്യന്തര, സഹകരണ വകുപ്പുകൾ വഹിക്കുന്ന ഷാ പറഞ്ഞു.

"നിലവിൽ സഹകരണ സ്ഥാപനങ്ങൾ മറ്റ് ബാങ്കുകളിൽ അക്കൗണ്ട് തുറക്കുന്നു. അതിനാൽ, സഹകരണ ബാങ്കുകൾക്ക് ആവശ്യമുള്ളപ്പോൾ പണമില്ല. രണ്ട് ജില്ലകളിലെ എല്ലാ സഹകരണ സ്ഥാപനങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ സഹകരണ ബാങ്കുകളിൽ തുറക്കുന്നതിനുള്ള പൈലറ്റ് പ്രോജക്റ്റ് ജിഎസ്‌സി ബാങ്ക് ആരംഭിച്ചു. തൽഫലമായി, ഈ രണ്ട് ജില്ലകളിലെ അത്തരം ബാങ്കുകൾക്ക് 800 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു,” ഷാ തന്റെ ഓൺലൈനിലൂടെയുള്ള പ്രസംഗത്തിൽ പറഞ്ഞു.

അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിഎസ്‌സി ബാങ്ക് 18 ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകൾ (ഡിസിസിബികൾ; DCCB) വഴി 28 ലക്ഷം കർഷകരുടെ വായ്പയും സാമ്പത്തിക ആവശ്യങ്ങളും നിറവേറ്റുന്ന ഒരു ഉന്നത ബാങ്കാണ്.

"അജയ് പട്ടേൽ (ജിഎസ്‌സി ബാങ്ക് മേധാവി) ഇവിടെയുള്ളതിനാൽ, ഗുജറാത്തിലുടനീളം ഈ പൈലറ്റ് പ്രോജക്റ്റ് ആവർത്തിക്കാനും ഡയറികൾ, എപിഎംസികൾ തുടങ്ങിയ വിവിധ സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ സഹകരണ ബാങ്കുകളിൽ തുറക്കാനും ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നു," ഷാ പറഞ്ഞു.

രാജ്യത്തുടനീളം രണ്ട് ലക്ഷം പുതിയ മൾട്ടി പർപ്പസ് പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റികൾ (പിഎസിഎസ്; PACS) സ്ഥാപിക്കാനുള്ള പദ്ധതിക്ക് നരേന്ദ്ര മോദി സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടെന്നും ഇതിനായി 2,500 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും ഷാ അറിയിച്ചു.

സുരേന്ദ്രനഗർ ജില്ലാ സഹകരണ ബാങ്കിനെ വെറും 14 വർഷം കൊണ്ട് ലാഭമുണ്ടാക്കുന്ന സ്ഥാപനമാക്കി മാറ്റിയ മാനേജ്‌മെന്റിനെ തദവസരത്തിൽ അദ്ദേഹം അഭിനന്ദിച്ചു.

"2009-ൽ ബാങ്കിന് 71 കോടി രൂപയുടെ നഷ്ടമുണ്ടായി. ഇന്ന്, ബാങ്കിന്റെ വാർഷിക ലാഭം 7 കോടി രൂപയാണ്. കൂടാതെ, 400 കോടി രൂപയുടെ നിക്ഷേപമുണ്ട്. മാത്രമല്ല, ഈ വരണ്ട മേഖലയിലെ 28,000 കർഷകർക്ക് വായ്പ നൽകിയിട്ടുണ്ട്." ഷാ പറഞ്ഞു.

1500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 10 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടത്തിൽ ഇപ്പോൾ 1000 ലോക്കറുകളുണ്ടെന്നും ഷാ പറഞ്ഞു.