image

18 Jan 2023 7:15 AM GMT

Policy

ഉള്ളടക്കം 'വ്യാജ'മെങ്കില്‍ വാര്‍ത്ത വലിക്കണം, കേന്ദ്ര നീക്കം അപകടമെന്ന് വിദഗ്ധര്‍

MyFin Desk

pib to mark fake news
X

Summary

  • കേന്ദ്രത്തിന്റെ നീക്കം അപകടകരമാകുമെന്നും സര്‍ക്കാരിന് താല്‍പര്യമില്ലാത്ത വാര്‍ത്തകള്‍ വ്യാജമെന്ന് മുദ്രകുത്താനുള്ള സാധ്യതയുണ്ടെന്നും ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ പോളിസി ഡയറക്ടറായ പ്രതീക് വാഗ്രെ വ്യക്തമാക്കി


ഡെല്‍ഹി: ഓണ്‍ലൈന്‍ മാധ്യമങ്ങളിലുള്‍പ്പടെ വ്യാജ വാര്‍ത്ത വരുന്നതിന് തടയിടാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ (പിഐബി) ഫാക്ട് ചെക്കിങ് വിഭാഗം വ്യാജമാണെന്ന് കണ്ടെത്തിയ വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ, സമൂഹ മാധ്യമങ്ങളിലോ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് വൈകാതെ ചട്ടം വരും. കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കിയ കരടു രേഖയില്‍ ഇതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ കേന്ദ്രത്തിന്റെ നീക്കം അപകടകരമാകുമെന്നും സര്‍ക്കാരിന് താല്‍പര്യമില്ലാത്ത വാര്‍ത്തകള്‍ വ്യാജമെന്ന് മുദ്രകുത്താനുള്ള സാധ്യതയുണ്ടെന്നും ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ പോളിസി ഡയറക്ടറായ പ്രതീക് വാഗ്രെ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നു. സര്‍ക്കാര്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ വ്യാജമെന്ന് മുദ്രകുത്തിയാല്‍ മാധ്യമസ്ഥാപനങ്ങള്‍ക്കും സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്കും അത് നീക്കം ചെയ്‌തേ പറ്റൂ.

2019ലാണ് പിഐബിയുടെ ഫാക്ട് ചെക്കിങ് വിഭാഗം രൂപീകരിക്കുന്നത്. സര്‍ക്കാര്‍ മന്ത്രാലയങ്ങളും ഡിപ്പാര്‍ട്ട്മെന്റുകളും പദ്ധതികളുമായി ബന്ധപ്പെട്ടു വരുന്ന വാര്‍ത്തകളിലെ കൃത്യത പരിശോധിച്ച് ഉറപ്പാക്കുകയാണ് ഈ വിഭാഗത്തിന്റെ ദൗത്യം. എന്നാല്‍ പിഐബിയുടെ തന്നെ ഫാക്ട് ചെക്കിംഗ് വിഭാഗം തെറ്റായ വിവരങ്ങള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

വ്യാജ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്കടക്കം പ്രത്യേക വിഭാഗമുണ്ടെങ്കിലും ഇപ്പോഴും തെറ്റായ വിവരങ്ങളും വ്യാജമായി സൃഷ്ടിച്ചെടുന്ന വാര്‍ത്തകളും ഡോക്യുമെന്റുകളും (ചിത്രങ്ങളും വീഡിയോകളും പോലുള്ളവ) കടന്നു കൂടുന്നുണ്ട്.