image

13 July 2023 1:38 PM IST

Policy

ബസുമതി ഇതര അരി ഇനങ്ങളുടെ കയറ്റുമതി നിരോധിച്ചേക്കും

MyFin Desk

export of non-basmati rice varieties may be banned
X

Summary

  • തെരഞ്ഞെടുപ്പിന് മുമ്പ് വിലക്കയറ്റം രൂക്ഷമാകുന്നത് തടയാന്‍ നീക്കം
  • ആഗോള തലത്തില്‍ വില ഉയരാന്‍ ഇടയാക്കിയേക്കും
  • ആഗോള അരി വ്യാപാരത്തില്‍ 40% പങ്കുവഹിക്കുന്നത് ഇന്ത്യ


ആഭ്യന്തര വിപണിയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഭൂരിഭാഗം അരി ഇനങ്ങളുടെയും കയറ്റുമതി നിരോധിക്കുന്ന കാര്യം ഇന്ത്യ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ബസുമതി അരി ഒഴികെയുള്ള എല്ലാ അരി ഇനങ്ങളുടെയും കയറ്റുമതി താല്‍ക്കാലികമായി നിരോധിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യമാണ് ഇന്ത്യ. എല്‍ നിനോ പ്രതിഭാസം മൂലം ലോകത്തിന്‍റെ പല ഭാഗത്തെയും കാര്‍ഷിക ഉല്‍പ്പാദനം വെല്ലുവിളി നേരിടുന്നു എന്നതു കൂടി കണക്കിലെടുക്കുമ്പോള്‍ പല ആഗോള വിപണികളിലും അരി വില ഉയരുന്നതിന് ഇന്ത്യയുടെ തീരുമാനം കാരണമായേക്കാം.

തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് കൂടുതൽ വിലക്കയറ്റം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായണ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതിയുടെ 80 ശതമാനത്തെയും നിരോധനം ബാധിക്കും. ഇത് ആഭ്യന്തര വിപണിയില്‍ അരിവില പിടിച്ചുനിര്‍ത്തുന്നതിന് സഹായകമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആഗോള അരി വ്യാപാരത്തില്‍ 40% പങ്കുവഹിക്കുന്നത് ഇന്ത്യയാണ്. അതിനാല്‍ വലിയൊരു വിഭാഗം ഇന്ത്യന്‍ കയറ്റുമതിക്കാരെ കൂടി ബാധിക്കുന്നതാണ് ഈ നീക്കം. കഴിഞ്ഞ വർഷം, റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് ഗോതമ്പ്, ചോളം തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയർന്ന ഘട്ടത്തില്‍ ഇന്ത്യ ബ്രോക്കണ്‍ റൈസ് കയറ്റുമതി തടഞ്ഞിരുന്നു. ഇതിനു പുറമേ വെള്ള, തവിട്ട് അരിയുടെ കയറ്റുമതിക്ക് 20% തീരുവ ചുമത്തുകയും ചെയ്തു. ഗോതമ്പ്, പഞ്ചസാര എന്നിവയുടെ കയറ്റുമതിയും രാജ്യം ഇത്തരത്തില്‍ നിയന്ത്രിച്ചിട്ടുണ്ട്.