image

5 April 2024 8:45 AM GMT

Policy

ദിശ മാറ്റത്തിന് ക്ഷമയോടെ കാത്തിരിക്കാം

K A Babu

objective is financial stability and inflation control
X

Summary

  • സാമ്പത്തിക സ്ഥിരതയും പണലഭ്യതയും വിലക്കയറ്റ നിയന്ത്രണവും ആർബിഐ ലക്ഷ്യം
  • തുടർച്ചയായി 250 ബേസിസ് പോയിന്റുകൾ വർദ്ധിപ്പിച്ചാണ് റിസർവ് ബാങ്ക് രാജ്യത്തെ വിലക്കയറ്റം താഴേക്ക് കൊണ്ടുവന്നത്
  • എണ്ണയുടെ വിലയിൽ നേരിയ കുറവ് കാണുന്നുവെങ്കിലും ഭക്ഷ്യ വസ്തുക്കളിലുള്ള വിലക്കയറ്റത്തോത് ഇനിയും നിയന്ത്രവിധേയമല്ല



മോനിറ്ററി പോളിസി കമ്മിറ്റിയുടെ തീരുമാനത്തിൽ അപ്രതീക്ഷിതമായി ഒന്നും തന്നെയില്ല. നിരക്കുകളിൽ മാറ്റം ഉണ്ടാകില്ല എന്ന് തന്നെയാണ് ഏവരും കരുതിയിരുന്നത്.

2023 ഫെബ്രുവരി വരെ തുടർച്ചയായി 250 ബേസിസ് പോയിന്റുകൾ വർദ്ധിപ്പിച്ചാണ് റിസർവ് ബാങ്ക് രാജ്യത്തെ വിലക്കയറ്റം താഴേക്ക് കൊണ്ടുവന്നത്. ഇപ്പോഴും റിസർവ് ബാങ്ക് മുന്നിൽ കാണുന്ന നാല് ശതമാനം വിലക്കയറ്റം എന്ന ലക്ഷ്യത്തിലേക്ക് എത്തിയിട്ടില്ല. അതിനാൽ തന്നെ നിരക്കുകളിൽ ദിശാമാറ്റത്തിന് സമയമായില്ല എന്ന് റിസർവ് ബാങ്ക് വീണ്ടും ആറിൽ അഞ്ച് അംഗങ്ങളുടെ ഭൂരിപക്ഷത്തോടെ ആവർത്തിച്ചിരിക്കുന്നു.

ഇന്ത്യൻ രൂപ അന്തർദേശീയ തലത്തിൽ ഏറ്റവും മികച്ച പ്രകടനമാണ് കഴിഞ്ഞ മൂന്ന് വർഷം കാഴ്ചവെച്ചത് എന്ന് ഗവർണ്ണർ എടുത്തു പറഞ്ഞു കൊണ്ടാണ് റിപോ നിരക്ക് 6.50 ശതമാനത്തിൽ നിലനിർത്തിയത്. വിലക്കയറ്റ നിയന്ത്രണത്തിന്റെ കാര്യത്തിൽ ഭാരതീയ റിസർവ് ബാങ്ക് നേരിടുന്ന വെല്ലുവിളി ഏതൊരു വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയിലും ആരും നേരിടുന്ന ലാസ്റ്റ് മൈൽ ചലഞ്ച് (last mile challenge) തന്നെയാണ്. ആഗോളാടിസ്ഥാനത്തിലും ഇത് തന്നെയാണ് സ്ഥിതി എന്ന് ഗവർണ്ണർ പറഞ്ഞു. 2022 ഏപ്രിൽ മാസത്തിൽ 7.8 ശതമാനമായിരുന്ന നാണ്യപ്പെരുപ്പ നിരക്ക് 2024 ജനുവരിയിലും ഫെബ്രുവരിയിലും 5.10 ശതമാനത്തിലേക്ക് കുറച്ചു കൊണ്ടുവരുവാൻ റിസർവ് ബാങ്കിന്റെ പൊതുവെയുള്ള സാമ്പത്തിക ആസൂത്രണങ്ങൾ കൊണ്ട് സാധിച്ചു. നാണ്യപ്പെരുപ്പം 2024-25 ൽ 4.5 ശതമാനം എന്ന് വിലയിരുത്തുന്നു. വിലക്കയറ്റം നാല് ശതമാനത്തിലേക്ക് കുറച്ചു കൊണ്ട് വരണം എന്നാണ് ലക്ഷ്യം എന്നിരിക്കലും, ആശാവഹമായ മാറ്റം വളർച്ചാനിരക്കിലും നാണ്യപ്പെരുപ്പ നിരക്കിലും കാണുന്ന സാഹചര്യത്തിൽ റിപോ നിരക്ക് ഉയർത്തി സാമ്പത്തിക വളർച്ചയെ തടസപ്പെടുത്തേണ്ടതില്ല എന്ന നിലപാടിൽ തന്നെയാണ് കേന്ദ്ര ബാങ്ക്. എണ്ണയുടെ വിലയിൽ നേരിയ കുറവ് കാണുന്നുവെങ്കിലും ഭക്ഷ്യ വസ്തുക്കളിലുള്ള വിലക്കയറ്റത്തോത് ഇനിയും നിയന്ത്രവിധേയമല്ല. ജൂൺ അവസാനം വരെയെങ്കിലും ചൂട് ഉയർന്നു തന്നെ ഇരിക്കും എന്നത് കാർഷിക ഉത്പാദനരംഗത്ത് താത്കാലിക വെല്ലുവിളിയാണ് താനും.

2024 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം രാജ്യം 7.4 സാമ്പത്തിക വളർച്ച (real GDP) നേടുമെന്ന് വിലയിരുത്തുന്നു. 2024-25 ൽ ഇത് ഏഴു ശതമാനമായിരിക്കും. എന്നാൽ വികസനവും വളർച്ചയും തങ്ങളുടെ റഡാറിൽ ഉണ്ടെങ്കിലും കേന്ദ്ര ബാങ്കിന്റെ പ്രാഥമികമായ ഉത്തരവാദിത്തം സാമ്പത്തിക സ്ഥിരതയും പണലഭ്യതയും വിലക്കയറ്റ മാനേജ്മെന്റും തന്നെയാണ് എന്ന സന്ദേശം ഇന്നത്തെ തീരുമാനം വഴി ഗവർണ്ണർ വീണ്ടും ആവർത്തിച്ചിരിക്കുകയാണ്.

എന്നാൽ നിരക്കുകൾ കുറക്കണം എന്നാണ് സാധാരണക്കാരുടെ ആവശ്യം. ഉത്പാദന രംഗത്തും നിർമ്മാണ രംഗത്തും പൊതുവെ ബിസിനസ്സ് രംഗത്തും നിന്നുള്ള ആവശ്യവും വിഭിന്നമല്ല. എന്നാൽ സാമ്പത്തിക വളർച്ച ആശാവഹമായ നിലയിൽ തുടരുന്ന ഈ അവസ്ഥയിൽ സമ്പത് വ്യവസ്ഥയിൽ കൂടുതൽ പണലഭ്യത ആവശ്യമില്ല എന്ന തീരുമാനത്തിൽ കമ്മിറ്റി ഉറച്ചു നില്കുന്നു. നയപരമായി യുക്തമായ തീരുമാനങ്ങൾ എടുക്കുവാൻ റിസർവ് ബാങ്കിന് ഏതു സമയവും കഴിയും. ചടുലവും വഴക്കമാർന്നതുമായ തീരുമാനങ്ങൾ പണലഭ്യതയുടെ കാര്യത്തിൽ റിസർവ് ബാങ്ക് കൈക്കൊള്ളും എന്ന് ഗവർണ്ണർ പറഞ്ഞത് ഇതിനാലാണ്. മാത്രമല്ല വളരെ പെട്ടെന്ന് നിരക്കുകളിൽ ഒരു ദിശാമാറ്റം പ്രതീക്ഷിക്കേണ്ട എന്നും ഗവർണ്ണർ വരികൾക്കിടയിലൂടെ പറയുന്നുമുണ്ട്.