image

10 Aug 2023 4:35 AM GMT

Policy

റിപ്പൊ നിരക്കില്‍ മാറ്റമില്ല; പണപ്പെരുപ്പം നിരീക്ഷിക്കുമെന്ന് ആര്‍ബിഐ

MyFin Desk

repo rate remains unchanged
X

Summary

  • പലിശ നിരക്ക് നിലനിര്‍ത്തുന്നത് തുടര്‍ച്ചയായ മൂന്നാം ധനനയ യോഗത്തില്‍


അടിസ്ഥാന റിപ്പൊ നിരക്ക് 6.5 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ അവലോകന യോഗത്തില്‍ തീരുമാനം. മൂന്നുദിവസങ്ങളിലായി ചേര്‍ന്ന യോഗത്തിനു ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് തീരുമാനം പ്രഖ്യാപിച്ചു. പണപ്പെരുപ്പം സഹന പരിധിക്ക് മുകളിലേക്ക് എത്തുന്ന സാഹചര്യത്തില്‍ അനിവാര്യമെങ്കില്‍ തുടര്‍യോഗങ്ങളില്‍ പലിശ നിരക്കുകള്‍ ക്രമീകരിക്കുന്നതിന് സമിതി തീരുമാനമെടുത്തിട്ടുണ്ട്..

തുടര്‍ച്ചയായ ധനനയ അവലോകന യോഗങ്ങളിലായി 250 ബിപിഎസ് വര്‍ധന അടിസ്ഥാന പലിശ നിരക്കുകളില്‍ വരുത്തിയ ശേഷം, ഏപ്രിലിലാണ് ബെഞ്ച്മാർക്ക് പലിശ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്താന്‍ ആദ്യം ആര്‍ബിഐ നിശ്ചയിച്ചത്. പിന്നീട് ജൂണിലെ യോഗത്തിലും ഇത് ആവര്‍ത്തിക്കുകയായിരുന്നു. ജൂലൈയിലെ റീട്ടെയിൽ പണപ്പെരുപ്പം 6 .5 ശതമാനത്തിന് മുകളിലേക്ക് എത്തുമെന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ യോഗം ചേര്‍ന്നിട്ടുള്ളത്.

സഹന പരിധിയായ 6 ശതമാനത്തിന് മുകളിലേക്ക് പണപ്പെരുപ്പം വരുന്ന സാഹചര്യം കേന്ദ്രബാങ്ക് നിരീക്ഷിക്കുകയാണ്. നേരത്തേ റീട്ടെയില്‍ പണപ്പെരുപ്പം കുറഞ്ഞ സാഹചര്യവും സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കേണ്ട ആവശ്യകതയും കണക്കിലെടുത്താണ് പലിശ നിരക്ക് വര്‍ധനയ്ക്ക് വിരാമമിടാന്‍ കേന്ദ്രബാങ്ക് തീരുമാനിച്ചത്. അടുത്ത ദിവസങ്ങളിലായി ജൂലൈയിലെ പണപ്പെരുപ്പം സംബന്ധിച്ച ഔദ്യോഗിക ഡാറ്റ സര്‍ക്കാര്‍ പുറത്തുവിടും.