image

8 Dec 2023 4:52 AM GMT

Policy

റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തി ആർബിഐ

MyFin Bureau

RBI MPC Meet: Repo rate unchanged at 6.5% for fifth time in a row
X

Summary

  • റീട്ടെയിൽ പണപ്പെരുപ്പം പ്രവചനം 5.4% ആയി നിലനിർത്തി
  • സെന്‍സെക്സും നിഫ്റ്റിയും നേട്ടത്തിലേക്ക്
  • ജിഡിപി വളർച്ച 6.5 ൽ നിന്ന് 7.00 ആയിരിക്കുമെന്ന് ഗവർണർ പറഞ്ഞു



മുംബൈ: പലിശ നിരക്ക് അതെ നിലയിൽ നിലനിർത്തി ആര്‍ബിഐ. ഇതോടെ അടിസ്ഥാന പലിശ നിരക്ക് 6.50 ശതമാനമായി തുടരും. ബാങ്ക് റേറ്റ്, മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫസിലിറ്റി, സ്റ്റാന്‍ഡിംഗ് ഡെപ്പാേസിറ്റ് ഫസിലിറ്റി തുടങ്ങിയ മറ്റു നിരക്കുകളും മാറ്റമില്ലാതെ തുടരും.

പ്രതീക്ഷിച്ചതു പോലെ പണനയം പ്രഖ്യാപിക്കപ്പെട്ടതോടെ സെന്‍സെക്സും നിഫ്റ്റിയും നേട്ടത്തിലേക്ക് നീങ്ങിയിട്ടുണ്ട്. രാവിലെ 10.20 നുള്ള വിവരം അനുസരിച്ച് 0.42 ശതമാനം നേട്ടത്തോടെ 69,799.14 ലാണ് സെന്‍സെക്സ്. നിഫ്റ്റിയും 0.39 ശതമാനം നേട്ടം പ്രകടമാക്കി 20,982.60 പോയിന്‍റിലെത്തി.

ഡിസംബര്‍ ആറിന് ആരംഭിച്ച പണനയ കമ്മിറ്റിയുടെ അവലോകന യോഗത്തിന്റെ അവസാന ദിനത്തിലാണ് പലിശ നിരക്ക് അതെ രീതിയിൽ ആര്‍ബിഐ പ്രഖ്യാപിച്ചത്.

2022 മെയ് മുതൽ തുടർച്ചയായ ആറ് തവണയായി 250 ബേസിസ് പോയിന്റ് നിരക്ക് വർദ്ധനവിന് ശേഷം ഏപ്രിലിൽ നിരക്ക് വർദ്ധന ചക്രം താൽക്കാലികമായി നിർത്തി വെച്ചിരിക്കയാണ്.

നാണയപ്പെരുപ്പത്തിന്റെ ലക്ഷ്യം ഇനിയും കൈവരിക്കാനായിട്ടില്ല എന്നും ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

വിലക്കയറ്റം കുറഞ്ഞു വരും എന്നു പ്രത്യാശ പ്രകടിപ്പിച്ചു കൊണ്ടാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തി കാന്ത ദാസ് തീരുമാനം അറിയിച്ചത്. FY24 ലെ റീട്ടെയിൽ പണപ്പെരുപ്പം (CPI) പ്രവചനം മാറ്റമില്ലാതെ 5.4% ആയി നിലനിർത്തി

FY24 ലെ യഥാർത്ഥ ജിഡിപി വളർച്ച 6.5 ൽ നിന്ന് 7.00 ആയിരിക്കുമെന്ന് ഗവർണർ പറഞ്ഞു.. Q1FY25-ലെ യഥാർത്ഥ ജിഡിപി 6.7,ശതമാനം Q2FY25-ന് 6.5,ശതമാനം Q3FY25-ന് 6.4 ശതമാനം ന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്നത്.

അടിസ്ഥാന പലിശ നിരക്കിലുണ്ടാകുന്ന വര്‍ധന വായ്പ ചെലവുകള്‍ ഉള്‍പ്പെടെ ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. കേന്ദ്ര ബാങ്കിന്റെ ഓരോ തവണ നിരക്കുയര്‍ത്തലിന് ശേഷവും രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളെല്ലാം വായ്പ നിരക്കില്‍ മാറ്റം വരുത്താറുണ്ട്. വായ്പ നിരക്ക് വർധിക്കുന്നത് കുടുംബ ബജറ്റിനെ പ്രത്യേകിച്ച് ഇടത്തരം വരുമാന പരിധിയില്‍ വരുന്നവരുടെ ബജറ്റിനെ കാര്യമായി തന്നെ ബാധിക്കും. ഇഎംഐ വര്‍ധിക്കാനോ അല്ലെങ്കില്‍ വായ്പ കാലയളവ് വര്‍ധിക്കാനോ നിരക്കുയര്‍ത്തല്‍ കാരണമാകുന്നുമുണ്ട്. നിലവില്‍ ഭവന വായ്ക്ക് മിക്ക ബാങ്കുകളും എട്ട് ശതമാനത്തിനു മുകളിലാണ് പലിശ നിരക്ക് ഈടാക്കുന്നത്.

ഉയർന്ന കടബാധ്യത, നിലനിൽക്കുന്ന ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങൾ, തീവ്ര കാലാവസ്ഥ എന്നിവ കാരണം ആഗോള സമ്പദ്‌വ്യവസ്ഥ ദുർബലമായി തുടരുന്നു എന്നും ദാസ് പറയുന്നു.


പണനയ പ്രസ്താവനയിലെ പ്രധാന കാര്യങ്ങൾ:

* ബെഞ്ച്മാർക്ക് പലിശ നിരക്ക് മാറ്റമില്ലാതെ 6.5 ശതമാനമായി നിലനിർത്തുന്നു

* ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നൽകാനുള്ള യുപിഐ ഇടപാട് പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്താൻ നിർദേശിക്കുന്നു.

* നടപ്പ് സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ പ്രവചനം നേരത്തെ 6.5 ശതമാനത്തിൽ നിന്ന് 7 ശതമാനമായി ഉയർത്തുന്നു

* ഡിസംബർ, മാർച്ച് പാദങ്ങളിലെ ജിഡിപി വളർച്ച 6.5 ശതമാനം, 6.0 ശതമാനം

* 2023-24 ലെ ശരാശരി റീട്ടെയിൽ പണപ്പെരുപ്പ പ്രവചനം 5.4 ശതമാനമായി നിലനിർത്തുന്നു

* 2023-ലെ വളർന്നുവരുന്ന വിപണിയുമായി താരതമ്യം ചെയ്യുമ്പോൾ രൂപയ്ക്ക് ചാഞ്ചാട്ടം കുറവാണ്.

* രൂപയുടെ ആപേക്ഷിക സ്ഥിരത, സ്ഥൂലസാമ്പത്തിക അടിസ്ഥാനങ്ങൾ മെച്ചപ്പെടുത്തുന്നതിനെയും ആഗോള സുനാമികളെ അഭിമുഖീകരിക്കുന്ന അതിന്റെ പ്രതിരോധത്തെയും പ്രതിഫലിപ്പിക്കുന്നു.

* ഫോറെക്സ് കരുതൽ ശേഖരം ഡിസംബർ 1-ലെ കണക്കനുസരിച്ച് 604 ബില്യൺ ഡോളറാണ്.

* മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് അനിശ്ചിതത്വങ്ങളെ ചെറുക്കാൻ ഇന്ത്യയ്ക്ക് മികച്ച സ്ഥാനമുണ്ട്

* ആവർത്തന പേയ്‌മെന്റുകൾക്കുള്ള ഇ-മാൻഡേറ്റ് നിലവിലെ 15,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്താൻ നിർദ്ദേശിച്ചു.

* ഡാറ്റ സുരക്ഷയും സ്വകാര്യതയും വർദ്ധിപ്പിക്കുന്നതിനായി സാമ്പത്തിക മേഖലയ്ക്കായി ഒരു ക്ലൗഡ് സൗകര്യം സ്ഥാപിക്കും

* 2024 ഫെബ്രുവരി 6-8 തീയതികളിൽ അടുത്ത മോണിറ്ററി പോളിസി കമ്മിറ്റി യോഗം.