image

22 Nov 2023 9:00 AM GMT

Policy

കൊച്ചിയിലെ ജൈവ മാലിന്യത്തിന് പരിഹാരം; ബിപിസിഎല്‍ പ്ലാന്‍റിന് മന്ത്രിസഭാ അംഗീകാരം

Sandeep P S

solution to organic waste in kochi, cabinet approval for bpcl plant
X

Summary

  • പ്ലാന്റില്‍ ഉൽപാദിപ്പിക്കുന്ന ജൈവവളം കർഷകർക്ക് ലഭ്യമാക്കും
  • കംപ്രസ്സഡ് ബയോഗ്യാസ് ബിപിസിഎൽ ഉപയോഗിക്കും


കൊച്ചിയില്‍ ബിപിസിഎല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്‍റ് സ്ഥാപിക്കുന്നതിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നവകേരള സദസ്സ് പര്യടനത്തിനിടെ തലശ്ശേരിയിൽ ചേർന്ന മന്ത്രിസഭായോഗമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. നഗരത്തിലെ ജൈവമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകാന്‍ ഈ പ്ലാന്‍റിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കൊച്ചി കോർപ്പറേഷന്റെ കൈവശമുള്ള ബ്രഹ്മപുരത്തെ ഭൂമിയിൽ നിന്നും 10 ഏക്കർ ഭൂമി പ്ലാന്‍റിനായി ബിപിസിഎലിന് കൈമാറും. പ്രതിദിനം 150 മെട്രിക് ടണ്‍ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന് സ്ഥാപിക്കുക. പ്ലാന്റില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന കംപ്രസ്സഡ് ബയോഗ്യാസ് ബിപിസിഎൽ ഉപയോഗിക്കും. ഏകദേശം 150 കോടി രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഈ തുക പൂർണമായും ബിപിസിഎൽ ആണ് വഹിക്കുക. പ്ലാൻറ് നിർമ്മാണത്തിന് ആവശ്യമായ ജലം, വൈദ്യുതി എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും. 15 മാസത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

പ്ലാന്റില്‍ ഉൽപാദിപ്പിക്കുന്ന ജൈവവളം കർഷകർക്ക് ലഭ്യമാക്കും. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മലിനജലം സംസ്കരിച്ച് ശുദ്ധമായ ജലം മാത്രമേ പുറത്തുവിടുകയുള്ളൂ. സംസ്കരണത്തിനു ശേഷം ബാക്കിയാവുന്ന അജൈവമാലിന്യം ക്ലീൻ കേരള കമ്പനി ഏറ്റെടുത്ത് സംസ്കരിക്കും. 7 ലക്ഷത്തിനടുത്ത് ജനസംഖ്യയും 1,61,000 ല്‍ അധികം വീടുകളും ഉള്ള കൊച്ചി കോർപ്പറേഷനില്‍ ജൈവമാലിന്യ പ്രശ്നം പലപ്പോഴും വലിയ വെല്ലുവിളിയായി മാറാറുണ്ട്.

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 387 സിവിൽ ഡിഫൻസ് വളണ്ടിയർമാർക്ക് ഇവർ അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഓരോ ദിവസത്തിനും ആയിരം രൂപ എന്ന കണക്കില്‍ പ്രചോദന ധനസഹായം അനുവദിക്കുന്നതിനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. .

സംസ്ഥാന സഹകരണ യൂണിയനിലെ പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പതിനൊന്നാം ശമ്പള പരിഷ്കരണം അനുവദിക്കും.സംസ്ഥാന സഹകരണ യൂണിയനിൽ ഡെപ്യൂട്ടി ജനറൽ മാനേജർ, കമ്പ്യൂട്ടർ അസിസ്റ്റൻറ് ഗ്രേഡ് 2 എന്നീ തസ്തികകൾ സൃഷ്ടിച്ച നടപടികൾക്ക് മന്ത്രിസഭ സാധൂകരണം നല്‍കി.