image

16 July 2026 5:27 PM IST

Policy

സിബിഎസ്ഇ തേഡ് ലാം​ഗ്വേജ് നയത്തിൽ ആശങ്കയുമായി സുപ്രീം കോടതി

MyFin Desk

സിബിഎസ്ഇ തേഡ് ലാം​ഗ്വേജ് നയത്തിൽ ആശങ്കയുമായി സുപ്രീം കോടതി
X

Summary

ഒൻപതാം ക്ലാസിൽ മാറ്റം കൊണ്ടുവരരുത്. ബോർഡ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഭാരമാകുമെന്ന് കോടതി.


സിബിഎസ്ഇയുടെ തേഡ് ലാം​ഗ്വേജ് നയത്തിൽ ആശങ്കയുമായി സുപ്രീം കോടതി. 9-ാം ക്ലാസ് മുതൽ തേഡ് ലാം​ഗ്വേജ് അവതരിപ്പിക്കരുത് എന്നും അത് വിദ്യാ‍ർത്ഥികൾക്ക് അധിക സമ്മർദ്ദം നൽകുമെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കുട്ടികൾ ബോ‍ർഡ് പരീക്ഷക്ക് തയ്യാറാകുന്നതിനാൽ പുതിയ പേപ്പ‍ർ അവ‍ർക്ക് അധിക സമ്മർദ്ദമാകും.

ജവഹർ നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിന് സംസ്ഥാനത്തിന് സൗകര്യമൊരുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതിനെതിരെ തമിഴ്‌നാട് സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് ശ്രദ്ധേയ നിരീക്ഷണം. നവോദയ പദ്ധതിയിലൂടെ തമിഴ്‌നാട്ടിലെ കുട്ടികൾക്ക് കേന്ദ്ര സ്കൂളുകളുടെ ആനുകൂല്യം നിഷേധിക്കരുതെന്ന് സർക്കാരിനെ കോടതി ഉപദേശിച്ചു. നവോദയ സ്കൂളുകളിൽ ചേരാനുള്ള അവസരം നിഷേധിക്കാതെ സംസ്ഥാനത്തിന് സ്വന്തമായി 'സ്വന്തം വിദ്യാഭ്യാസ സമ്പ്രദായം' അവതരിപ്പിക്കാം. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.വി. നാഗരത്നയുടേതാണ് നിരീക്ഷണം. ആറാം ക്ലാസിൽ മൂന്നാം ഭാഷ ഉൾപ്പെടുത്തണമെന്നും ഒമ്പതാം ക്ലാസിൽ നിർത്തണമെന്നും ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.

സിബിഎസ്ഇ നയം തിരുത്തുമോ?

സിബിഎസ്ഇ 9-ാം ക്ലാസ് മുതൽ മൂന്ന് ഭാഷകളുടെ പഠനം നിർബന്ധമാക്കിയിരുന്നു. ഇതിൽ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഇന്ത്യൻ മാതൃഭാഷകളായിരിക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. 2020 ലെ ദേശീയ വിദ്യാഭ്യാസ നയവുമായി യോജിപ്പിച്ചു കൊണ്ടാണ് പുതിയ നയം കൊണ്ടുവന്നത്. നയം അനുസരിച്ച് വിദ്യാർത്ഥികൾ മൂന്ന് ഭാഷകൾ പഠിക്കണം.

രണ്ട് ഇന്ത്യൻ ഭാഷകളും ഒരു വിദേശ ഭാഷയും തിരഞ്ഞെടുക്കാം. മൂന്നാം ഭാഷയ്ക്ക് 10-ാം ക്ലാസ് ബോർഡ് പരീക്ഷ ഉണ്ടാകില്ല. ഇന്റേണൽ സ്കൂൾ അസസ്‌മെന്റുകളിലൂടെ ​ഗ്രേഡിങ് വിലയിരുത്തപ്പെടും. വിദേശ ഭാഷയിലെ മോശം പ്രകടനം ഒരു വിദ്യാർത്ഥിക്ക് 10-ാം ക്ലാസ് ബോർഡുകളിൽ വിജയിക്കുന്നതിന് തടസ്സമാകില്ല. 2026 -27 ബാച്ചിനെ പുതിയ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്ന് സിബിഎസ്ഇ വ്യക്തമാക്കിയിരുന്നു.