image

24 Oct 2023 12:36 PM GMT

Politics

'അപ്രത്യക്ഷനായ' പ്രതിരോധമന്ത്രിയെ ചൈന പുറത്താക്കി

MyFin Desk

china sacks defense minister who disappeared
X

Summary

  • ഓഗസ്റ്റ് 29നുശേഷം പൊതുജനങ്ങള്‍ പ്രതിരോധമന്ത്രിയെ കണ്ടിട്ടില്ല
  • കാണാതായശേഷം പുറത്താക്കപ്പെടുന്ന ഈ വര്‍ഷത്തെ രണ്ടാമത്തെ നേതാവ്
  • പുതിയ രണ്ട് മന്ത്രിമാരെയും നിയമിച്ചിട്ടുണ്ട്


ചൈനീസ് പ്രതിരോധമന്ത്രിയായ ലി ഷാങ്ഫുവിനെ തല്‍സ്ഥാനത്തുനിന്ന് പുറത്താക്കിയതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ സിസിടിവി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ട് മാസമായി ഷാങ്ഫു പൊതു ചടങ്ങുകളില്‍നിന്ന് അപ്രത്യക്ഷനായിരുന്നു.

ഷി ജിന്‍പിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കിയതിന് പിന്നിലെ കാരണം മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ബെയ്ജിംഗ് ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല.

ഓഗസ്റ്റ് 29 ന് ഒരു പൊതു പ്രസംഗത്തിന് ശേഷം ഷാങ്ഫു പൊതു ജീവിതത്തില്‍ നിന്ന് പെട്ടന്ന് അപ്രത്യക്ഷനാകുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ (സിപിസി) ഈ വര്‍ഷം കാണാതായ രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥനാണ് അദ്ദേഹം. നേരത്തെ, വിദേശകാര്യ മന്ത്രി ക്വിന്‍ ഗാംഗ് മാര്‍ച്ചില്‍ പൊതു ചടങ്ങുകളില്‍നിന്ന് കാണാതായിരുന്നു. അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി ജൂലൈയില്‍ ബെയ്ജിംഗ് പ്രഖ്യാപിച്ചു.

സിസിടിവി റിപ്പോര്‍ട്ട് അനുസരിച്ച്, നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഷാങ്ഫുവിനെ പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ വോട്ടുചെയ്തു. വിദേശകാര്യ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട് മൂന്ന് മാസത്തിന് ശേഷം ഗാംഗിനെ ദേശീയ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ അവര്‍ വോട്ട് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ചൈനയുടെ ശാസ്ത്ര സാങ്കേതിക മന്ത്രിയായി യിന്‍ ഹെജൂനെയും ധനമന്ത്രിയായി ലാന്‍ ഫോനെയും നിയമിക്കുന്നതിനും പാനല്‍ അനുമതി നല്‍കി.

മന്ത്രിസഭാ പുനഃസംഘടനയെ തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ചിലാണ് ഷാങ്ഫുവിനെ പ്രതിരോധ മന്ത്രിയായി നിയമിച്ചത്. ഗാംഗിനെ നീക്കം ചെയ്യുന്നതിനൊപ്പം അദ്ദേഹത്തിന്റെ പുറത്താക്കലും ചൈനയുടെ പ്രതിരോധത്തിലോ വിദേശ നയങ്ങളിലോ മാറ്റമൊന്നും ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു.

നിലവിലെ ആഭ്യന്തര സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ പാര്‍ട്ടിയില്‍ തന്റെ നേതൃത്വം ഉറപ്പിക്കാനും അധികാരം ഉയര്‍ത്താനുമുള്ള പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സമീപകാല നീക്കങ്ങളുമായി ഈ പുറത്താക്കലിനു ബന്ധമുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.