image

9 Jun 2023 7:44 AM GMT

Politics

നിര്‍മല സീതാരാമന്റെ മകള്‍ വിവാഹിതയായി; വരന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍

MyFin Desk

nirmala sitharamans daughters marriage
X

Summary

  • പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായ പ്രതീക് ദോഷി ആണ് വരന്‍
  • മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഓഫീസില്‍ റിസര്‍ച്ച് അസിസ്റ്റന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്
  • നിര്‍മല സീതാരാമന്റെ മകള്‍ പറകാല വാംഗ്മയി മിന്റ് ലോഞ്ചില്‍ മാധ്യമപ്രവര്‍ത്തകയാണ്.


കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്റെ മകള്‍ പറകാല വാംഗ്മയി വിവാഹിതയായി. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഉദ്യോഗസ്ഥനായ പ്രതീക് ദോഷി ആണ് വരന്‍. ഗുജറാത്ത് സ്വദേശിയാണ് പ്രതീക്.

ജൂണ്‍ എട്ടിന് ബെംഗളുരുവില്‍ നടന്ന ലളിതമായ ചടങ്ങില്‍ ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. രാഷ്ട്രീയ നേതാക്കളോ വിഐപികളോ പങ്കെടുത്തിരുന്നില്ല.

ഉഡുപ്പി അഡമാരു മഠത്തിലെ പുരോഹിതന്മാരുടെ കാര്‍മികത്വത്തില്‍ ബ്രാഹ്‌മണ ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

നിര്‍മല സീതാരാമന്റെ മകള്‍ പറകാല വാംഗ്മയി മിന്റ് ലോഞ്ചില്‍ (Mint Lounge) മാധ്യമപ്രവര്‍ത്തകയാണ്. ദ ഹിന്ദു പത്രത്തില്‍ ഫീച്ചര്‍ റൈറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര, ദേശീയ മാധ്യമ സ്ഥാപനങ്ങളുമായും വാംഗ്മയി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയതിനു ശേഷം നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ മെഡില്‍ സ്‌കൂള്‍ ഓഫ് ജേണലിസത്തില്‍ നിന്നും മാധ്യമപ്രവര്‍ത്തനത്തില്‍ എംഎസ് നേടി.

പ്രതീക് ആകട്ടെ, 2019 ജൂണ്‍ മുതല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലാണ്. ജോയിന്റ് സെക്രട്ടറി റാങ്കാണിത്.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഓഫീസില്‍ റിസര്‍ച്ച് അസിസ്റ്റന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സിംഗപ്പൂര്‍ മാനേജ്‌മെന്റ് സ്‌കൂളില്‍ നിന്നും ബിരുദം കരസ്ഥമാക്കി.

നിര്‍മല സീതാരാമന്റെ ഭര്‍ത്താവ് പറകാല പ്രഭാകര്‍ പൊളിറ്റിക്കല്‍ ഇക്കണോമിസ്റ്റാണ്. അദ്ദേഹം കമ്യൂണിക്കേഷന്‍ അഡൈ്വസറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 2014 ജുലൈ മുതല്‍ 2018 ജൂണ്‍ വരെ ആന്ധ്രപ്രദേശ് സര്‍ക്കാരില്‍ ക്യാബിനറ്റ് റാങ്കിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.

കേന്ദ്ര ധനകാര്യമന്ത്രിയായ നിര്‍മല സീതാരാമന്‍ സാമ്പത്തിക വിദഗ്ധ എന്ന നിലയിലും അറിയപ്പെടുന്ന വ്യക്തിത്വമാണ്. സാമ്പത്തിക ശാസ്ത്രത്തില്‍ എംഫില്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2006-ലാണ് ബിജെപിയില്‍ ചേര്‍ന്നത്. 2010 മുതല്‍ പാര്‍ട്ടിയുടെ വക്താവായി. 2003 മുതല്‍ 2005 വരെ ദേശീയ വനിതാ കമ്മിഷന്‍ അംഗമായിരുന്നു.

2014-ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോള്‍ വാണിജ്യവ്യവസായ മന്ത്രാലയത്തിന്റെയും കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെയും സഹമന്ത്രിയായി. അതേ വര്‍ഷം ജൂണില്‍ ആന്ധ്രാപ്രദേശില്‍ നിന്നും രാജ്യസഭാംഗവുമായി. 2017 മുതല്‍ പ്രതിരോധവകുപ്പ് മന്ത്രിയായി. 2019-ല്‍ നരേന്ദ്ര മോദി രണ്ടാമതും പ്രധാനമന്ത്രിയായപ്പോള്‍ നിര്‍മല സീതാരാമന്‍ ധനകാര്യവകുപ്പ് മന്ത്രിയുമായി.

2022-ല്‍ ലോകത്തിലെ ഏറ്റവും ശക്തരായ 100 സ്ത്രീകളുടെ ഫോര്‍ബ്‌സിന്റെ പട്ടികയില്‍ 36-ാം സ്ഥാനത്തായിരുന്നു നിര്‍മല സീതാരാമന്‍.

1959 ഓഗസ്റ്റ് 18-നാണ് നിര്‍മല സീതാരാമന്‍ തമിഴ്‌നാട്ടിലെ മധുരയില്‍ സാവിത്രിയുടെയും നാരായണ്‍ സീതാരാമന്റെയും മകളായി ജനിച്ചത്. ഒരു തമിഴ് അയ്യങ്കാര്‍ ബ്രാഹ്‌മണ കുടുംബമാണ് നിര്‍മല സീതാരാമന്റേത്. 1984-ല്‍ ഡല്‍ഹി ജെഎന്‍യുവില്‍ പഠിക്കുമ്പോഴാണ് നിര്‍മല സീതാരാമന്‍ പറകാല പ്രഭാകറിനെ പരിചയപ്പെട്ടത്. 1986-ല്‍ ഇരുവരും വിവാഹിതരായി. ഇവര്‍ക്ക് വാംഗ്മയി എന്ന ഒരു മകള്‍ മാത്രമാണുള്ളത്.

ഈ വര്‍ഷം ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതോടെ ഏറ്റവും കൂടുതല്‍ തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച വനിതാ കേന്ദ്രമന്ത്രി കൂടിയായി നിര്‍മല സീതാരാമന്‍. 2023-ലെ ബജറ്റ് നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ അഞ്ചാമത്തെ കേന്ദ്ര ബജറ്റ് കൂടിയായിരുന്നു.

ഇന്ത്യയില്‍ ആദ്യമായി പേപ്പര്‍ലെസ് ബജറ്റ് അവതരിപ്പിച്ചതും ഏറ്റവും നീണ്ട ബജറ്റ് പ്രസംഗം നടത്തിയ ധനമന്ത്രിയും നിര്‍മല സീതാരാമനാണ്. 2020 ഫെബ്രുവരി ഒന്നിന് നിര്‍മല അവതരിപ്പിച്ച 2020-21 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റിന്റെ ദൈര്‍ഘ്യം 165 മിനിറ്റായിരുന്നു. 2 മണിക്കൂറും 45 മിനിറ്റും.

പേപ്പര്‍ലെസ് ബജറ്റ് അവതരിപ്പിച്ചത് 2021-22 സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്ര ബജറ്റാണ് നിര്‍മല ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ അവതരിപ്പിച്ചത്. ടാബ്‌ലെറ്റിലൂടെ ബജറ്റ് പ്രസംഗം വായിച്ചു കഴിഞ്ഞപ്പോള്‍ തന്നെ ബജറ്റ് രേഖകള്‍ മൊബൈല്‍ ആപ്പുകള്‍ വഴി ലഭ്യമാക്കുകയും ചെയ്തു.