image

11 Oct 2023 10:17 AM GMT

Politics

ക്രിപ്‌റ്റോ വേട്ടയുമായി ഇസ്രയേല്‍

MyFin Desk

Israel on the hunt for crypto
X

Summary

  • ക്രിപ്‌റ്റോകറന്‍സി വാലറ്റില്‍നിന്നും 30ലക്ഷം തട്ടിയതായി ഇന്ത്യയില്‍ പരാതി
  • അന്വേഷണം എത്തിനില്‍ക്കുന്നത് ഹമാസില്‍
  • സംഘടനകള്‍ അതിവേഗ ധനസമ്പാദനത്തിലെന്ന് സൂചന


ഹമാസിന്റെ സാമ്പത്തിക സ്രോതസുകളുടെ ചിറകരിയാന്‍ ഇസ്രയേല്‍. കാരണം ഒരു മിന്നലാക്രമണത്തിനുള്ള സമ്പത്ത് അവര്‍ എങ്ങനെ സ്വരൂപിച്ചു എന്നത് ഇസ്രയേലിന്റെ സുരക്ഷാവീഴ്ചക്കൊപ്പം ലോകത്ത് ചര്‍ച്ചചെയ്യപ്പെടുകയാണ്. യുദ്ധം ആരംഭിച്ച് മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും അതിനുപിന്നിലുള്ള ക്രിപ്ര്‌റ്റോ ഫണ്ടിംഗ് സ്രോതസുകള്‍ മറനീക്കി പുറത്തുവരാന്‍ തുടങ്ങി.

ക്രിപ്റ്റോ ഫണ്ടുകള്‍ തീവ്രവാദ ഗ്രൂപ്പുകളിലേക്ക് ഒഴുകുന്നു എന്നതാണ് യുദ്ധത്തെത്തുടര്‍ന്ന് നടക്കുന്ന അന്വേഷണങ്ങളില്‍വ്യക്തമാകുന്നത്. ഹമാസ്, പലസ്തീന്‍ ഇസ്ലാമിക് ജിഹാദ്, അവരുടെ ലെബനന്‍ സഖ്യകക്ഷിയായ ഹിസ്ബുള്ള എന്നീ സംഘടനകളുടെ ഫണ്ടിന്റെ ഉറവിടം സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്.

റിപ്പോര്‍ട്ട് അനുസരിച്ച്, പാലസ്തീന്‍ ഇസ്ലാമിക് ജിഹാദുമായി ബന്ധിപ്പിച്ച ഡിജിറ്റല്‍ കറന്‍സി വാലറ്റുകള്‍ക്ക് 2021 ഓഗസ്റ്റ് മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെ 93 ദശലക്ഷം ഡോളര്‍ ക്രിപ്റ്റോകറന്‍സി ലഭിച്ചു. പ്രശസ്ത ക്രിപ്റ്റോ ഗവേഷകനായ എലിപ്റ്റിക് നടത്തിയ സമഗ്രമായ വിശകലനം റിപ്പോര്‍ട്ട് ഉദ്ധരിക്കുന്നുണ്ട്.

അതിനിടെ, ഒരു ഇന്ത്യന്‍ ക്രിപ്റ്റോ ഹീസ്റ്റ് അന്വേഷണത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ ലഭിച്ചു. തന്‍റെ ക്രിപ്റ്റോകറന്‍സി വാലറ്റില്‍ നിന്ന് ഏകദേശം 30 ലക്ഷം രൂപ വിലമതിക്കുന്ന ക്രിപ്റ്റോകറന്‍സികള്‍ തട്ടിയെടുത്തതായി ഒരു പരാതിക്കാരന്‍ ആരോപിക്കുന്നു. ആദ്യം പിഎസ്-പശ്ചിം വിഹാറില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് കോടതി ഉത്തരവനുസരിച്ച് ഡല്‍ഹിയിലെ സ്‌പെഷ്യല്‍ സെല്ലിലെ സൈബര്‍ ക്രൈം യൂണിറ്റിലേക്ക് മാറ്റിയിട്ടുണ്ട്.

അന്വേഷണത്തിനിടെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളാണ് ഉണ്ടായിട്ടുള്ളത്.പലസ്തീന്‍ സംഘടനയായ ഹമാസിന്റെ സൈനിക വിഭാഗമായ അല്‍-ഖസ്സാം ബ്രിഗേഡുകളുമായി ബന്ധപ്പെട്ട വാലറ്റുകളിലും ഇസ്രയേലിന്റെ നാഷണല്‍ ബ്യൂറോ ഫോര്‍ കൗണ്ടര്‍ ടെറര്‍ ഫിനാന്‍സിങ് ഇതിനകം പിടിച്ചെടുത്ത വാലറ്റുകളിലുമാണ് ക്രിപ്റ്റോകറന്‍സികള്‍ സംബന്ധിച്ച അന്വേഷണം ചെന്നെത്തിയത്.

ക്രിപ്റ്റോകറന്‍സികളുടെ ഗണ്യമായ ഭാഗം, കൈമാറ്റം ചെയ്യപ്പെട്ട മറ്റ് വാലറ്റുകള്‍ എന്നിവ ഈജിപ്തിലെ ഗിസയില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. അത്തരമൊരു വാലറ്റ് ഈജിപ്തിലെ ഗിസയില്‍ താമസിക്കുന്ന അഹമ്മദ് മര്‍സൂഖിന്റെതായിരുന്നു. മറ്റൊരു വാലറ്റ് പലസ്തീനിലെ റാമല്ലയില്‍ താമസിക്കുന്ന അഹമ്മദ് ക്യു എച്ച് സഫിയുടേതും.

ക്രിപ്റ്റോകറന്‍സികള്‍ വിവിധ സ്വകാര്യ വാലറ്റുകളിലൂടെ ഒഴുകുകയും ഒടുവില്‍ ഗാസ, ഈജിപ്റ്റ്, ഹമാസിന്റെ സൈനിക വിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന വാലറ്റുകളിലും എത്തുകയും ചെയ്തു. ഈ വാലറ്റുകളില്‍ ഒന്ന് ഇസ്രയേലിലെ നാഷണല്‍ ബ്യൂറോ ഫോര്‍ കൗണ്ടര്‍ ടെറര്‍ ഫിനാന്‍സിങ്ങ് ഇതിനകം പിടിച്ചെടുത്ത് മരവിപ്പിച്ചുവെന്നത് ശ്രദ്ധേയമാണ്. പരാതിക്കാരന്റെ വാലറ്റില്‍ നിന്ന് ബിറ്റ്കോയിനുകളും മറ്റ് ക്രിപ്റ്റോകറന്‍സികളും വഞ്ചനാപരമായ രീതിയില്‍ മാറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തി.

മറ്റ് ക്രിപ്റ്റോ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഇസ്രയേല്‍ അതിവേഗ നടപടി സ്വീകരിക്കുകയാണ്. യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ക്രിപ്റ്റോകറന്‍സികള്‍ അവരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാന്‍ പൊതുജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ വഴി ഹമാസ് ധനസമാഹരണ കാമ്പയിന്‍ ആരംഭിച്ചുവെന്ന സംശയത്തിലാണ് ഇസ്രയേല്‍ അതിവേഗ നടപടി സ്വീകരിച്ചിട്ടുള്ളത്.

മരവിപ്പിച്ച അക്കൗണ്ടുകളുടെ എണ്ണവും പിടിച്ചെടുത്ത ക്രിപ്റ്റോകറന്‍സികളുടെ മൂല്യവും സംബന്ധിച്ച കൃത്യമായ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ക്രിപ്റ്റോകറന്‍സിയെ ഒരു ധനസമാഹരണ രീതിയായി ഹമാസ് ചരിത്രപരമായി അംഗീകരിച്ചിരുന്നു.

ഏപ്രിലില്‍, ക്രിപ്റ്റോകറന്‍സി ബിറ്റ്കോയിന്‍ വഴിയുള്ള ധനസമാഹരണം സ്വീകരിക്കുന്നത് അവസാനിപ്പിക്കുമെന്നും ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു.