image

13 Jan 2023 3:45 PM IST

Kerala

ജിഎസ്ടി ഉദ്യോഗസ്ഥരെ പുനര്‍വിന്യസിച്ചു

Kozhikode Bureau

ജിഎസ്ടി ഉദ്യോഗസ്ഥരെ പുനര്‍വിന്യസിച്ചു
X

Summary

  • ജനുവരി 10 ന് മുമ്പ് പൂര്‍ത്തിയാക്കേണ്ട നടപടി ക്രമങ്ങളില്‍ ഏറെ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് രണ്ടു ദിവസത്തിനു ശേഷം ഉത്തരവിറങ്ങിയത്


കോഴിക്കോട്: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ പുനഃസംഘടനയുടെ ഭാഗമായി ഏറ്റവും ഉയര്‍ന്ന തസ്തികകളായ അഡീഷണല്‍ കമ്മീഷണര്‍, ജോയിന്റ് കമ്മീഷണര്‍ തുടങ്ങിയവയിലേക്കുള്ള നിയമനത്തിന് സര്‍ക്കാര്‍ ഉത്തരവായി.

ഏറെ അനിശ്ചിതങ്ങള്‍ക്കൊടുവില്‍ ഇന്നലെ രാത്രിയോടെയാണ് നിയമന ഉത്തരവു വന്നത്. അഡീഷണല്‍ കമ്മീഷണര്‍ തസ്തികയില്‍ നിലവിലുള്ള മൂന്ന് ഉദ്യോഗസ്ഥരെയും ഓഡിറ്റ്, അപ്പീല്‍, ടാക്‌സ് പെയര്‍ എന്നീ വിഭാഗങ്ങളിലായി നിയമിക്കുകയാണ് ഉണ്ടായത്. ഓഡിറ്റ് അപ്പീല്‍ വിഭാഗങ്ങളിലെ അഡീഷണല്‍ കമ്മീഷണര്‍മാര്‍ ഇനി എറണാകുളം കേന്ദ്രീകരിച്ച് ആയിരിക്കും പ്രവര്‍ത്തിക്കുക.

സംസ്ഥാനത്ത് 38 ജോയിന്റ് കമ്മീഷണര്‍മാരെയും പുന: സംഘടനയുടെ ഭാഗമായി മാറ്റി നിയമിച്ചു. ടാക്‌സ് പെയര്‍ സര്‍വീസ് 15, ഓഡിറ്റ് 7 , ഇന്റലിജന്‍സ് മൂന്ന്, ലോ, ഹെഡ് കോര്‍ട്ടേഴ്‌സ് ഓഡിറ്റ്, ഹെഡ് കോര്‍ട്ടേഴ്‌സ് ടാക്‌സ് പെയര്‍ ഒന്നു വീതം, അപ്പീല്‍ ആറ് ഡിപ്പാര്‍ട്ട്‌മെന്റ് മെമ്പര്‍ ട്രിബ്യൂണല്‍ നാല് എന്നിങ്ങനെയാണ് നിയമനം.

തൊട്ടു താഴെയുള്ള ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ ഉത്തരവ് ഇറങ്ങിയിട്ടില്ല. ഈ ഉത്തരവും സര്‍ക്കാരില്‍ നിന്നാണ് ഇറങ്ങേണ്ടത് . തുടര്‍ന്ന് അസിസ്റ്റന്റ് കമ്മീഷണര്‍, സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍, അസി. സ്റ്റേറ്റ് ഓഫീസര്‍, സീനിയര്‍ ടാക്‌സ് അസിസ്റ്റന്റ്, ക്ലര്‍ക്ക് തുടങ്ങിയവരുടെ സ്ഥലംമാറ്റ ഉത്തരവ് ചരക്ക് സേവന നികുതി കമ്മീഷണര്‍ പുറപ്പെടുവിക്കും.

ജനുവരി 10 ന് മുമ്പ് പൂര്‍ത്തിയാക്കേണ്ട നടപടി ക്രമങ്ങളില്‍ ഏറെ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് രണ്ടു ദിവസത്തിനു ശേഷം ഉത്തരവിറങ്ങിയത്. ഇനി ഡെപ്യൂട്ടി കമ്മിഷണര്‍ തൊട്ട് താഴേക്കുള്ള തസ്തികകളിലെ ഉദ്യോഗസ്ഥ പുനര്‍വിന്യാസം കൂടി പൂര്‍ത്തീകരിക്കുന്നതോടെ ജിഎസ്ടി ഓഫിസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തൂ. ഇതോടെ നികുതി വെട്ടിപ്പിനും സാമ്പത്തിക പ്രതിസന്ധിക്കും ഒരു പരിധി വരെ അറുതിയാകും. 2022 ജൂലൈ മുതല്‍ കേന്ദ്രം ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതിനാല്‍ തനതു വരുമാനം വര്‍ധിപ്പിക്കുകയല്ലാതെ സര്‍ക്കാരിനു മുമ്പില്‍ വേറെ വഴികളില്ല.