image

14 Jan 2023 9:00 AM GMT

Kerala

സ്വതന്ത്ര സോഫ്റ്റ് വെയര്‍ രംഗത്തെ വിജയഗാഥയൊരുക്കാന്‍ ഐസിഫോസ് വിന്റര്‍ സ്‌കൂള്‍ നാലാം പതിപ്പ്

Tvm Bureau

സ്വതന്ത്ര സോഫ്റ്റ് വെയര്‍ രംഗത്തെ വിജയഗാഥയൊരുക്കാന്‍ ഐസിഫോസ് വിന്റര്‍ സ്‌കൂള്‍ നാലാം പതിപ്പ്
X

Summary

  • വിദേശ സര്‍വകലാശാലകളിലും ഐഐടികളിലുമാണ് ഇത്തരം വിന്റര്‍, സമ്മര്‍ സ്‌കൂളുകള്‍ സാധാരണയായി നടത്തി വരുന്നത്


സ്വതന്ത്ര സോഫ്റ്റ് വെയര്‍ രംഗത്തെ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ് വെയര്‍ കേന്ദ്രം (ഐസിഫോസ്) വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന വിന്റര്‍ സ്‌കൂളിന്റെ നാലാം പതിപ്പ് ഫെബ്രുവരി ആറ് മുതല്‍ ഫെബ്രുവരി 18 വരെ ഐസിഫോസിലെ സ്പോര്‍ട്സ് ഹബ് ക്യാമ്പസില്‍ സംഘടിപ്പിക്കും.

കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) പങ്കാളിത്തത്തോടെയാണ് പരിപാടി നടത്തുന്നത്. സ്വതന്ത്ര സോഫ്റ്റ് വെയര്‍ മേഖലയില്‍ വനിതാ ഗവേഷകര്‍ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

നാച്വറല്‍ ലാംഗ്വേജ് പ്രൊസസിംംഗ്, മെഷീന്‍ലേണിംഗ്, ഡാറ്റാ അനലറ്റിക്സ് എന്നീ നൂതന വിഷയങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ വിന്റര്‍ സ്‌കൂളിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഗവേഷകര്‍, അധ്യാപകര്‍, കമ്പനി പ്രൊഫഷണലുകള്‍ തുടങ്ങിയ മേഖലകളില്‍ നിന്ന് നൂറ്റമ്പതിലധികം വനിതകളാണ് മൂന്ന് ഘട്ടങ്ങളിലായി പരിശീലനം പൂര്‍ത്തിയാക്കിയത്.

വിദേശ സര്‍വകലാശാലകളിലും ഐഐടികളിലുമാണ് ഇത്തരം വിന്റര്‍, സമ്മര്‍ സ്‌കൂളുകള്‍ സാധാരണയായി നടത്തി വരുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ ഐസിഫോസ്സ് സംഘടിപ്പിച്ച മൂന്ന് വിന്റര്‍ സ്‌കൂളുകളിലും കേരളത്തിന് അകത്ത് നിന്നും പുറത്ത് നിന്നും പ്രാതിനിധ്യം ഉണ്ടായിരുന്നു. യന്ത്രവിവര്‍ത്തനവും സ്വാഭാവിക ഭാഷാസംസ്‌കരണവും ആണ് നാലാം പതിപ്പിന്റെ വിഷയം. ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളിലേയും സാങ്കേതിക രംഗത്തെ പ്രമുഖ സ്ഥാപനങ്ങളിലേയും വിദഗ്ധരാണ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ജെന്റര്‍ ആന്‍ഡ് ടെക്നോളജി പദ്ധതിയുടെ ഭാഗമായി നടത്തുന്നതുകൊണ്ടുതന്നെ സ്ത്രീകളെ മാത്രമാണ് പരിപാടിയില്‍ പ്രതിനിധികളായി പ്രതീക്ഷിക്കുന്നത്. https://schools.icfoss.org വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 28. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7356610110, 9400225962, 2700012/13, 0471 2413013. എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.