image

11 March 2023 5:00 AM GMT

Kerala

ഇ-ഇൻവോയ്‌സിന്റെ അഭാവത്തിൽ കേരളത്തിന് ജി എസ് ടി യിൽ നഷ്ടമാകുന്നത് കോടികൾ

C L Jose

GST news malayalam
X

Summary

  • 10 കോടിയിൽ താഴെ വിറ്റുവരവുള്ളവർ ഇ-ഇൻവോയ്‌സുകൾ ഉയർത്തേണ്ടതില്ല.
  • നികുതി അടയ്‌ക്കുന്നതിന് മുമ്പ് ചരക്ക് ക്ലിയറൻസ് അനുവദിക്കരുത്
  • 2023 ഫെബ്രുവരിയിൽ കേരളത്തിന്റെ ജിഎസ്ടി വരുമാനം വാർഷികാടിസ്ഥാനത്തിൽ 12 ശതമാനം മാത്രം വർധിച്ച് 2,326 കോടി രൂപയായി.


തിരുവനന്തപുരം: ‘യഥാർത്ഥ ഉപഭോക്തൃ സംസ്ഥാനം’ എന്ന വിശേഷണത്തിൽ കേരളം അറിയപ്പെട്ടിട്ടും രാജ്യത്തെ മറ്റു വലിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ജിഎസ്ടി വരുമാനം ബഹുദൂരം പിന്നിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. തന്ത്രശാലികളായ ഒരുകൂട്ടം ഓപ്പറേറ്റർമാരാണ് വലിയ രീതിയിൽ നികുതി വെട്ടിപ്പ് നടത്തി ഭരണ സംവിധാനത്തെ ഇത്തരത്തിൽ കബളിപ്പിക്കുന്നത്.

നിർമ്മാതാവ് മുതൽ അന്തിമ ഉപഭോക്താവ് വരെയുള്ള മുഴുവൻ വിതരണ ശൃംഖലയിലെയും ചില ഇടപാടുകൾ നികുതി വ്യവസ്ഥയ്ക്ക് പുറത്ത് പ്രവർത്തിക്കുകയും അതുമൂലം സർക്കാരിന് വമ്പിച്ച നികുതി വരുമാനം നിഷേധിക്കപ്പെടുകയും ചെയ്യുന്നു എന്നാണ് ഈക്കാര്യത്തെക്കുറിച്ച് അറിവുള്ള വൃത്തങ്ങൾ പറയുന്നത്.

പൊതുവെ കേരളത്തിൽ നിന്നല്ലാതെ മറ്റിടങ്ങളിൽ നിന്നും വരുന്ന ഇത്തരം സാധനങ്ങളുടെ അന്തിമ ഉപഭോക്താവ് സംസ്ഥാനത്തിനുള്ളിൽ തന്നെയാവുമ്പോൾ ചരക്കു സേവന നികുതി നൽകാതിരിക്കുന്നത് സംസ്ഥാനത്തിന്റെ വരുമാനത്തെ ദോഷകരമായി ബാധിക്കുന്നു.

“ഐടി സംബന്ധിച്ച ഘടകങ്ങൾ, മാർബിൾ-ടൈലുകൾ തുടങ്ങി ഫ്ളോറിങ് സാമഗ്രികൾ, വാച്ചുകൾ, വാച്ച് ഭാഗങ്ങൾ, ക്യാമറയുടെ ഭാഗങ്ങൾ എന്നിവ ഇങ്ങനെ നികുതി വലയ്‌ക്ക് പുറത്ത് പൊതുവെ നീങ്ങുന്നതായി പറയപ്പെടുന്ന ചില ഇനങ്ങളാണ്,” മൈഫിൻപോയിന്റിനോട് ഒരാൾ വ്യക്തമാക്കി.

ഒരു പ്രത്യേക ഇടപാടിലെ മുഴുവൻ ചരക്കുകളും നികുതി വലയ്ക്ക് പുറത്ത് നീങ്ങുന്നു എന്നല്ല, മറിച്ച് അവർ വിതരണത്തിന്റെ ഒരു നിശ്ചിത അനുപാതം നിശ്ചയിക്കുന്നു, അതായത് 60 ശതമാനം, നികുതി റൂട്ടിന് പുറത്ത് ഇടപാട് നടക്കുന്നു എന്നാണ് ഇതുകൊണ്ടു വ്യക്തമാവുന്നത് എന്നാണ് ഈ ഓപ്പറേറ്റർമാരുടെ പ്രവർത്തനരീതിയെക്കുറിച്ചു വിശദീകരിക്കുന്നതിനിടയിൽ ചില വൃത്തങ്ങൾ പറഞ്ഞത്.

40 ലക്ഷം രൂപയ്ക്കും 10 കോടി രൂപയ്ക്കും ഇടയിൽ വാർഷിക വിറ്റുവരവുള്ള വിതരണക്കാരന് തങ്ങളുടെ ഇടപാടുകൾക്കെതിരെ ഇ-ഇൻവോയ്‌സുകൾ ഫയൽ ചെയ്യേണ്ട ആവശ്യമില്ലാത്തതിനാൽ അവരാണ് ഇത്തരം നികുതിവെട്ടിപ്പുകൾ കൂടുതലും നടത്തുന്നത്.

(40 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള ബിസിനസുകൾ ജിഎസ്ടിയിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല എന്നത് പോലെ 10 കോടിയിൽ താഴെ വിറ്റുവരവുള്ളവർ ഇ-ഇൻവോയ്‌സുകൾ ഉയർത്തേണ്ടതില്ല.)

ഇ-ഇൻവോയ്‌സുകളിലൂടെ ഇടപാട് നടത്തുന്ന വമ്പൻ വിതരണക്കാരിൽ നിന്ന് (10 കോടി രൂപയ്ക്ക് മുകളിൽ) വ്യത്യസ്തമായി സാധനങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിയാൽ ചെറു വിതരണക്കാർ പേപ്പർ ഇൻവോയ്‌സുകൾ നശിപ്പിക്കുന്ന സംഭവങ്ങളുമുണ്ടെന്നാണ് ഇത്തരം ഇടപാടുകളെക്കുറിച്ചറിയാവുന്ന മറ്റു ചിലർ പറയുന്നത്.

സാധനങ്ങൾ നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ഈ (പേപ്പർ) ഇൻവോയ്‌സുകളിൽ ഏതെങ്കിലുമൊന്ന് പരിശോധിക്കപ്പെടുകയാണെങ്കിൽ പോലും, വിതരണക്കാർ ആ പ്രത്യേക ഇൻവോയ്‌സുകൾക്കെതിരെ മാത്രം നികുതി അടച്ച് രക്ഷപെടുന്നു. .

മൈഫിൻപോയിന്റ്നോട് സംസാരിക്കുമ്പോൾ, തൃശൂർ ആസ്ഥാനമായുള്ള ചേറ്റുപുഴ ലീഗൽ സർവീസസിലെ (CLS) ജോയ് ചേറ്റുപുഴ പറഞ്ഞത് നിലവിലെ സംവിധാനത്തിൽ ചരക്ക് വിതരണക്കാർക്ക് (ടാക്സ് അടക്കേണ്ടവർക്ക്) ഇടപാട് റിപ്പോർട്ട് ചെയ്യാൻ അടുത്ത മാസം 10 വരെ സമയമുള്ളതിനാൽ മാത്രമാണ് ഇത്തരം വെട്ടിപ്പ് സാധ്യമാകുന്നത് എന്നാണ്; കൂടാതെ അടുത്ത മാസം 20 വരെ അവർക്ക് നികുതി അടക്കാൻ സമയവുമുണ്ട്.

"ഓരോ തവണയും നികുതി അടച്ചതിന് ശേഷം മാത്രമേ സാധനങ്ങൾ കമ്പനി പരിസരത്ത് നിന്ന് കൊണ്ടുപോകാൻ കഴിയൂ എന്ന് വ്യവസ്ഥ നിർബന്ധമാക്കിയാൽ, നികുതി വെട്ടിപ്പ് എന്ന ചോദ്യമേ ഉദിക്കുന്നില്ല," ജിഎസ്ടി സമ്പ്രദായത്തിന്റെ നൂലാമാലകൾ വിശദീകരിക്കവെ ചേറ്റുപുഴ പറഞ്ഞു.

നികുതിവെട്ടിപ്പ് പരമാവധി കുറയ്ക്കുന്നതിന് കേരളത്തിലെ നികുതി ഉദ്യോഗസ്ഥർ നല്ല രീതിയിൽ പ്രവർത്തിക്കുകയാണെന്നും എന്നാൽ ഈ സംവിധാനത്തിന് തന്നെ പഴുതുകളുണ്ടെങ്കിൽ വെട്ടിപ്പ് തടയാൻ കാര്യമായൊന്നും അവർക്കു ചെയ്യാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൈഫിൻപോന്റിനു ലഭിച്ച സംസ്ഥാന നികുതി (ഇന്റലിജൻസ്), ജിഎസ്ടി (ഇടുക്കി) ഡെപ്യൂട്ടി കമ്മീഷണർ അയച്ച ഔദ്യോഗിക കത്തിൽ ഇടുക്കി ജില്ലയ്ക്ക് കീഴിലുള്ള ഒരു ഗ്രാമപഞ്ചായത്തിലെ ജിഎസ്ടി ഇൻവോയ്സുകളിൽ നടത്തിയ ഓഡിറ്റിൽ ഒന്നൊഴികെ എല്ലാ ഇൻവോയ്‌സുകളും വ്യാജമാണ് എന്നും അത്രത്തോളം നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്നും കണ്ടെത്തിയതായി അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്..

2023 ഫെബ്രുവരിയിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം വാർഷികാടിസ്ഥാനത്തിൽ 12 ശതമാനം മാത്രം വർധിച്ച് (YOY) 2,326 കോടി രൂപയായി; കഴിഞ്ഞ വര്ഷം ഫെബ്രുവരിയിൽ ഇത് 2,074 കോടി രൂപയായിരുന്നു.

ഇതേ കാലയളവിൽ, എല്ലാ സംസ്ഥാനങ്ങളുടെയും മൊത്തം ജിഎസ്ടി വരുമാനം 15 ശതമാനം വർധിച്ച് 98,550 കോടി രൂപയിൽ നിന്ന് 1,13,096 കോടി രൂപയായി.

അതേ കാലയളവിൽ, തെലങ്കാന ഒഴികെയുള്ള മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ജിഎസ്ടി വരുമാനത്തിൽ വളരെ മെച്ചപ്പെട്ട വളർച്ച രേഖപ്പെടുത്തി.

തമിഴ്‌നാടിന്റെ കാര്യത്തിൽ വളർച്ച 19 ശതമാനമാണ്, 7,393 കോടിയിൽ നിന്ന് 8,774 കോടിയായി;ആന്ധ്രാപ്രദേശിന്റെ 13 ശതമാനം വർധിച്ച് 3,157 കോടി രൂപയിൽ നിന്ന് 3,557 കോടി രൂപയായപ്പോൾ കർണാടകയുടെ ജിഎസ്ടി വരുമാനം ഇതേ കാലയളവിൽ 18 ശതമാനം വർധിച്ചു 9,176 കോടി രൂപയിൽ നിന്ന് 10,809 കോടി രൂപയായി.