image

12 Dec 2022 9:45 AM GMT

Kerala

കേരളത്തിലെ ആദ്യ കാറ്റാടിപ്പാടത്തിന് 27 വയസ്

MyFin Bureau

kanchikodu windfarm 27 years
X

Summary

  • ഒരു സെക്കന്റില്‍ നാലുമുതല്‍ 30 മീറ്റര്‍ വരെ വേഗതയുള്ള കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള യന്ത്രങ്ങളാണ് പാലക്കാട് കഞ്ചിക്കോടും പ്രവര്‍ത്തിക്കുന്നത്


കഞ്ചിക്കോട്: കേരളത്തിലെ ആദ്യത്തെ കാറ്റാടിപ്പാടം പ്രവര്‍ത്തനം തുടങ്ങിയിട്ട് 27 വര്‍ഷം. 1995 വര്‍ഷാവസാനത്തോടെയാണ് കഞ്ചിക്കോട് വിന്‍ഡ്ഫാം തുടങ്ങുന്നത്. വ്യവസായ മേഖലയായ കഞ്ചിക്കോട്ടില്‍ മേനോന്‍ പാറ റോഡിലുള്ള വൈദ്യുതി സബ്സ്റ്റേഷനു സമീപത്തെ കുന്നിന്‍ചെരുവിലാണ് കെഎസ്ഇബിയുടെ കാറ്റാടിപ്പാടം സ്ഥിതിചെയ്യുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായ കേന്ദ്രങ്ങളില്‍ ഒന്നായ കഞ്ചിക്കോട് രണ്ടരപ്പതിറ്റാണ്ടായി നിലയുറപ്പിച്ച ഈ കാറ്റാടിപ്പാടം കേരളത്തിന് അഭിമാനം തന്നെയാണ്.

അന്നത്തെ കാലത്ത് ഒന്‍പത് കോടിരൂപ ചെലവിലാണ് 80 അടിയോളം ഉയരമുള്ള ഒമ്പത് കാറ്റാടികള്‍ ഇവിടെ സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ കാറ്റാടിപ്പാടം കൂടിയായിരുന്നു ഇത്.

ഒരു സെക്കന്റില്‍ നാലുമുതല്‍ 30 മീറ്റര്‍ വരെ വേഗതയുള്ള കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള യന്ത്രങ്ങളാണ് പാലക്കാട് കഞ്ചിക്കോടും പ്രവര്‍ത്തിക്കുന്ന ഈ കാറ്റാടികള്‍ക്കുള്ളത്. കഞ്ചിക്കോടിന് പുറമെ പാലക്കാടിലെ അഗളിയിലും, ഇടുക്കിയിലെ രാമക്കല്‍ മേട്ടിലുമാണ് വിന്‍ഡ് ഫാം ഉള്ളത്.

അനെര്‍ട്ടാണ് വിന്‍ഡ് ഫാമിനുള്ള സാങ്കേതിക പരിശോധകളും തുടര്‍ന്ന് അനുമതിയും നല്‍കുന്നത്. കഞ്ചിക്കോട് കെഎസ്ഇബി സ്ഥാപിച്ചിട്ടുള്ള നിലയം കൂടാതെ സ്വകാര്യ മേഖലയിലെ നിലയങ്ങളും ഉണ്ട്. അനെര്‍ട്ടിന്റെ കീഴിലുള്ള കാറ്റാടിപ്പാടങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദനം നടത്തുന്നതില്‍ ഒന്നാം സ്ഥാനം ഇടുക്കിക്കും രണ്ടാം സ്ഥാനം പാലക്കാടിനുമാണ്.

അനെര്‍ട്ടിന്റെ പഠനത്തില്‍ പറയുന്നതു പ്രകാരം കേരളത്തില്‍ ശക്തമായി കാറ്റുവീശുന്ന ഇരുപതോളം സ്ഥലങ്ങളില്‍ കൂടുതലും ഹൈറേഞ്ച് മേഖലകളാണ്. എന്നാല്‍ കൂറ്റന്‍ കാറ്റാടികള്‍ സ്ഥാപിക്കുന്നതിന് അനുയോജ്യം സമതല പ്രദേശമാണ്. മാത്രമല്ല, കാറ്റാടി യന്ത്രങ്ങള്‍ ഹൈറേഞ്ച് മേഖലകളില്‍ എത്തിക്കുന്നതിനും പ്രയാസം ഏറെയാണ്. അതിര്‍ത്തി മേഖല കൂടിയായതിനാല്‍ ചുരം കടന്നെത്തുന്ന കാറ്റിന് ശക്തി കൂടുതലാണെന്നിരിക്കെ കഞ്ചിക്കോട് കാറ്റാടിപ്പാടം സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.