image

16 March 2024 6:56 AM GMT

Politics

കിറ്റെക്സ് വാങ്ങിയത് 25 കോടിയുടെ ഇലക്ട്രൽ ബോണ്ട്, പട്ടികയിൽ മൂത്തൂറ്റ്, ലുലു, ജിയോജിത്ത് ....

MyFin Desk

കിറ്റെക്സ് വാങ്ങിയത് 25 കോടിയുടെ ഇലക്ട്രൽ ബോണ്ട്, പട്ടികയിൽ മൂത്തൂറ്റ്, ലുലു, ജിയോജിത്ത് ....
X

Summary

  • സാബു എം ജേക്കബ്ബിൻറെ കിറ്റെക്‌സ് ഗ്രൂപ്പ് വാങ്ങിയത് 25 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍
  • മുത്തൂറ്റ് ഫിനാൻസ്, ലുലു ഇന്ത്യാ ഷോപ്പിംഗ്, ജിയോജിത് ഇൻവെസ്റ്റ്‌മെൻറ് എന്നിവയും ബോണ്ടുകൾ വാങ്ങിയവരുടെ പട്ടികയിൽ
  • കേരളത്തിൽ എസ്ബിഐ വിറ്റത് 28.4 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകളാണ്


സാബു എം ജേക്കബ്ബിൻറെ കിറ്റെക്‌സ് ഗ്രൂപ്പ് വാങ്ങിയത് 25 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍. മുത്തൂറ്റ് ഫിനാൻസ്, ലുലു ഇന്ത്യാ ഷോപ്പിംഗ്, ജിയോജിത് ഇൻവെസ്റ്റ്‌മെൻറ് എന്നിവയും ബോണ്ടുകൾ വാങ്ങിയവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.

9 കോടി, 16 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് ട്വന്റി-20 കൺവീനർ കൂടിയായ സാബു എം ജേക്കബിൻറെ കിറ്റെക്‌സ് ചിൽഡ്രൻസ് വെയര്‍ ലിമിറ്റഡ്, കിറ്റെക്‌സ് ഗാർമെൻറ്സ് ലിമിറ്റഡ് എന്നീ കമ്പനികൾ വാങ്ങിയത്. എൽഡിഎഫ് സർക്കാറുമായി തെറ്റിയ കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് തെലങ്കാനയില്‍ 3,500 കോടിയുടെ സംരംഭം തുടങ്ങുന്നതിന് തൊട്ടു മുമ്പ്, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സമയത്താണ് ബോണ്ടുകൾ വാങ്ങിയതെന്നാണ് ഡാറ്റ സൂചിപ്പിക്കുന്നത്.

2023 ജൂലൈ 5, ഒക്ടോബര്‍ 12 തീയതികളിലായാണ് രണ്ട് ഇടപാടുകളും നടന്നിട്ടുള്ളത്. തൊട്ടടുത്ത മാസം നവംബറിലാണ് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. തെലങ്കാനയില്‍ കിറ്റെക്‌സ് ഗ്രൂപ്പിന്റെ ആദ്യ പ്രൊജക്ട് ഏതാണ്ട് പൂർത്തിയായ ഘട്ടത്തിലാണ് കിറ്റെക്‌സ് 15 കോടിയുടെ ആദ്യ ബോണ്ട് വാങ്ങുന്നത്. ജൂണ്‍ 27 ന്, ആദ്യ ബാച്ച് ബോണ്ടുകള്‍ വാങ്ങുന്നതിന് ഒരാഴ്ച മുമ്പാണ് അന്നത്തെ തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമ റാവു സംരംഭം സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. 1,350 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വാറങ്കല്‍ കാകത്തിയ മെഗാ ടെക്‌സ്‌റ്റൈല്‍ പാർക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ടെക്‌സ്‌റ്റൈൽ പാർക്കാ ണെന്നും ഏതാനും മാസങ്ങൾക്കുള്ളിൽ മുൻ മുഖ്യമന്ത്രി കെസിആര്‍ ഉദ്ഘാടനം ചെയ്യുമെന്നുമായിരുന്നു ട്വീറ്റ്.

അതേസമയം തന്നെ തെലങ്കാന രങ്കറെഡ്ഡി ജില്ലയിലെ സീതാരാംപൂരില്‍ കിറ്റെക്‌സ് ഗ്രൂപ്പിന്റെ രണ്ടാമത്തെ പ്രൊജക്ടും ഏറെക്കുറെ പൂർത്തിയായിരുന്നു. രണ്ടാമത്തെ ബോണ്ട് വാങ്ങുന്നതിനും കുറച്ച് ദിവസം മുമ്പ് സെപ്തംബര്‍ 29 നാണ് പ്രൊജക്ടിന് കെടിആര്‍ നിലമൊരുക്കിയത്. 2024 മാർച്ചിൽ പ്രൊജക്ട് ഉദ്ഘാടനം നടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെയും നടന്നിട്ടില്ല. ഒക്ടോബര്‍ 12 നായിരുന്നു ബോണ്ട് വാങ്ങിയത്. തൊട്ടടുത്ത മാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കെസിആർ പുറത്താവുകയും രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോൺഗ്രസ് സർക്കാർ അധികാരമേൽക്കുകയുമായിരുന്നു. ഇരുപ്രൊജക്ടുകളും ഇതുവരെയും ഉദ്ഘാടനം ചെയ്തിട്ടില്ല.

കിറ്റെക്‌സിന് പുറമേ മൂത്തൂറ്റ് 3 കോടിയുടെ ബോണ്ടും ലുലു 2 കോടിയുടെ ബോണ്ടും ജിയോജിത് 10 ലക്ഷത്തിന്റെ ബോണ്ടുമാണ് വാങ്ങിയത്. ഉത്തർപ്രദേശിൻറെ തലസ്ഥാനമായ ലഖ്‌നൗവില്‍ ലുലു ഷോപ്പിംഗ് മാള്‍ ഉദ്ഘാടനത്തിന് കുറച്ച് മാസങ്ങള്‍ മുമ്പാണ് കമ്പനി ബോണ്ട് വാങ്ങിച്ചത്.

2018 മുതൽ കേരളത്തിൽ എസ്ബിഐ വിറ്റത് 28.4 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകളാണ്. എസ്ബിഐ നല്കിുയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തിരുവനന്തപുരം എസ്ബിഐ മെയിന്‍ ബ്രാഞ്ചിലൂടെ 87 ബോണ്ടുകളാണ് വിറ്റത്. ഇതില്‍ 26 ബോണ്ടുകള്‍ ഒരു കോടിയുടേതാണ്.