image

20 May 2023 6:28 PM GMT

Politics

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഭക്ഷണക്രമം ഉണ്ടാകണം: ജി7 ഉച്ചകോടിയില്‍ മോദി

MyFin Desk

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഭക്ഷണക്രമം  ഉണ്ടാകണം: ജി7 ഉച്ചകോടിയില്‍ മോദി
X

Summary

  • സാങ്കേതിക വിദ്യയുടെ ജനാധിപത്യവല്‍ക്കരണം അനിവാര്യം
  • വളം വിതരണ ശൃംഖലയും ശക്തിപ്പെടുത്തണം
  • ഭക്ഷണം പാഴാക്കുന്നത് തടയേണ്ടത് കൂട്ടുത്തരവാദിത്തം


ലോകത്തിലെ ഏറ്റവും ദുര്‍ബലരായ ആളുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ഭക്ഷണ ക്രമത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഹിരോഷിമയിലെ ജി7 സമ്മേളനത്തിന്റെ ഒരു സെഷനില്‍ നടത്തിയ പ്രസംഗത്തില്‍ സാങ്കേതിക വിദ്യയുടെ ജനാധിപത്യവല്‍ക്കരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിനും ജനാധിപത്യത്തിനും ഇടയിലുള്ള ഒരു പാലമായി ഇതുമാറും. പ്രകൃതി വിഭവങ്ങളുടെ സമഗ്രമായ ഉപയോഗത്തില്‍ രാജ്യങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

ഉപഭോഗ തല്‍പ്പരതയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള വികസന മാതൃകകള്‍ മാറ്റേണ്ടതുണ്ടെന്നും മോദി അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും ദുര്‍ബലരായ ജനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയില്‍ ഒരു ഭക്ഷ്യ സമ്പ്രദായം നാം കെട്ടിപ്പടുക്കേണ്ടതുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കര്‍ഷകര്‍ നമ്മുടെ മുന്‍ഗണന ആയിരിക്കണം.

ആഗോളതലത്തില്‍ വളം വിതരണ ശൃംഖലയും ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിലെ രാഷ്ട്രീയ തടസങ്ങള്‍ അടിയന്തിരമായി നീക്കണം.വളം സ്രോതസുകള്‍ കൈവശപ്പെടുത്തുന്ന മനോഭാവവും അവസാനിപ്പിക്കണം.

ഒരു രാജ്യത്തിന്റെയും പേര് പരാമര്‍ശിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

ഭക്ഷണം പാഴാക്കുന്നത് തടയാനും അത് നമ്മുടെ കൂട്ടുത്തരവാദിത്തമാണെന്നും മോദി ഊന്നിപ്പറഞ്ഞു. സുസ്ഥിരമായ ആഗോള ഭക്ഷ്യസുരക്ഷയ്ക്ക് ഇത് അനിവാര്യമാണ്.

യുഎസ്, ഫ്രാന്‍സ്, യുകെ, ഇറ്റലി, ജര്‍മ്മനി, കാനഡ, ജപ്പാന്‍ എന്നിവ ഉള്‍പ്പെടുന്ന ജി7 ലോകത്തിലെ ഏറ്റവും സമ്പന്നമായ ജനാധിപത്യ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നു. ജി 7 പ്രസിഡന്‍സിക്ക് കീഴില്‍ ജപ്പാന്‍ ഇന്ത്യയെയും മറ്റ് ഏഴ് രാജ്യങ്ങളെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിരുന്നു.

വികസനം, സാങ്കേതികവിദ്യ, ജനാധിപത്യം എന്നിവയില്‍ ഒരുമിച്ച് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയും മോദി ചൂണ്ടിക്കാട്ടി. വികസനത്തിന്റെ മാതൃക ക്ഷേമത്തിന് വഴിയൊരുക്കണമെന്നും അത് വികസ്വര രാജ്യങ്ങളുടെ പുരോഗതിക്ക് തടസമാകരുതെന്നും പ്രധാനമന്ത്രി എടുത്തു പറഞ്ഞു.

ജി20 യുടെയും ജി7 ന്റെയും അജണ്ടകള്‍ തമ്മില്‍ ഒരു സുപ്രധാന ബന്ധം സൃഷ്ടിക്കുന്നതിന് ഈ ചര്‍ച്ചകള്‍ ഉപയോഗപ്രദമാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മോദി വ്യക്തമാക്കി.

പ്രകൃതിയിലധിഷ്ഠിതമായ കൃഷിയുടെ പ്രാധാന്യവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ലോകമെമ്പാടുമുള്ള രാസവളങ്ങള്‍ക്ക് ബദലായി നമുക്ക് പ്രകൃതിദത്ത കൃഷിയുടെ ഒരു പുതിയ മാതൃക സൃഷ്ടിക്കാന്‍ കഴിയും. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പ്രയോജനം ലോകത്തിലെ എല്ലാ കര്‍ഷകരിലേക്കും എത്തിക്കണം.

ജൈവ ഭക്ഷണത്തെ പോഷകാഹാരവും ആരോഗ്യവുമായാണ് ബന്ധിപ്പിക്കേണ്ടതുണ്ട്. തിനയുടെ ഗുണങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

പോഷകാഹാരം, കാലാവസ്ഥാ വ്യതിയാനം, ജലസംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നീ വെല്ലുവിളികളെ ഒരേസമയം മില്ലറ്റുകള്‍(തിന) അഭിസംബോധന ചെയ്യുന്നു.ഇതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.