image

11 Dec 2023 10:45 AM GMT

Politics

രാഷ്ട്രവികസനം യുവജനതയിലൂടെ; വികസിത് ഭാരത് ഉദ്ഘാടനം ചെയ്ത് മോദി

MyFin Desk

national development involving the youth, pm inaugurated the project
X

Summary

  • 'വികസിത് ഭാരത് @2047: വോയ്സ് ഓഫ് യൂത്ത്' സംരംഭത്തിന് തുടക്കം
  • യുവാക്കള്‍ക്ക് ആശയങ്ങള്‍ സംഭാവന ചെയ്യാനുള്ള വേദി ഒരുങ്ങി
  • വ്യക്തിത്വ വികസനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് വലുത്


'വികസിത് ഭാരത് @2047: വോയ്സ് ഓഫ് യൂത്ത്' സംരംഭത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷമായ 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാനുള്ള കാഴ്ചപ്പാടാണ് വികസിത് ഭാരത്@2047. രാജ്യത്തിന്റെ ദേശീയ പദ്ധതികള്‍, മുന്‍ഗണനകള്‍, ലക്ഷ്യങ്ങള്‍ എന്നിവയുടെ രൂപീകരണത്തില്‍ രാജ്യത്തെ യുവജനതയെ സജീവമായി ഉള്‍പ്പെടുത്തുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനനുസൃതമായി യുവജനതയ്ക്ക് ആശയങ്ങള്‍ സംഭാവന ചെയ്യാനുള്ള വേദി ഇതൊരുക്കും.

സംരംഭത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള രാജ്ഭവനുകളില്‍ സംഘടിപ്പിച്ച ശില്‍പശാലകള്‍ പ്രധാനമന്ത്രി മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവികള്‍, ഫാക്കല്‍റ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

'വികസിത് ഭാരത്@2047: വോയ്സ് ഓഫ് യൂത്ത്' സംരംഭം യുവജനതയ്ക്ക് ആശയങ്ങള്‍ സംഭാവന ചെയ്യാനുള്ള വേദിയൊരുക്കും. 'വികസിത് ഭാരത്@2047നുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും പങ്കിടുന്നതിന് യുവജനതയെ സജ്ജമാക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പായിരിക്കും ശില്‍പശാലകള്‍.

വികസിത ഭാരതത്തിന്റെ വികസനത്തിനായി ശില്‍പശാല സംഘടിപ്പിച്ചതിന് എല്ലാ ഗവര്‍ണര്‍മാര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്.

ഒരു വ്യക്തിയുടെ വ്യക്തിത്വ വികസനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ജനങ്ങളുടെ വികസനം കൊണ്ട് മാത്രമേ രാഷ്ട്രം വികസിക്കുകയുള്ളൂ. ഇന്നത്തെ കാലഘട്ടത്തില്‍ വ്യക്തിത്വ വികസനത്തിന്റെ പ്രാധാന്യത്തിന് അടിവരയിടിക്കൊണ്ട്, വോയ്സ് ഓഫ് യൂത്ത് ശില്‍പശാലയുടെ വിജയത്തിന് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.

രാജ്യം കുതിച്ചു ചാട്ടത്തിലേക്ക്

രാഷ്ട്രത്തിന് അതിന്റെ വികസന യാത്രയില്‍ അതിഗംഭീരമായ കുതിച്ചുചാട്ടം നടത്താന്‍ കഴിയുന്ന ഒരു കാലഘട്ടമാണ് ചരിത്രം പ്രദാനം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, 'ഈ അമൃതകാലം തുടരുകയാണ്', 'ഇന്ത്യയുടെ ചരിത്രത്തില്‍ രാജ്യം ഒരു കുതിച്ചുചാട്ടം നടത്താന്‍ പോകുന്ന കാലഘട്ടമാണിത്'.

ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ ഇത്തരമൊരു ക്വാണ്ടം കുതിച്ചുചാട്ടം നടത്തി വികസിത രാജ്യങ്ങളായി മാറിയ സമീപ രാജ്യങ്ങളുടെ ഉദാഹരണങ്ങള്‍ അദ്ദേഹം നല്‍കി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഇതാണ് സമയം, ശരിയായ സമയം . ഇത് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യത്തിനായുള്ള മഹത്തായ പോരാട്ടം പ്രചോദനത്തിന്റെ ഉറവിടമായി പ്രധാനമന്ത്രി ആവര്‍ത്തിച്ചു. സത്യാഗ്രഹം, വിപ്ലവപാത, നിസ്സഹകരണം, സ്വദേശി, സാമൂഹികവും വിദ്യാഭ്യാസപരവുമായ പരിഷ്‌കാരങ്ങള്‍ എന്നിങ്ങനെയുള്ള ഓരോ ശ്രമങ്ങളും അക്കാലത്തെ സ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ കാലഘട്ടത്തില്‍ കാശി, ലഖ്നൗ, വിശ്വഭാരതി, ഗുജറാത്ത് വിദ്യാപീഠം, നാഗ്പൂര്‍ സര്‍വകലാശാല, അണ്ണാമലൈ, ആന്ധ്ര, കേരള സര്‍വ്വകലാശാലകള്‍ എന്നിവ രാഷ്ട്രത്തിന്റെ അവബോധം ശക്തിപ്പെടുത്തി.

ലക്‌ഷ്യം വികസിത ഇന്ത്യ

''ഇന്ന്, ഓരോ സ്ഥാപനവും ഓരോ വ്യക്തിയും എല്ലാ ശ്രമങ്ങളും പ്രവര്‍ത്തനങ്ങളും വികസിത ഭാരതത്തിന്‌ വേണ്ടിയുള്ളതാണെന്ന കാഴ്ചപ്പാടുമായി മുന്നോട്ട് നീങ്ങണം. നിങ്ങളുടെ ലക്ഷ്യം, നിങ്ങളുടെ തീരുമാനങ്ങള്‍ ഒന്ന് മാത്രമായിരിക്കണം - വികസിത ഇന്ത്യ'-പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

ആശയങ്ങളുടെ വൈവിധ്യം ചൂണ്ടിക്കാട്ടി, വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് എല്ലാ ധാരകളെയും ബന്ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി ഊന്നല്‍ നല്‍കി.വികസിത ഭാരത്@2047 എന്ന ദര്‍ശനത്തിലേക്ക് സംഭാവന നല്‍കാന്‍ എല്ലാവരോടും തങ്ങളുടെ പരിധിക്കപ്പുറം പോകണമെന്ന് മോദി അഭ്യര്‍ത്ഥിച്ചു.

ഈ കാമ്പെയ്നുമായി കൂടുതല്‍ കൂടുതല്‍ യുവാക്കളെ ബന്ധിപ്പിക്കുന്നതിന് രാജ്യത്തെ എല്ലാ കോളേജുകളിലും സര്‍വകലാശാലകളിലും പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

വികസിത വികസിത ഭാരതവുമായി ബന്ധപ്പെട്ട ആശയങ്ങള്‍ സംബന്ധിച്ച പോര്‍ട്ടലിന്റെ സമാരംഭത്തെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, 5 വ്യത്യസ്ത വിഷയങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്ന് അറിയിച്ചു.

''മികച്ച 10 നിര്‍ദ്ദേശങ്ങള്‍ക്ക് സമ്മാനവും ക്രമീകരിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് MyGov-ലും നിര്‍ദ്ദേശങ്ങളും നല്‍കാം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൊബൈല്‍ ഫോണുകള്‍ക്കപ്പുറമുള്ള ലോകം

സ്വച്ഛത അഭിയാന് പുതിയ ഊര്‍ജം നല്‍കാനും ജീവിതശൈലി പ്രശ്നങ്ങള്‍ ചെറുക്കാനും മൊബൈല്‍ ഫോണുകള്‍ക്കപ്പുറമുള്ള ലോകത്തെ പര്യവേക്ഷണം ചെയ്യാനും യുവാക്കള്‍ വഴികള്‍ നിര്‍ദ്ദേശിക്കണമെന്ന് അദ്ദേഹം വിദ്യാഭ്യാസ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് മാതൃകയാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹിക ചിന്തയാണ് ഭരണത്തിലും പ്രതിഫലിക്കുന്നതെന്നും ബിരുദധാരികള്‍ക്ക് ഒരു തൊഴില്‍ വൈദഗ്ധ്യമെങ്കിലും ഉണ്ടായിരിക്കണമെന്ന് സദസ്സിനോട് ആവശ്യപ്പെട്ടു.

വരുന്ന 25-30 വര്‍ഷത്തേക്ക് ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ മുന്നിലെത്തുമെന്നും ലോകം ഇത് തിരിച്ചറിയുമെന്നും പ്രധാനമന്ത്രി അറിയിച്ചു. യുവശക്തി മാറ്റത്തിന്റെ ഏജന്റും മാറ്റത്തിന്റെ ഗുണഭോക്താക്കളുമാണ്. ഇന്നത്തെ കോളേജുകളിലും സര്‍വ്വകലാശാലകളിലും യുവാക്കളുടെ കരിയറിന് അടുത്ത 25 വര്‍ഷം നിര്‍ണായകമാകുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, പുരോഗതിയുടെ മാര്‍ഗരേഖ സര്‍ക്കാര്‍ മാത്രമല്ല, രാഷ്ട്രമാണ് തീരുമാനിക്കുകയെന്ന് പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അതില്‍ സജീവമായ പങ്കാളിത്തം ഉണ്ടായിരിക്കും.

രാജ്യത്തിന്റെ വികസനത്തിന്റെ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതും യുവശക്തിയെ വഴിതിരിച്ചുവിടുന്നതും തദവസരത്തില്‍ സന്നിഹിതരായവരില്‍ ഉയര്‍ന്ന പ്രതീക്ഷകളുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വികസിത ഭാരതത്തിന്റെ മഹത്വം കൂടുതല്‍ വര്‍ധിപ്പിക്കുന്നതിന് തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് പ്രധാനമന്ത്രി അവരോട് അഭ്യര്‍ത്ഥിച്ചു.