image

24 April 2024 11:24 AM GMT

Politics

അനന്താരവകാശ നികുതി നിര്‍ദ്ദേശം; പിത്രോഡക്കെതിരെ നേതാക്കള്‍

MyFin Desk

pithroda argues for 50% inheritance tax
X

Summary

  • നികുതി നിരക്കുകളും ഇളവുകളും യുഎസിലെ ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്
  • ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന സമാനമായ നികുതി 1985 ല്‍എടുത്തുകളഞ്ഞിരുന്നു
  • നിരവധി രാഷ്ട്രീയ നേതാക്കള്‍ പിത്രോഡയുടെ നിര്‍ദ്ദേശത്തിനെതിരെ രംഗത്തുണ്ട്


യുഎസിലെ ചില സംസ്ഥാനങ്ങളില്‍ നിലവിലുള്ള അനന്തരാവകാശ നികുതി സമ്പ്രദായം ഇന്ത്യയിലും ഏര്‍പ്പെടുത്തണമെന്ന സാം പിത്രോഡയുടെ ആവശ്യം കൂടുതല്‍ വിവാദങ്ങളിലേക്ക്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ചെയര്‍മാനാണ് പിത്രോഡ. സമ്പത്ത് പുനര്‍വിതരണത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ തര്‍ക്കം പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്.

പിത്രോഡ 50 ശതമാനം അനന്തരാവകാശ നികുതിക്ക് വേണ്ടിയാണ് വാദിക്കുന്നത്. ഇതിനര്‍ത്ഥം ഒരു വ്യക്തി സമ്പാദിച്ചതിന്റെ പകുതിയും അവരുടെ മരണശേഷം നികുതിയായി ഈടാക്കും, ബാക്കിയുള്ള 50 ശതമാനം മാത്രമേ അവരുടെ അവകാശികള്‍ക്ക് സ്വന്തമാക്കാന്‍ കഴിയൂ എന്നാണ്.

യുണൈറ്റഡ് സ്റ്റേറ്റ്സില്‍, സമാനമായ ഒരു അനന്തരാവകാശ നികുതി എന്നത് മരിച്ച വ്യക്തിയുടെ എസ്റ്റേറ്റില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന പണത്തിനോ സ്വത്തിനോ ചുമത്തുന്ന സംസ്ഥാന നികുതിയാണ്. ഫെഡറല്‍ എസ്റ്റേറ്റ് ടാക്‌സിന് വിരുദ്ധമായി, അനന്തരാവകാശ നികുതി ഗുണഭോക്താവ് അടയ്ക്കുന്നു.

2021 ലെ കണക്കനുസരിച്ച്, ആറ് സംസ്ഥാനങ്ങള്‍ മാത്രമേ അനന്തരാവകാശ നികുതി ചുമത്തുന്നുള്ളൂ: അയോവ, കെന്റക്കി, മേരിലാന്‍ഡ്, നെബ്രാസ്‌ക, ന്യൂജേഴ്സി, പെന്‍സില്‍വാനിയ എന്നിവയാണവ. നികുതി നിരക്കുകളും ഇളവുകളും സംസ്ഥാനത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു. ചില സംസ്ഥാനങ്ങള്‍ ചില വിഭാഗങ്ങളുടെ അവകാശികളെ ഒഴിവാക്കുന്നു അല്ലെങ്കില്‍ അടുത്ത കുടുംബാംഗങ്ങള്‍ക്കുള്ള കൈമാറ്റത്തിന് കുറഞ്ഞ നികുതി നിരക്കുകള്‍ ചുമത്തുന്നു.

അനന്തരാവകാശ നികുതി നിരക്കുകള്‍ 1%-ല്‍ താഴെ മുതല്‍ അനന്തരാവകാശ സ്വത്തുക്കളുടെയും പണത്തിന്റെ മൂല്യത്തിന്റെയും 20% വരെയാകാം.

എന്നിരുന്നാലും, ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള ആസ്തിയുടെ തുകയ്ക്കാണ് നികുതി കണക്കാക്കുന്നത്. എഎന്‍ഐയ്ക്ക് അഭിമുഖത്തില്‍ പിട്രോഡ പറഞ്ഞു, 'അമേരിക്കയില്‍, ഒരു അനന്തരാവകാശ നികുതിയുണ്ട്. ഒരാള്‍ മരിക്കുമ്പോള്‍ 100 മില്യണ്‍ ഡോളര്‍ മൂല്യമുള്ള സമ്പത്തുണ്ടെങ്കില്‍, അയാള്‍ക്ക് 45 ശതമാനം മാത്രമേ തന്റെ മക്കള്‍ക്ക് കൈമാറാന്‍ കഴിയൂ, ബാക്കി 55 ശതമാനം സര്‍ക്കാരിലേക്ക് പോകുന്നു'.

40 വര്‍ഷം മുമ്പ്, സമാനമായ ഒരു നികുതി സമ്പ്രദായം ഇന്ത്യയില്‍ നിലവിലുണ്ടായിരുന്നു. നികുതി സമ്പ്രദായം ലഘൂകരിക്കേണ്ടതിന്റെയും നിക്ഷേപവും സമ്പാദ്യവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി 1985 ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി അത് ഒഴിവാക്കി. എസ്റ്റേറ്റ് ഡ്യൂട്ടി എന്നും അറിയപ്പെടുന്ന ഈ നികുതി 1953 ലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇന്ന് കോണ്‍ഗ്രസ് നേതാവ് തന്നെ അത്തരമൊരു നികുതിക്കായി വാദിക്കുന്നു എന്നത് വിരോധാഭാസമാണ്.

മരിച്ച വ്യക്തിയില്‍ നിന്ന് അവരുടെ അവകാശികള്‍ക്ക് സ്വത്തുക്കള്‍ കൈമാറുന്നതിനാണ് അന്ന് നികുതി ചുമത്തിയത്. മരിച്ച വ്യക്തിയുടെ എസ്റ്റേറ്റിന്റെ മൊത്തം മൂല്യത്തെ അടിസ്ഥാനമാക്കിയാണ് നികുതി, അവകാശികള്‍ ഈ മൂല്യത്തിന്റെ ഒരു നിശ്ചിത ശതമാനം സര്‍ക്കാരിന് നികുതിയായി അടയ്ക്കേണ്ടതുണ്ട്.

നികുതി ഒഴിവാക്കപ്പെട്ടശേഷം അത് പുനരാരംഭിക്കുന്നതിനുള്ള ആനുകാലിക വാദങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.പ്രത്യേകിച്ചും വര്‍ധിച്ചുവരുന്ന വരുമാന അസമത്വത്തിന്റെയും സമ്പത്ത് ഏതാനും വ്യക്തികളുടെ കൈകളില്‍ കേന്ദ്രീകരിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍. എന്നാല്‍, ഇക്കാര്യത്തില്‍ കൃത്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.

ഇപ്പോള്‍ നിരവധി രാഷ്ട്രീയ നേതാക്കള്‍ പിത്രോഡയുടെ നിര്‍ദ്ദേശത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.