image

29 Jun 2023 4:14 PM IST

Politics

ഉഭയകക്ഷിബന്ധം കൂടുതല്‍ ശക്തമാക്കും : യുഎസ്

MyFin Desk

bilateral relations between india and us will be strengthened
X

Summary

  • മോദിയുടെ യുഎസ് സന്ദര്‍ശനം വിജയകരമെന്ന് അമേരിക്ക
  • വിവിധമേഖലകളില്‍ യോജിച്ച് മുന്നേറും
  • സെമികണ്ടക്റ്റര്‍ വിതരണ ശൃംഖല ശക്തിപ്പെടുത്തും


ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനായി ബൈഡന്‍ ഭരണകൂടം ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് ഒരു മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പ്രസ്താവിച്ചു. പ്രധാനമന്ത്രിയുടെ വിജയകരമായ യുഎസ് പര്യടനത്തിനുശേഷം നിരവധി മേഖലകളില്‍ ഇരു രാജ്യങ്ങളും ഏറെ മുന്നോട്ടു പോകുകയാണ്. അത് പ്രതിരോധ മേഖലയിലും പ്രതിഫലിക്കുന്നു.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജില്‍ ബൈഡന്റെയും ക്ഷണപ്രകാരം ജൂണ്‍ 20 മുതല്‍ 24 വരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദര്‍ശിച്ചത്. പ്രതിരോധം, ബഹിരാകാശം, വ്യാപാരം തുടങ്ങിയ സുപ്രധാന മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള നിരവധി പ്രധാന കരാറുകള്‍ ഈ അവസരത്തില്‍ ഉണ്ടായി. വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ബൈഡന്‍ മോദിക്ക് ചുവപ്പ് പരവതാനി വിരിച്ചാണ് സ്വീകരണം നല്‍കിയത് എന്നതും ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രധാന്യത്തെ എടുത്തു കാട്ടി.

ഇന്ത്യയുമായുള്ള യുഎസിന്റെ ബന്ധവും പങ്കാളിത്തവും കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമങ്ങളാണ് ഈ സമയത്ത് നടന്നതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ ഒരു ബ്രീഫിംഗിലെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. കഴിഞ്ഞയാഴ്ചത്തെ സന്ദര്‍ശനം വളരെ വിജയകരമായിരുന്നുവെന്ന് തങ്ങള്‍ വിശ്വസിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അര്‍ദ്ധചാലക വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഉള്‍പ്പെടെ നിരവധി പ്രഖ്യാപനങ്ങള്‍ ഞങ്ങളുടെ ഇരുരാജ്യങ്ങളും തമ്മില്‍ നടന്നിട്ടുണ്ട്. പ്രസിഡന്റും പ്രധാനമന്ത്രിയും എന്‍ജിന്‍ കോ-പ്രൊഡക്ഷന്‍, യൂണിവേഴ്‌സിറ്റി ഗവേഷണ പങ്കാളിത്തം എന്നിവയെക്കുറിച്ച് സംസാരിക്കുന്നതും കണ്ടു'-പട്ടേല്‍ പറഞ്ഞു.

''വളരെ പ്രധാനപ്പെട്ട ഈ ഉഭയകക്ഷി ബന്ധം കൂടുതല്‍ ആഴത്തിലാക്കാനും ശക്തിപ്പെടുത്താനും ഇന്ത്യയിലെ ഞങ്ങളുടെ പങ്കാളികളുമായി അടുത്ത് പ്രവര്‍ത്തിക്കുന്നത് തുടരും,'' പട്ടേല്‍ പറഞ്ഞു.

ഇന്ത്യയിലെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇതിനുള്ള മറുപടി നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അമേരിക്കയെ സംബന്ധിച്ചിടത്തോളം മനുഷ്യാവകാശങ്ങള്‍ എല്ലായ്‌പ്പോഴും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.