image

30 Nov 2022 5:27 AM GMT

Banking

എന്‍ഡിടിവി അദാനിയ്ക്ക്, പ്രണോയ് റോയിയും ഭാര്യയും പടിയിറങ്ങുന്നു

MyFin Desk

prannoy roy and wife resigns from ndtv
X

Summary

ചൊവ്വാഴ്ച്ച ബോര്‍ഡ് മീറ്റിംഗ് നടന്നതിന് പിന്നാലെയാണ് ഇരുവരും രാജി സമര്‍പ്പിച്ചത്.


മുംബൈ: അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ രാജ്യത്തെ പ്രമുഖ മാധ്യമമായ എന്‍ഡിടിവിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പ്രണോയ് റോയിയും ഭാര്യ രാധികാ റോയിയും രാജി വെച്ചു. ഇരുവരും എന്‍ഡിടിവിയുടെ സ്ഥാപകരും പ്രമോട്ടര്‍മാരുമായിരുന്നു. ചൊവ്വാഴ്ച്ച ബോര്‍ഡ് മീറ്റിംഗ് നടന്നതിന് പിന്നാലെ എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ ഗ്രൂപ്പ് കമ്പനിയായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഇരുവരും രാജിവെക്കുകയായിരുന്നു.

രണ്ട് പേരുടേയും രാജി സ്വീകരിച്ചുവെന്ന് റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കിയതിന് പിന്നാലെ രാജിവെച്ച ഒഴിവിലേക്ക് സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തില്‍ സിന്നയ്യ ചെങ്കല്‍വരയന്‍ എന്നിവരെ നിയമിക്കുമെന്നും എന്‍ഡിടിവി അധികൃതര്‍ വ്യക്തമാക്കി. എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരികള്‍ കൈവശമുള്ള പ്രൊമോട്ടര്‍ കമ്പനിയാണ് ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡ്. ഇതാണ് നേരത്തെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. ഓഗസ്റ്റ് അവസാന ആഴ്ച്ചയായിരുന്നു എന്‍ഡിടിവിയുടെ 29.2 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് വാങ്ങിയതായി റിപ്പോര്‍ട്ട് പുറത്തുവന്നത്.




ഓഹരി മൂല്യത്തിലും വര്‍ധന

അദാനി ഏറ്റെടുത്തതിന് പിന്നാലെ എന്‍ഡിടിവിയുടെ ഓഹരികളുടെ മൂല്യം തുടര്‍ച്ചയായ അഞ്ചാം ദിവസവും ഉയര്‍ന്നു. ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ എന്‍ഡിടിവിയുടെ ഓഹരികളുടെ മൂല്യം 5 ശതമാനം ഉയര്‍ന്ന് 447.70 രൂപയിലെത്തി. ഇത് ഒരു ദിവസം കൊണ്ട് ഓഹരിയുടെ മൂല്യം വര്‍ധിക്കാനിടയുള്ള ഉയര്‍ന്ന പരിധിയാണെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. കമ്പനിയുടെ ഓഹരി മൂല്യത്തില്‍ കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍ കൊണ്ട് ആകെ 24.74 ശതമാനം വളര്‍ച്ചയാണുണ്ടായത്.