14 Feb 2026 5:10 PM IST
Anthropic AI Impact : ആന്ത്രോപിക് കൊടുങ്കാറ്റ്, ഇനി പല എൻട്രി ലെവൽ നിയമനങ്ങളും ഓർമയാകും
MyFin Desk
Summary
എഐ രംഗത്തെ നൂതന കണ്ടുപിടിത്തങ്ങൾ ഐടി മേഖലക്ക് തിരിച്ചടിയാകുമെന്ന സൂചന വന്നതോടെ വൻകിട ഐടി കമ്പനി ഓഹരികൾ പലതും കൂപ്പുകുത്തിയിരിക്കുകയാണ്. ഐടിക്ക് അപ്പുറത്തേക്ക് ചില മേഖലകളിലും വരും സമാനമായ രീതിയിൽ എഐ വ്യാപനം.
ലോകമെമ്പാടും ഒരു എഐ കൊടുങ്കാറ്റ് അടിച്ചതും വൻകിട ഐടി കമ്പനി ഓഹരികൾ പലതും തകർന്നു വീണിരിക്കുകയാണ്. ഇതുവരെ ജീവനക്കാർ ഒഴിച്ചുകൂടാനാകാത്തത് എന്നു കരുതിയിരുന്ന പല മേഖലകളിലും എഐ മാത്രം മതി എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറുകയാണ്. ആന്ത്രോപിക് എന്ന യുഎസ് സ്റ്റാർട്ടപ്പ് ലോകമെമ്പാടുമുള്ള ഐടി കമ്പനികളെ ഇത് ബോധ്യപ്പെടുത്തിയിരിക്കുന്നു.
കമ്പനിയുടെ എഐ ഇന്നവേഷൻ കേവലം ചാറ്റ്ബോട്ടുകൾക്കും അപ്പുറം എഐക്ക് വഹിക്കാനാകുന്ന ചുമതലകളെക്കുറിച്ച് ലോകത്തിന് ബോധ്യപ്പെടുത്തുകയാണ്. സങ്കീർണ്ണമായ പല ജോലികളും തീർക്കാൻ ഇന്ന് എഐക്ക് വേണ്ടി വരുന്നത് മിനിറ്റുകൾ മാത്രമാണ്. നിരവധി ജീവനക്കാർ പല ഷിഫ്റ്റുകളിലായി മണിക്കൂറുകളും ദിവസങ്ങളും എടുത്ത് പൂർത്തിയാക്കിയിരുന്ന ജോലികളാണ് പലതും എന്ന് ഓർക്കാം.
ബാങ്കിങ്, ലീഗൽ സർവീസ്, മെഡിക്കൽ മേഖലകളിലേക്കും
വ്യവസായ മേഖലയിൽ മാത്രമല്ല ബാങ്കിങ്, ലീഗൽ രംഗത്തും അനിവാര്യമായി എഐ മാറുന്നതാണ് ഇപ്പോഴത്തെ കാഴ്ച. കംപ്യൂട്ടറുകളും ഫോണുകളും മറ്റ് സ്മാർട്ട് ഡിവൈസുകളു മായുമൊക്കെ ബന്ധിപ്പിച്ച് മനുഷ്യനെപ്പോലെ സംവദിക്കാനുള്ള എഐയുടെ കഴിവ് പല മേഖലകളിലും ഇനി ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവരും. ഒരു ടെക്സ്റ്റ് ബോക്സിൽ ഒതുങ്ങിയിരുന്ന ചാറ്റ്ബോട്ടുകൾ പലതും ഇപ്പോൾ ഏതു പണിയും ചെയ്യുന്ന സ്മാർട്ട് ഏജന്റുമാരാണ്. ജൂണിയർ ലെവൽ എൻജിനിയർമാർ, വെബ് ഡെവലപ്പർമാർ എന്നിവരുടെയൊക്കെ ജോലി തീർക്കാൻ എഐക്ക് മിനിറ്റുകൾ മതി.
എഐക്ക് ഒട്ടേറെ ഫയലുകൾ മിനിറ്റുകൾക്കുള്ളിൽ എഡിറ്റു ചെയ്യാനും ബഗിനു പരിഹാരം കാണാനുമാകും. സോഫ്റ്റ്വെയർ കമ്പനികളുടെ വർക്ക്ഫ്ലോയിലും സേവനങ്ങളിലും ഇത് ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവരും. ഔട്ട്സോഴ്സിങ് ചെയ്യപ്പെടുന്ന പല ജോലികളും വളരെ വേഗത്തിൽ ഇല്ലാതാകും. ലീഗൽ രംഗത്തും ഇനി എഐ പിടിമുറുക്കും. ഒരൊറ്റ എഐ ഏജന്റിന് നിയമപരമായ കരാറുകൾ, ഡാറ്റ വിശകലനങ്ങൾ എന്നിവയെല്ലാം എളുപ്പത്തിൽ കൈകാര്യം ചെയ്യാനാകും. നല്ല ഗുമസ്തനാകാനും ഏജൻ്റിനാകും.
അപാര സാധ്യതകളാണ് പല ലീഗൽ ഓട്ടോമേഷൻ പ്ലഗിനുകളും ഈ രംഗത്ത് തുറന്നിട്ടിരിക്കുന്നത്. ഡസൻ കണക്കിന് രേഖകൾ ഒറ്റരാത്രികൊണ്ട് സ്കാൻ ചെയ്യാം. സാധാരണയായി ജൂണിയർ അഭിഭാഷകർ ദിവസങ്ങൾ എടുത്ത് കണ്ടെത്തുന്ന പല ക്ലോസുകളും തിരിച്ചറിയാൻ എഐ ഏജൻ്റിന് വളരെ കുറഞ്ഞ സമയം മതി. മെഡിക്കൽ ആൻഡ് ലൈഫ് സയൻസ് രംഗത്തും മെഡിക്കൽ ഡാറ്റ ബേസുകൾ തയ്യാറാക്കാനും വിശകലനത്തിനുമൊക്കെയായി എഐ ഉപയോഗിക്കാം.
എൻട്രി ലെവൽ റോളുകൾ കുറഞ്ഞേക്കും
ഇനി പല മേഖലകളിലും ജൂനിയർ ലെവൽ ജോലികളിൽ പലതും എഐ ഏറ്റെടുക്കും എന്നതിനാൽ എൻട്രി-ലെവൽ റോളുകൾ കുറയും. ഔട്ട്സോഴ്സിങ് ഏതാണ്ട് ഇല്ലാതാകും എന്ന് തന്നെ പറയാം. വൈറ്റ്-കോളർ ജോലികളുടെയും വേഗത വർദ്ധിപ്പിക്കാൻ എഐ ഉപയോഗിക്കുന്നത് കമ്പനികളുടെ ചെലവ് കുറയ്ക്കാനും സഹായകരമാകും. അതേസമയം കമ്പനികളുടെ കിടമത്സരം കടുക്കുകയും ലാഭക്ഷമത കുറയുകയും ചെയ്യും.
പഠിക്കാം & സമ്പാദിക്കാം
Home
