3 April 2023 10:15 AM IST
കൃഷിയില്‍ നിന്ന് ലക്ഷങ്ങള്‍ കൊയ്ത് ബിന്‍സിയും ജെയിംസും; തുണയായി സമൂഹമാധ്യമങ്ങള്‍
MyFin Bureau
Summary
- ഇടനിലക്കാരില്ലാതെ വില്‍ക്കാന്‍ സഹായിക്കുന്നത് സമൂഹമാധ്യങ്ങള്‍
സമൂഹമാധ്യമങ്ങളെ ഫലപ്രദമായുപയോഗിച്ച് എങ്ങനെ കൃഷിയെ ലാഭകരമാക്കാമെന്ന് തെളിയിക്കുകയാണ് ഇടുക്കി കുമളി ചെളിമട സ്വദേശികളായ ജെയിംസ് ഫ്രാന്‍സിസും ഭാര്യ ബിന്‍സി ജെയിംസും. കട്ടപ്പനയ്ക്കടുത്തുള്ള 20 ഏക്കറിലാണ് വീട്. '20 ഏക്കര്‍' എന്നത് നാടിന്റെ പേരാണ്. ഇവര്‍ക്കവിടെ ആകെയുള്ളത് 9 സെന്റു സ്ഥലവും ഒരു കൊച്ചു വാടക വീടും മാത്രം! പലരുടെയും കൃഷിയിടങ്ങളില്‍ പൊന്നുവിളയിച്ച അവര്‍ സ്വന്തമായി കൃഷി ആരംഭിക്കുന്നതിനെ കുറിച്ച് ചിന്തിച്ചത്.
ഏലക്കാട്ടില്‍ കൂലിപ്പണിയായിരുന്നു ബിന്‍സിക്കും ഭര്‍ത്താവു ജെയിംസിനും. എത്ര അധ്വാനിച്ചാലും അല്ലല്‍ തീരാത്ത കാലം. അക്കാലത്തു ബിന്‍സി വീട്ടാവശ്യത്തിനായി 9 സെന്റിലെ ഒഴിവുള്ള ഇടങ്ങളില്‍ പച്ചക്കറി കൃഷി തുടങ്ങിയിരുന്നു. കൂലിപ്പണി കഴിഞ്ഞെത്തിയാല്‍ വിശ്രമിക്കാന്‍ നില്‍ക്കാതെ ബിന്‍സിയും ജെയിംസും ഒപ്പം സ്‌കൂളില്‍നിന്നെത്തുന്ന മൂന്നു മക്കളും കൃഷിക്കിറങ്ങിയപ്പോള്‍ ഒമ്പതു സെന്റില്‍ വിളകള്‍ നിറഞ്ഞു.
തുണയായി ഫേസ്ബുക്
കൗതുകത്തിനു വേണ്ടി ബിന്‍സി കൃഷിയിടത്തിലെ ചില ഫോട്ടോകള്‍ ഫേസ്ബുകില്‍ പോസ്റ്റ് ചെയ്തു. 9 സെന്റിലെ 102 ഇനം പച്ചക്കറികള്‍ കണ്ട് നവമാധ്യമങ്ങളിലെ കൃഷിക്കൂട്ടുകാര്‍ അമ്പരന്നു. അഞ്ചും ആറും പയറിനങ്ങള്‍. മുളകും ബീന്‍സും വെണ്ടയും വഴുതനയും പീച്ചിലും കോവലും പാവലുമെല്ലാമുണ്ട്. നാടനും ഹൈബ്രിഡും ചേര്‍ന്ന് ആരെയും ആകര്‍ഷിക്കുന്ന വിളവൈവിധ്യം. അതോടെ വിത്തു ചോദിച്ചുള്ള അന്വേഷണങ്ങളുടെ കുത്തൊഴുക്കായി.
കൃഷിയില്‍നിന്നു നാലു കാശ് വരുമാനം വന്നുതുടങ്ങിയതും അന്നു മുതലെന്നു ബിന്‍സി. വിത്തു വില്‍ക്കുന്നതിനെ കുറിച്ചായി അതോടെ ചിന്ത. ''30 കവറുകളിലായി 30 ഇനം പച്ചക്കറിവിത്തുകള്‍. പോസ്റ്റല്‍ ചാര്‍ജ് ഉള്‍പ്പെടെ വില 340 രൂപ. ആളുകള്‍ ബിന്‍സിയുടെ മുന്നില്‍ ക്യൂനിന്നു ഫേസ്ബുക്കിലൂടെ. സീസണില്‍ 42,000 രൂപയുടെ വിത്തുവരെ വിറ്റുപോയ അനുഭവമുണ്ടെന്ന് ബിന്‍സി.
കൃഷിയിടത്തിലേക്ക്
കൂലിപ്പണി മതിയാക്കി സ്ഥലം പാട്ടത്തിനെടുത്തു കൃഷിചെയ്യാന്‍ ബിന്‍സിയും ജെയിംസും തീരുമാനിക്കുന്നത് അങ്ങനെയാണ്. എട്ടുവര്‍ഷം മുമ്പാണത്. കുമളി ടൗണിനടുത്ത് ചെളിക്കണ്ടത്തുള്ള രണ്ടേക്കര്‍ സ്ഥലം ഏഴു വര്‍ഷത്തേക്കു പാട്ടത്തിനെടുത്തു. മുള്‍ക്കാടും വെള്ളക്കെട്ടും നിറഞ്ഞ സ്ഥലം. അതിലെ ഷെഡ്ഡ് നന്നാക്കി താമസയോഗ്യമാക്കി. കട്ടപ്പനയിലെ വീടു വാടകയ്ക്കു കൊടുത്ത് 2017ല്‍ ഇങ്ങോട്ടു താമസം മാറ്റി കൃഷി തുടങ്ങി. കഠിനാധ്വാനത്തിന്റെ നാളുകളായിരുന്നു പിന്നീട്.
കൃഷിക്കായി യുട്യൂബില്‍
കൃഷിയിടം റെഡി. പക്ഷേ, എന്തു കൃഷി ചെയ്യും ആദ്യം. ദമ്പതികള്‍ യുട്യൂബില്‍ സെര്‍ച്ച് ചെയ്യാന്‍ തുടങ്ങി. ഇടുക്കിയിലെ ഹൈറേഞ്ചില്‍ വളരുന്ന പച്ചക്കറികളെ കുറിച്ച് അറിയാനായിരുന്നു ശ്രമം. കേരളത്തില്‍ മറ്റെവിടെയും കിട്ടാത്ത അപൂര്‍വ പച്ചക്കറിയിനങ്ങള്‍ കൃഷിചെയ്യാനായിരുന്നു പദ്ധതി. അങ്ങനെയാണ് ചൈനീസ് കാബേജ്, ബ്രോകോളി, സ്‌ട്രോബെറി, ബീന്‍സ്, ചെറി തക്കാളി, ആപ്പിള്‍ തക്കാളി എന്നിവ കൃഷിയിറക്കിയതെന്ന് ബിന്‍സി. കീടനാശിനികളോ രാസവളങ്ങളോ ഉപയോഗിക്കാതെയായിരുന്നു കൃഷി. വിളവെടുത്തപ്പോള്‍ നൂറുമേനിയായിരുന്നു. വില്‍പ്പനയിലൂടെ കിട്ടിയ ലാഭമുപയോഗിച്ച് ബാങ്കില്‍ പണയംവച്ച വീട് തിരിച്ചെടുക്കുകയാണ് ആദ്യം ചെയ്തത്. ഒരു മകളും രണ്ട് ആണ്‍മക്കളുമാണ് ജെയിംസിനും ബിന്‍സിക്കുമുള്ളത്. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുകയായിരുന്നു അടുത്ത ലക്ഷ്യം. മകളിന്ന് ബി.എസ്‌സി നഴ്‌സിങ്ങിനു പഠിക്കുകയാണ്. മൂത്ത മകന്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങിനു പഠിക്കുന്നു. ഇളയവന്‍ പത്താംതരത്തിലും.
അധികമാരെയും കൂലിക്കു വിളിക്കാതെ കുടുംബം ഒന്നാകെ പണിക്കിറങ്ങി. പോറലും നീറ്റലും കൂസാതെ മുള്‍ച്ചെടികള്‍ വെട്ടിനീക്കി. കൃഷിയിടമാകെ ചാലു കീറി വെള്ളക്കെട്ട് ഒഴിവാക്കി. കുമ്മായം ചേര്‍ത്തിളക്കിയ ശേഷം ആട്ടിന്‍കാഷ്ഠവും വേപ്പിന്‍പിണ്ണാക്കും ചേര്‍ത്ത് മണ്ണൊരുക്കി വാരം കോരി പച്ചക്കറിക്കൃഷിക്കു തുടക്കമിട്ടു. ഇഞ്ചക്കാടും ഇഴജന്തുക്കളും പാര്‍ത്തിരുന്ന പാഴ്സ്ഥലത്ത് പച്ചക്കറികള്‍ നിറയുന്നത് വിസ്മയത്തോടെ കണ്ടു അയല്‍ക്കാര്‍. വേനലില്‍ വെള്ളവും വെള്ളമെത്തിക്കാന്‍ പൈപ്പും നിറയ്ക്കാന്‍ ടാങ്കും നല്‍കി തുണനിന്നു അവര്‍.
വിളവെടുത്തപ്പോള്‍ നൂറുമേനിയായിരുന്നു. വില്‍പ്പനയിലൂടെ കിട്ടിയ ലാഭമുപയോഗിച്ച് ബാങ്കില്‍ പണയംവച്ച വീട് തിരിച്ചെടുക്കുകയാണ് ആദ്യം ചെയ്തത്. ഒരു മകളും രണ്ട് ആണ്‍മക്കളുമാണ് ജെയിംസിനും ബിന്‍സിക്കുമുള്ളത്. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുകയായിരുന്നു അടുത്ത ലക്ഷ്യം. മകളിന്ന് ബി.എസ്‌സി നഴ്‌സിങ്ങിനു പഠിക്കുകയാണ്. മൂത്ത മകന്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങിനു പഠിക്കുന്നു. ഇളയവന്‍ പത്താംതരത്തിലും.
പ്രളയം കടന്ന് പുരസ്‌കാരത്തിലേക്ക്
2018ലെ പ്രളയം പക്ഷേ പ്രതീക്ഷകളൊക്കെ തെറ്റിച്ചു. വ്യാപകമായ കൃഷിനാശം. എന്നാല്‍ അതിനെയും അതിജീവിച്ചു ഈ കുടുംബം. ഇന്നു ബിന്‍സിയുടെ രണ്ടേക്കറിനു സമ്മിശ്രകൃഷിയുടെ സമൃദ്ധി. വിളവെടുക്കുന്നത്രയും വില്‍ക്കുന്നത് വാട്‌സാപ് ഗ്രൂപ്പുകള്‍ നടത്തുന്ന എറണാകുളത്തെ ആഴ്ചച്ചന്തകളില്‍. ജൈവകൃഷിയായതിനാല്‍ ഉല്‍പ്പന്നങ്ങള്‍ക്കു സാധാരണ വിപണിവിലയേക്കാള്‍ ഉയര്‍ന്ന വിലയും മൂല്യവും. മാസം നല്ലൊരു തുക വരുമാനം. ഒടുവില്‍ സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക തിലകം പുരസ്‌കാരവും.
തുറന്ന വിപണി
കൃഷിയില്‍ നല്ല വിളവുണ്ടായപ്പോള്‍ അതെങ്ങനെ വില്‍ക്കുമെന്നായി ചിന്ത. ഇടനിലക്കാര്‍ക്ക് കൊടുത്താല്‍ തുച്ഛമായ ലാഭമേ ലഭിക്കൂ. അതോടെ രാസവളമില്ലാതെ കൃഷിചെയ്തുണ്ടാക്കിയ വിളകള്‍ വില്‍ക്കാന്‍ 40കളിലെത്തിയ ഇവര്‍ സമൂഹമാധ്യമങ്ങളെ കൂട്ടുപിടിച്ചു. ബിന്‍സി ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും കൃഷി ഉല്‍പ്പന്നങ്ങളുടെ വിഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തു. മികച്ച പ്രതികരണമായിരുന്നു. ലൈക്കുകള്‍ കോളുകള്‍ക്കു വഴിമാറി. ആളുകള്‍ ഉല്‍പ്പന്നങ്ങള്‍ തേടി ഫോണില്‍ വിളി തുടങ്ങി. അവര്‍ പച്ചക്കറികള്‍ ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങി.
ഇന്ന് ബിന്‍സിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് 75000 ഫോളോവേഴ്‌സുണ്ട്. ഇതില്‍ കൂടുതല്‍ പേരും ഇവരുടെ ഉപഭോക്താക്കളാണ്. കൈനിറയെ കാശുവന്നു തുടങ്ങി. കൃഷി നാള്‍ക്കുനാള്‍ കൂടുതല്‍ വിപുലപ്പെടുത്തുകയും ചെയ്തു. ഇന്ന് പ്രതിവര്‍ഷം മൂന്നുലക്ഷം രൂപയാണ് പാട്ടത്തിനെടുത്ത കൃഷിഭൂമിക്ക് ഇവര്‍ നല്‍കുന്നത്.
നേരിട്ട് ഉപഭോക്താവിനു നല്‍കുന്നതിനാല്‍ ഇടനിലക്കാര്‍ക്ക് കൊടുക്കേണ്ട പണം ലാഭിക്കാം. സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി വില്‍ക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കാനാകുന്നുവെന്ന് ബിന്‍സി പറയുന്നു.
മീനും തേനീച്ചയും
പാട്ടത്തിനെടുത്ത ഭൂമിയില്‍ പച്ചക്കറിയും മീന്‍വളര്‍ത്തലും തേനീച്ചയും തുടങ്ങി എല്ലാത്തരം കൃഷിയും ചെയ്യുന്നുണ്ട്. ബീന്‍സ്, വെണ്ടയ്ക്ക, തക്കാളി, പയര്‍, കോവീസ്, ചീര, മാലിമുളക്, ചോളം തുടങ്ങിയവയാണ് പ്രധാനം. കൃഷിയിടത്തില്‍ 28 ഞൊടിയന്‍ തേനീച്ചപ്പെട്ടികളും സ്ഥാപിച്ചിട്ടുണ്ട് ബിന്‍സി. കുമളിയുടെ കാലാവസ്ഥയിലും ഭൂപ്രകൃതിയിലും തേന്‍ ലഭ്യത പൊതുവെ കുറവ്. വിളകളിലെ പരാഗണം വര്‍ധിപ്പിച്ച് ഉല്‍പാദനം ഉയര്‍ത്താന്‍ തേനീച്ചകള്‍ സഹായിക്കുന്നു എന്നതു തന്നെയാണ് പ്രധാന നോട്ടം.
പച്ചക്കറികള്‍ എറണാകുളത്ത് ഫ്‌ളാറ്റ് കേന്ദ്രീകരിച്ചാണ് വില്‍പന നടത്തുന്നത്. ആവശ്യക്കാര്‍ക്ക് ശീതീകരിച്ച് വിദേശങ്ങളിലേക്കും കൊടുത്തുവിടുന്നുണ്ട്. ആഴ്ചയില്‍ രണ്ടുദിവസം വിളവെടുക്കും. ഇപ്പോള്‍ ബിന്‍സിയും ഭര്‍ത്താവ് ജെയിംസും മുഴുവന്‍ സമയവും കൃഷിയില്‍ വ്യാപൃതരാണ്. ബിന്‍സിയുടെ കൃഷി രീതിയില്‍ ആകൃഷ്ടരായി നിരവധി പേരാണ് ജൈവകൃഷി ആരംഭിച്ചത്.
2019ല്‍ കാഡ്‌സ് ജൈവശ്രീ അവാര്‍ഡ് ബിന്‍സിക്ക് ലഭിച്ചിരുന്നു. കൂടാതെ സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്റെ അക്ഷയശ്രീ പ്രോത്സാഹന സമ്മാനം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ തേടിയെത്തിയിട്ടുണ്ട്. ജൈവകൃഷിക്കായി ക്ലാസെടുക്കാനും ബിന്‍സി പോകാറുണ്ട്.
വാഴയ്ക്ക് ഇടവിളയായി പച്ചക്കറികൃഷി
പപ്പായ, വാഴ, സ്‌ട്രോബെറി എന്നിവയാണ് ബിന്‍സിയുടെ മുഖ്യ പഴവര്‍ഗ കൃഷികള്‍. വേഗത്തില്‍ പഴുത്തു പോകാതെ വിളവെടുപ്പിനു ശേഷവും കൂടുതല്‍ സൂക്ഷിപ്പുകാലം ലഭിക്കുന്ന റെഡ് ലേഡിയാണ് പപ്പായയിനം. കിലോ 50 രൂപ വില ലഭിക്കുന്നു ഇതിന്. ചട്ടിയില്‍ സ്‌ട്രോബെറി വളര്‍ത്തി പഴങ്ങളായിത്തുടങ്ങുമ്പോള്‍ ചട്ടിയുള്‍പ്പെടെ വില്‍ക്കും. സ്‌ട്രോബെറിപ്പഴത്തില്‍നിന്നു ജാം നിര്‍മിച്ചു വില്‍പനയുമുണ്ട്.
സമ്പൂര്‍ണ ജൈവകൃഷിയാണെന്നു മാത്രമല്ല, കാര്യമായി ജൈവകീടനാശിനികള്‍പോലും പ്രയോഗിക്കുന്നില്ല. മഞ്ഞക്കെണിയും അഞ്ചിലക്കഷായവുമാണ് (കൊന്നയില, വേപ്പില, ആവണക്കില, പപ്പായയില, കാഞ്ഞിരം പോലെ ഏതെങ്കിലും കയ്പുള്ള ഇല എന്നിവ വെട്ടിയരിഞ്ഞ് 15 ദിവസം ഗോമൂത്രത്തിലിട്ടുവച്ച ശേഷം അരിച്ചെടുത്ത് വെള്ളത്തില്‍ നേര്‍പ്പിച്ച് തയാറാക്കുന്ന ജൈവകീടനാശിനി) കീടങ്ങളെ തുരത്താന്‍ മുഖ്യമായും പ്രയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഉല്‍പാദനം കുറയും. എന്നാല്‍ ഉള്ള ഉല്‍പന്നങ്ങള്‍ക്കു ലഭിക്കുന്ന മികച്ച വില, ഉല്‍പാദനക്കുറവിന്റെ നഷ്ടം പരിഹരിക്കും.
വര്‍ഷം മുഴുവന്‍ പച്ചക്കറി
വര്‍ഷം മുഴുവന്‍ ഒരാഴ്ചപോലും മുടങ്ങാതെ നിശ്ചിത അളവു പച്ചക്കറികള്‍ എറണാകുളത്തെ വാട്‌സാപ് കൂട്ടായ്മ ചന്തകളിലേക്ക് എത്തിക്കാവുന്ന തരത്തിലാണ് ബിന്‍സി കൃഷിയും ഉല്‍പാദനവും ക്രമീകരിച്ചിരിക്കുന്നത്. 2530 കിലോ ബീന്‍സ്, 1012 കിലോ തക്കാളി, 67 കിലോ പച്ചമുളക്, 2022 കിലോ കാബേജ് എന്നിങ്ങനെയാവും ഓരോ ആഴ്ചയിലെയും വിളവും വില്‍പനയും.
വിളവെടുത്ത് ബസ്സില്‍ എറണാകുളത്തേക്ക് അയയ്ക്കും. ചന്തകളുടെ സംഘാടകര്‍ അവ വാങ്ങി വില കൃത്യമായി ബിന്‍സിയുടെ അക്കൗണ്ടിലിടും. സീസണില്‍ നിശ്ചിത വില എന്നതാണു രീതി. ഉദാഹരണത്തിന്, നിലവില്‍ ബീന്‍സിനു ലഭിക്കുന്ന വില കിലോഗ്രാമിന് 100 രൂപ. വിപണിവില 20 രൂപയിലേക്കു തകര്‍ന്നാലും 150 രൂപയിലേക്കു കുതിച്ചാലും ബിന്‍സിയുടെ ബീന്‍സിന്റെ വില എന്നും ഒന്നുതന്നെ.
പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പുറമെ പശുവും കോഴിയും താറാവും കാടയും ഉള്‍പ്പെടെ അനുബന്ധ വരുമാനത്തിലേക്കും ചുവടുവയ്ക്കുന്നു ബിന്‍സി. പച്ചക്കറികള്‍ക്ക് ആവശ്യക്കാര്‍ കൂടിയതോടെ മൂന്നേക്കര്‍ സ്ഥലം കൂടി പാട്ടത്തിനെടുത്ത് കൃഷി വിസ്തൃതമാക്കാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. കൂലിപ്പണിവിട്ട് കൃഷിയിലെത്തിയ ബിന്‍സി ഇന്ന് സ്വന്തം കൃഷിയിടത്തില്‍ രണ്ടുപേര്‍ക്കു സ്ഥിരം ജോലി നല്‍കുന്ന തൊഴില്‍ദാതാവായും വളര്‍ന്നിരിക്കുന്നു.
ഫാം ടൂറിസമാണ് ബിന്‍സിയുടെ മുന്നില്‍ത്തെളിയുന്ന മറ്റൊരു പാത. വിനോദസഞ്ചാരകേന്ദ്രമായ കുമളിതേക്കടി മേഖലയിലെ ചില റിസോര്‍ട്ടുകാര്‍ ഈ കൃഷിയിടത്തിലേക്കു സഞ്ചാരികളെ എത്തിച്ചു തുടങ്ങിയിരിക്കുന്നു. അവര്‍ക്കുള്ള വിഭവങ്ങളൊരുക്കി കൂടുതല്‍ വരുമാനത്തിലേക്ക് വളരാനുള്ള ശ്രമങ്ങള്‍ ബിന്‍സിയുടെ 'ചക്കാലയ്ക്കല്‍ ഫാം' തുടങ്ങിക്കഴിഞ്ഞു.
ചൂണ്ടയിട്ട് മീന്‍ പിടിക്കാം
രണ്ടു കുളങ്ങളിലാണ് ബിന്‍സിയുടെ മത്സ്യകൃഷി. നട്ടറും തിലാപ്പിയയും ഇനങ്ങള്‍. വിളവെടുപ്പുകാലമെത്തുമ്പോള്‍ ദിവസം അറിയിച്ച് ഫേസ്ബുക്കില്‍ ബിന്‍സിയുടെ പോസ്റ്റെത്തും; 'ചൂണ്ടയിട്ടു മീന്‍ പിടിക്കാം'. എറണാകുളത്തുനിന്നുള്‍പ്പെടെ കൃഷിഗ്രൂപ്പുകളിലെ കൂട്ടുകാരെല്ലാം ഉത്സാഹത്തോടെ ചൂണ്ടയുമായി പാഞ്ഞെത്തും. കിട്ടിയ മീനിന് കിലോ 200 രൂപ നല്‍കി ചൂണ്ടക്കാര്‍ മടങ്ങും. ബിന്‍സി അടുത്ത ബാച്ച് മത്സ്യക്കൃഷിയിലേക്കും.
വിളകള്‍ക്ക് വാം
ജീവാണുവളമായ വാം നിര്‍മാണമുണ്ട് ബിന്‍സിയുടെ കൃഷിയിടത്തില്‍. വേരുകളുടെ വളര്‍ച്ച കൂട്ടി വിളകള്‍ക്കു ശക്തി പകരുന്ന ജീവാണുവളമാണ് വാം. മണ്ണിരക്കമ്പോസ്റ്റ് മുഖ്യഘടകവും വറുത്തെടുത്ത മണ്ണ്, ചാണകപ്പൊടി, പെര്‍ക്കുലേറ്റ്, വെര്‍മിക്കുലേറ്റ് എന്നിവ അനുബന്ധഘടകങ്ങളുമായി തയാറാക്കുന്ന മിശ്രിതത്തില്‍ വാം കള്‍ച്ചര്‍ ചേര്‍ത്ത് ഇളക്കും. മിശ്രിതം ചട്ടികളിലാക്കി ഓരോന്നിലും ചോളത്തിന്റെ വിത്തിട്ട് വളര്‍ത്തും. ചോളത്തിന്റെ വേരില്‍ ജീവാണു വളരും. നിശ്ചിത നാളുകള്‍ക്കു ശേഷം ചോളത്തിന്റെ വേരു മാത്രം മുറിച്ചെടുത്ത് അരിഞ്ഞ് മിശ്രിതത്തില്‍ ചേര്‍ത്തിളക്കും. ഇങ്ങനെ വര്‍ധിപ്പിച്ചെടുത്ത വാം തടത്തില്‍ വിതറി അതില്‍ തൊട്ടിരിക്കും വിധം വിത്തു നടുന്നത് വിളകളുടെ വളര്‍ച്ചയ്ക്കും വിളവിനും ഏറെ ഗുണകരമെന്നു ബിന്‍സി പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
