image

31 Jan 2023 9:45 AM GMT

Premium

ചാറ്റ് ജിപിടി: ബിസിനസ് രംഗത്ത് എങ്ങനെ ഉപയോഗപ്രദമാക്കാം

Bureau

ചാറ്റ് ജിപിടി: ബിസിനസ് രംഗത്ത് എങ്ങനെ ഉപയോഗപ്രദമാക്കാം
X

Summary

  • 2022 നവംബര്‍ മാസത്തിലാണ് ചാറ്റ് ജിപിടി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനായി ലഭ്യമാക്കിയത്. സൗജന്യവും ഉപയോഗിക്കാന്‍ എളുപ്പമുള്ളതുമായ ഈ നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യ പെട്ടെന്ന് ജനപ്രിയമായി മാറി


ഡോ. പ്രേം ശങ്കര്‍

ഇന്ന് ഒരു വ്യക്തിയുടെ ജീവിത യാത്രയില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ഗൂഗിള്‍. 2022ല്‍ ഇന്റര്‍നെറ്റ് ലൈവ് സ്റ്റാറ്റസ് റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം, ഓരോ സെക്കന്റിലും 99,000 സെര്‍ച്ചുകള്‍ ആണ് ഗൂഗിളില്‍ നടക്കുന്നത്. നമുക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഗൂഗിള്‍ നല്‍കുന്നുണ്ട് എന്നത് ഒരു വാസ്തവം ആണെങ്കിലും, ഗൂഗിളില്‍ ഒരു വിഷയം സെര്‍ച്ച് ചെയ്താല്‍, അതിന് ബന്ധപ്പെടുത്തി ലഭ്യമായ എല്ലാ വിവരങ്ങളും ഗൂഗിള്‍ നല്‍കും. പക്ഷേ, നമുക്ക് ആവശ്യമായ വിവരങ്ങള്‍ കൃത്യമായി ഗൂഗിള്‍ നല്‍കുന്നുണ്ടോ എന്നത് ചിന്തിക്കേണ്ട ഒരു കാര്യമാണ്. എന്നാല്‍ നമുക്ക് ആവശ്യമായ കാര്യത്തെ കുറിച്ച് കൃത്യമായി വിശദീകരിക്കുന്ന ഒരു ഉത്തരം നിര്‍മ്മിച്ച് തരുന്ന നൂതന നിര്‍മ്മിത ബുദ്ധി (Artificial Intelligence) സാങ്കേതികവിദ്യയാണ് ചാറ്റ് ജിപിടി. അതായത്, ഉപയോക്താവ് ഒരു കാര്യം ടൈപ്പ് ചെയ്താല്‍, ഉപയോക്താവിന് ഏറ്റവും മനസ്സിലാക്കാന്‍ സാധിക്കുന്ന ഭാഷയില്‍ ചാറ്റ് ജിപിടി വിശദമായ ഒരു ഉത്തരം ലഭ്യമാക്കുന്നു.

ഉദാഹരണത്തിന്, 'നിര്‍മ്മിത ബുദ്ധി എന്നാല്‍ എന്താണ്?' എന്ന് ചാറ്റ് ജിപിടിയില്‍ ടൈപ്പ് ചെയ്താല്‍, മലയാള ഉപന്യാസ രീതിയില്‍ ചാറ്റ് ജിപിടി മറുപടി നല്‍കും. മലയാളം ഉള്‍പ്പെടെ നൂറില്‍ കൂടുതല്‍ ഭാഷകള്‍ ചാറ്റ് ജിപിടി പിന്തുണയ്ക്കുന്നുണ്ട് എന്നത്, ഈ സാങ്കേതികവിദ്യയുടെ മറ്റൊരു ശ്രദ്ധേയമായ ആകര്‍ഷണമാണ്. ഈ നൂതന സാങ്കേതികവിദ്യ, ബിസിനസ് രംഗത്തു എങ്ങനെ ഉപയോഗപ്രദമാക്കാം എന്നതിനെ കുറിച്ചാണ് ഈ ലേഖനത്തില്‍ സംസാരിക്കുന്നത്.

ചാറ്റ് ജിപിടിയുടെ അടിസ്ഥാനപാഠം

2022 നവംബര്‍ മാസത്തിലാണ് ചാറ്റ് ജിപിടി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനായി ലഭ്യമാക്കിയത്. സൗജന്യവും ഉപയോഗിക്കാന്‍ എളുപ്പമുള്ളതുമായ ഈ നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യ പെട്ടെന്ന് ജനപ്രിയമായി മാറി. ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന സംഭാഷണ രീതിയില്‍ അനായാസം സംവദിക്കാന്‍ ആകുന്നത് കൊണ്ടാണ് ചാറ്റ് ജിപിടി

ഇത്ര പെട്ടെന്ന് ജനപ്രിയമായത്. ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകളില്‍ നിന്ന് വ്യത്യസ്തമായി, ചാറ്റ് ജിപിടിക്ക് മനുഷ്യനെപ്പോലെയുള്ള പ്രതികരണങ്ങള്‍ ഉപയോക്താവിന് നല്‍കാനാവുന്നു. ചാറ്റ് ജിപിടിയുടെ ഒരു ആപ്ലിക്കേഷന്‍ വളരെ ലളിതമായി പറഞ്ഞാല്‍, ഇന്ന് ഒരു വ്യക്തിക്ക് ഒരു ജോലിക്ക് അപേക്ഷിക്കണമെങ്കില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് സിവി (Curriculum Vitae). വ്യത്യസ്ത തൊഴില്‍ അവസരങ്ങളിലേക്ക് അപേക്ഷിക്കുമ്പോള്‍, ഉദ്യോഗാര്‍ത്ഥികള്‍ തയ്യാറാക്കേണ്ടസിവിയിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടി വരും. എന്നാല്‍, ചാറ്റ് ജിപിടി ഉപയോഗിച്ച് ഒരാള്‍ക്ക് അനായാസം തന്റെ സിവി തയ്യാറാക്കാന്‍ സാധിക്കുന്നതാണ്.

സിവിയില്‍ ഉള്‍പ്പെടുത്തേണ്ട വിവരങ്ങള്‍ നിങ്ങള്‍ ടൈപ്പ് ചെയ്താല്‍, നിങ്ങള്‍ ആവശ്യപ്പെടുന്ന തരത്തില്‍ നിങ്ങള്‍ അപേക്ഷിക്കാന്‍ ഒരുങ്ങുന്ന ജോബ് ടൈറ്റിലിന് അനുയോജ്യമായസിവി ചാറ്റ് ജിപിടി നല്‍കും. ചാറ്റ് ജിപിടിയുടെ ഈ അഡ്വാന്റേജ് ആണ് ബിസിനസ് രംഗത്ത് പ്രയോജനപ്പെടുത്തേണ്ടത്. ചാറ്റ് ജിപിടി പോലുള്ള ഒരു നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യക്ക്, എങ്ങനെ വര്‍ക്ക്ഫ്‌ലോകള്‍ മെച്ചപ്പെടുത്താനും തൊഴിലാളികളുടെ എണ്ണം കുറക്കാനും ബിസിനസ്സില്‍ ലാഭം കണ്ടെത്താനും കഴിയുമെന്ന് ചിന്തിക്കേണ്ടതുണ്ട്.

മാര്‍ക്കറ്റിംഗ്

ഏറ്റവും ട്രെന്‍ഡിങ് ആയ മാര്‍ക്കറ്റിംഗ് മേഖലയില്‍, ഉപഭോക്താക്കളുമായി ഇടപഴകാന്‍ ചാറ്റ് ജിപിടി വളരെ സഹായകരമായിരിക്കും. പല കമ്പനികള്‍ക്കും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി ചാറ്റ് ജിപിടി ഒരു വലിയ അവസരമാണ്. കമ്പനികള്‍ക്ക് അവരുടെ ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി ചാറ്റ് ജിപിടി ഉപയോഗിക്കാനാകും. അതിനാല്‍ മനുഷ്യര്‍ ചെയ്യുന്ന നിരവധി ജോലികള്‍ ഓട്ടോമേറ്റ് ചെയ്യാനും പ്രതികരണസമയം സമൂലമായി മെച്ചപ്പെടുത്താനും കമ്പനികള്‍ക്ക് കഴിയും.

ഉപഭോക്താക്കളുമായി കൂടുതല്‍ ഇടപഴകലുകള്‍ നടത്തുമ്പോള്‍, ആവര്‍ത്തിച്ചുള്ള ടാസ്‌ക്കുകള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിലൂടെ, മനുഷ്യര്‍ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ വേഗതയില്‍ ചെയ്യാന്‍ ചാറ്റ് ജിപിടിക്ക് സാധിക്കും. ഉപഭോക്താക്കളുടെ ചില ചോദ്യങ്ങള്‍ മനുഷ്യരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെങ്കില്‍, അത് പരിഹരിക്കാന്‍ ചാറ്റ് ജിപിടി ക്ക് സാധിക്കും. ഉപഭോക്തൃ ഓണ്‍ബോര്‍ഡിംഗ് പ്രക്രിയ സുഗമമാക്കുന്നതിനും, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വര്‍ധിച്ചുവരുന്ന ഉപഭോക്തൃ ഇടപഴകല്‍ മെച്ചപ്പെട്ട വിശ്വസ്തതയില്‍ നിലനിര്‍ത്തുന്നതിനും ചാറ്റ് ജിപിടി സഹായകരമാണ്.



പേഴ്‌സണല്‍ അസിസ്റ്റന്‍സ്

ഏതൊരു പ്രൊഫഷണലിനും ഒന്നോ അതിലധികമോ പേഴ്‌സണല്‍ അസിസ്റ്റന്റ്‌സ് ഉണ്ടാകും. അല്ലെങ്കില്‍, നിങ്ങള്‍ ഒരു സംരംഭം നടത്തുന്ന വ്യക്തിയാണെങ്കില്‍ പോലും, നിങ്ങള്‍ നിങ്ങളുടെ ജോലിഭാരം കുറക്കുന്നതിന്റെ ഭാഗമായി പേഴ്‌സണല്‍ അസിസ്റ്റന്റ്കളെ നിയമിച്ചേക്കാം. എന്നാല്‍, ചാറ്റ് ജിപിടി സാങ്കേതികവിദ്യയെ നിങ്ങള്‍ക്ക് ഒരു പേഴ്‌സണല്‍ അസിസ്റ്റന്റ് ആയി ഇനി ഉപയോഗിക്കാം. ഒരു എഐ സാങ്കേതികവിദ്യക്ക്, തന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആകാന്‍ എങ്ങനെ സാധിക്കും എന്നാണ് നിങ്ങള്‍ സംശയിക്കുന്നതെങ്കില്‍, അതിന് ആദ്യം നിങ്ങളുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് മുഖേനെ നിങ്ങള്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യുന്നു എന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. സാധാരണയായി നിങ്ങള്‍ക്ക് ആവശ്യമായ ഒരു ഇമെയില്‍ ടൈപ്പ് ചെയ്യുന്നതിനായി നിങ്ങള്‍ നിങ്ങളുടെ പേഴ്‌സണല്‍ അസിസ്റ്റന്റ്‌നോട് ആവശ്യപ്പെടാറുണ്ടാവും.

എന്നാല്‍, നിങ്ങള്‍ക്ക് ആവശ്യമായ ഇമെയിലില്‍ ഉള്‍പ്പെടുത്തേണ്ട വിവരങ്ങള്‍ നിങ്ങള്‍ ചാറ്റ് ജിപിടിയില്‍ ടൈപ് ചെയ്താല്‍, നിങ്ങളുടെ ആവശ്യാനുസരണം ഉള്ള ഇമെയില്‍ ലഭ്യമാകുന്നതാണ്. അതുപോലെ, ഇന്റര്‍വ്യു ഫോളോഅപ്പ്, ജോബ് ലെറ്റര്‍, ഓഫര്‍ ലെറ്റര്‍, സെയില്‍സ് ലെറ്റര്‍, താങ്ക്യു ലെറ്റര്‍ തുടങ്ങിയ നിങ്ങളുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ ഡോക്യുമെന്റുകളും നിങ്ങള്‍ക്ക് ചാറ്റ് ജിപിടിയിലൂടെ മറ്റൊരു പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ സഹായം കൂടാതെ അനായാസം ക്രിയേറ്റ് ചെയ്യാവുന്നതാണ്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ ഒരു കണ്ടന്റ് ക്രിയേറ്റ് ചെയ്യുക, ഒരു പൊതു വേദിയില്‍ സംസാരിക്കുന്നതിനായി ഉള്ളടക്കം സൃഷ്ടിക്കുക, എന്തിന് ഫണ്ടിങ്ങിന് വേണ്ടിയുള്ള പിച്ച് ഡെസ്‌ക് ഉണ്ടാക്കുക തുടങ്ങിയ ക്രിയാത്മകമായ കാര്യങ്ങള്‍ക്കും നിങ്ങള്‍ക്ക് ചാറ്റ് ജിപിടി ഉപയോഗപ്പെടുത്താവുന്നതാണ്.

ഡെവലപ്പര്‍

നിങ്ങള്‍ ഒരു ഡെവലപ്പര്‍ ആണെങ്കില്‍, ചാറ്റ് ജിപിടി നിങ്ങള്‍ക്ക് വളരെ സഹായകരമായ ഒന്നാണ്. മൊബൈല്‍ ആപ്ലിക്കേഷന്‍, വേര്‍ഡ് പ്രസ്സ് പ്ലഗിനുകള്‍, ഗെയിമിംഗ് തുടങ്ങി വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് നിങ്ങളെങ്കില്‍, നിങ്ങള്‍ക്ക് ചാറ്റ് ജിപിടിവഴി അതിന് ആവശ്യമായ കോഡുകള്‍ കണ്ടെത്താവുന്നതാണ്. ഒരു ഡെവലപ്പര്‍ ബുദ്ധിപരമായും ക്രിയേറ്റീവ് ആയും പ്രവര്‍ത്തിക്കണമെന്നതിനാല്‍ തന്നെ, ചിലപ്പോള്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുന്നതിനായി ഉള്ള കോഡുകള്‍ അതേപടി ചാറ്റ് ജിപിടി ജനറേറ്റ് ചെയ്‌തോളണം എന്നില്ല. എന്നാല്‍ നിങ്ങള്‍ക്ക് ആവശ്യമായ ഔട്ട് പുട്ട് എന്താണോ, അതിന്റെ കോഡ് ചാറ്റ് ജിപിടിയോട് ആവശ്യപ്പെട്ടാല്‍, ഈ സാങ്കേതികവിദ്യ തീര്‍ച്ചയായും നിങ്ങള്‍ക്ക് അത് ലഭ്യമാക്കുന്നു.

ഇത് ഒരു ഡെവലപ്പര്‍ എന്ന നിലക്ക് നിങ്ങളുടെ വര്‍ക്ക് സ്പീഡ് വര്‍ധിപ്പിക്കാന്‍ സഹായകരമാകും. ഇത്തരത്തില്‍ വെബ്‌സൈറ്റ് ക്രിയേഷന്‍, വെബ്‌സൈറ്റ് തീം മേക്കിംഗ്, മൊബൈല്‍ ആപ്പ് ഡെവലപ്പ്‌മെന്റ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാം ചാറ്റ് ജിപിടി പ്രയോജനപ്പെടുത്താവുന്നതാണ്. ഇനി നിങ്ങള്‍ ഒരു ഡെവലപ്പര്‍ അല്ലെങ്കില്‍ പോലും, നിങ്ങള്‍ക്ക് കോഡിംഗിനെ കുറിച്ചും മറ്റും പഠിക്കാനും, ചെറിയതോതില്‍ പ്രോഗ്രാമുകള്‍ ഡെവലപ്പ് ചെയ്യുന്നതിനും ചാറ്റ് ജിപിടി നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.

സ്‌ക്രിപ്റ്റ് റൈറ്റിംഗ്

ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ ലഭ്യമല്ല എങ്കില്‍ പോലും ചാറ്റ് ജിപിടി സഹായകരമാണ് എന്നത് തന്നെയാണ്, ഗൂഗിള്‍ പോലുള്ള മറ്റു വിവരസാങ്കേതിക വിദ്യകളില്‍ നിന്ന് ചാറ്റ് ജിപിടി വ്യത്യസ്തമാണ് എന്ന് നേരത്തെ പറയാന്‍ കാരണം. ചാറ്റ് ജിപിടിയുടെ കണ്ടെന്റ് ജനറേഷനു ഉദാഹരണമാണ് തിരക്കഥാ രചന. ഇന്ന് യൂട്യൂബ് ഒരു സാമ്പത്തിക സ്രോതസ്സായി കാണുന്ന കാലമാണ്. നിങ്ങള്‍ ആവശ്യപ്പെടുന്ന ടോപ്പിക്കിനെ കുറിച്ച് നൂതന ആശയങ്ങള്‍ അല്ലെങ്കില്‍ തിരക്കഥകള്‍ നല്‍കാന്‍ ചാറ്റ് ജിപിടിക്ക് സാധിക്കുന്നു. ചാറ്റ് ജിപിടി ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു തിരക്കഥ രചിക്കാവുന്നതാണ് എന്ന് തന്നെ പറയാം.

മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ദൃശ്യം. ഈ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും കണ്ട മലയാള സിനിമ പ്രേക്ഷകര്‍, ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ദൃശ്യം 3യുടെ കഥ എന്താകും എന്ന് നിങ്ങള്‍ ചാറ്റ് ജിപിടിയോട് ചോദിച്ചാല്‍, അതിന് കൃത്യമായ മറുപടി ജനറേറ്റ് ചെയ്തു നല്‍കുമെന്നതാണ് ചാറ്റ് ജിപിടിയുടെ ഉപയോഗം തെളിയിക്കുന്നതിനായുള്ള ഏറ്റവും വലിയ ഉദാഹരണം. എന്നാല്‍, ചാറ്റ് ജിപിടി ഉപയോഗിച്ച് ഒരു തിരക്കഥ രചിച്ച് നമുക്ക് ഒരു സിനിമയങ്ങ് ഉണ്ടാക്കാം എന്ന് കരുതരുത്. പൂര്‍ണ്ണ തോതിലുള്ള തിരക്കഥകളും മറ്റും ചാറ്റ് ജിപിടി നല്‍കുന്നു എന്നല്ല പറഞ്ഞു വരുന്നത്, മറിച്ച് നമുക്ക് ആവശ്യമായ ടോപിക്കിനെ കുറിച്ചുള്ള ആശയങ്ങളും സൂചനകളും ചാറ്റ് ജിപിടി നല്‍കുന്നു.

ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ തൊഴില്‍ അഭ്യസിക്കുന്ന ഒരു മേഖലയാണ് കണ്ടന്റ് ക്രിയേഷന്‍. യൂട്യൂബ് കണ്ടന്റ് ക്രിയേഷന്‍ എന്നതിലുപരി, പല മേഖലകളിലും ഈ തസ്തിക വ്യാപിച്ചു കിടക്കുന്നു. ഇത്തരത്തിലുള്ള കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക്, സമയബന്ധിതമായി അവര്‍ക്ക് ആവശ്യമായ കാര്യങ്ങളെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും പുതിയ ആശയങ്ങള്‍ കണ്ടെത്താനും ചാറ്റ് ജിപിടി ഉപയോഗപ്രദമാകും. വെബ്‌സൈറ്റ് ബ്ലോഗുകളും ചാറ്റ് ജിപിടി ഉപയോഗിച്ച് ക്രിയേറ്റ് ചെയ്യാവുന്നതാണ്. പരസ്യ ചിത്രങ്ങളും, മറ്റു പ്രമോഷന്‍ വര്‍ക്കുകളും ചെയ്യുന്നവര്‍ക്ക് ഏറ്റവും വലിയ വെല്ലുവിളിയായ മികച്ച ക്യാപ്ഷന്‍ കണ്ടെത്തുക എന്ന ഉത്തരവാദിത്വവും ചാറ്റ് ജിപിടി വഴി ലഘൂകരിക്കാവുന്നതാണ്.

സ്റ്റോക്ക് മാര്‍ക്കറ്റ്

ഓഹരി വിപണിയെക്കുറിച്ചോ മറ്റേതെങ്കിലും സാമ്പത്തിക വിപണിയെക്കുറിച്ചോ പ്രവചിക്കുക എന്നത് വസ്തുതാപരമായി ശരിയായ ഒരു കാര്യമല്ല. സാമ്പത്തിക സാഹചര്യങ്ങള്‍, കമ്പനിയുടെ പ്രകടനം, ആഗോള സംഭവങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ സ്റ്റോക്ക് മാര്‍ക്കറ്റിനെ സ്വാധീനിക്കുന്നു. ഈ ഘടകങ്ങളെ കുറിച്ച് പഠിച്ച വിദഗ്ധര്‍, വിവിധ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ചാണ് ഓഹരി വിപണിയിലെ ഭാവിയെ കുറിച്ചുള്ള വിശകലനങ്ങള്‍ നടത്തുന്നത്, എന്നാല്‍ ഇവ ഇപ്പോഴും വിദ്യാസമ്പന്നമായ ഊഹങ്ങള്‍ മാത്രമാണെന്നും ഭാവിയിലെ വിപണി ചലനങ്ങള്‍ ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ലെന്നും ഓര്‍മ്മിക്കേണ്ടത് പ്രധാനമാണ്.

അതുകൊണ്ടുതന്നെ, ചാറ്റ് ജിപിടിയുടെ പ്രവചനങ്ങള്‍ 100 ശതമാനം ശരിയാകണം എന്നില്ലെങ്കിലും, മേല്‍ പറഞ്ഞ ഘടകങ്ങള്‍ കൃത്യമായി പരിശോധിച്ച ശേഷമുള്ള പോര്‍ട്ട്‌ഫോളിയോ നല്‍കാന്‍ ഈ എഐ സാങ്കേതികവിദ്യക്ക് സാധിക്കും. ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ്, അതിന്റെ മുന്‍കാല സാമ്പത്തിക ഡാറ്റകള്‍ അറിയുന്നതിനും, പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിനും ചാറ്റ് ജിപിടി നിങ്ങള്‍ക്ക് ഉപകരിക്കും. ഒരു സാമ്പത്തിക ഉപദേഷ്ടാവ് നിങ്ങള്‍ക്ക് ഉചിതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് പോലെ ചാറ്റ് ജിപിടിക്ക് വിവരങ്ങള്‍ നല്‍കാന്‍ സാധിച്ചില്ലെങ്കിലും, നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങള്‍ പങ്കുവെക്കാന്‍ ചാറ്റ് ജിപിടിക്ക് സാധിക്കും. ഈ വിവരങ്ങള്‍ ലഭിക്കുന്നതിനായി സാമ്പത്തിക ചെലവ് ഇല്ല എന്നതും, ഏത് സമയത്ത് വേണമെങ്കിലും നിങ്ങള്‍ക്ക് ഉപയോഗിക്കാം എന്നതുകൊണ്ട് ഒരു സ്റ്റോക്ക്‌ട്രേഡറെ സംബന്ധിച്ച് ചാറ്റ് ജിപിടി നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

ചാറ്റ് ജിപിടി എന്ന നൂതന നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍, അത് നിങ്ങളുടെ ബിസിനസിന് കൂടുതല്‍ നേട്ടം കൈവരിക്കാന്‍ സഹായകരമാകും എന്ന കാര്യം തീര്‍ച്ചയാണ്.

ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി യുടെ വരവോടെ എഴുത്ത് ഉള്‍പ്പെട്ട ജോലികള്‍ പത്തിലൊന്നായി ചുരുങ്ങുമെന്ന് പറയപ്പെടുന്നു. ഇതോടെ കണ്ടന്റ് റൈറ്റിങ് പോലുള്ള ജോലികള്‍ ഏറെക്കുറെ ഇല്ലാതാകുമെന്നു തോന്നുന്നു. ജേണലിസ്റ്റുകള്‍ക്കും, കണ്ടെന്റ് ഡെവലപ്പേഴ്‌സിനും, റിപ്പോര്‍ട്ട് എഴുത്തുകാര്‍ക്കും, ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും, സെക്രട്ടേറിയല്‍ ജോലികള്‍ ചെയ്യുന്നവര്‍ക്കുമെല്ലാം അവരുടെ ജോലികള്‍ പത്തിലൊന്നായി കുറക്കാനാകുമെന്നത് അത്ഭുതകരമായ ഡെവലപ്‌മെന്റ് ആണ്.

വിദ്യാഭ്യാസ മേഖലയില്‍ ഉള്ളടക്കം സൃഷ്ടിക്കുന്നതില്‍ പോലും ഒരു ഗെയിം ചേഞ്ചര്‍ ഉപകരണമായി ഇതിനകം പ്രശംസിക്കപ്പെട്ടു എന്നത്, ഈ നൂതന സാങ്കേതികവിദ്യയുടെ അനന്തമായ സാധ്യതകളാണ് തുറന്നു കാണിക്കുന്നത്. ചാറ്റ് ജിപിടി പ്രയോജനപ്പെടുത്തുന്നതിലൂടെ നിങ്ങളുടെ ഉപഭോക്താക്കളെ സംതൃപ്തിപ്പെടുത്തുന്നതിനും, നിങ്ങളുടെ സ്ഥാപനങ്ങളിലെ മാന്‍പവര്‍ കുറക്കുന്നതിനും, നിങ്ങളുടെ വര്‍ക്ക് സ്പീഡ് വര്‍ധിപ്പിക്കുന്നതിനും സാധിക്കും. കൂടാതെ, പുതിയ ബിസിനസ് പ്രൊപ്പോസലുകള്‍ ക്രിയേറ്റ് ചെയ്യാനും ചാറ്റ് ജിപിടിക്ക് സാധിക്കും.

നിങ്ങളുടെ ഒരു ജീവനക്കാരന്‍ നിശ്ചിത മണിക്കൂര്‍ ജോലി ചെയ്തതിന് വേതനം കൈപ്പറ്റുമ്പോള്‍, നിങ്ങള്‍ക്ക് വേണ്ടി 24 മണിക്കൂറും സൗജന്യമായി ജോലി ചെയ്യാന്‍ സന്നദ്ധത അറിയിച്ച് നില്‍ക്കുന്ന ഒരു ഉദ്യോഗാര്‍ത്ഥിയാണ് ചാറ്റ് ജിപിടി. ഈ നൂതന എഐ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന സേവനം നിങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്തുന്നതിനായി തീര്‍ച്ചയായും പ്രയോജനപ്പെടുത്താവുന്നതാണ്.

(ICCS College of Engineering and Management ലെ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം എച്ച്ഒഡിയും പ്രൊഫസറുമാണ് ലേഖകന്‍)