image

31 March 2026 5:11 PM IST

Premium

പരസ്പരം താങ്ങാകാം; കേരളത്തിൽ വരട്ടെ ഇരട്ട നഗര വികസന മാതൃകകൾ

Rinku Francis

പരസ്പരം താങ്ങാകാം; കേരളത്തിൽ വരട്ടെ ഇരട്ട നഗര വികസന മാതൃകകൾ
X

Summary

അടിസ്ഥാന സൗകര്യങ്ങൾ, വിഭവങ്ങൾ, എന്നിവ പങ്കിട്ടുകൊണ്ട് വികസനത്തിൽ അടുത്തടുത്ത നഗരങ്ങൾക്ക് പരസ്പരം സഹകരിക്കാനാകുന്ന ഇരട്ട നഗര വികസന മാതൃകകൾ കേരളത്തിൽ നടപ്പാക്കാം. ഉൾനാടൻ ലോജിസ്റ്റിക്സ് ശൃംഖലകൾ ശക്തിപ്പെടുത്തുന്നതും ഗുണമാകും. കേരളത്തിൻ്റെ വികസനത്തിനായി സിഐഐ കേരള മുന്നോട്ട് വയ്ക്കുന്ന ചില നിർദേശങ്ങൾ.


കേരളം വികസന കാഴ്ചപ്പാടുകൾക്ക് മുൻഗണന നൽകുമ്പോൾ സുസ്ഥിരമായ വളർച്ചയ്ക്ക് അയൽ നഗരങ്ങളെയും ആശ്രയിക്കാനാകുന്ന മാതൃകകൾ സ്വീകരിക്കാമെന്ന് ചൂണ്ടിക്കാട്ടുകയാണ് വ്യവസായികളുടെ സംഘനയായ സിഐഐ കേരള. അടിസ്ഥാന സൗകര്യങ്ങൾ, വിഭവങ്ങൾ, എന്നിവ പങ്കിട്ടുകൊണ്ട് പരസ്പരം സഹകരിക്കാനാകും. ഉദാഹരണത്തിന്, കൊച്ചിക്കും തൃശ്ശൂരിനും വികസനത്തിൽ പരസ്പരം സഹകരിക്കാം. കൊച്ചിയുടെ തുറമുഖം, ഐടി, ടൂറിസം കേന്ദ്രങ്ങൾ എന്നിവ തൃശ്ശൂരിനും പ്രയോജനപ്പെടുത്താൻ ആകുന്നതിനൊപ്പം തൃശ്ശൂരിന്റെ സാംസ്കാരിക പെരുമ, സാമ്പത്തിക സേവനങ്ങൾ, ശക്തമായ ഉൽപ്പാദന അടിത്തറ എന്നിവ കൊച്ചിക്കും പ്രയോജനപ്പെടുത്താം. സിഐഐ നൽകുന്ന ചില നിർദേശങ്ങൾ ഇങ്ങനെ.

ചെറുകിട സംരംഭങ്ങളെ പിന്തുണക്കാം

ഉയർന്ന വളർച്ചയുള്ള എംഎസ്എംഇകൾക്ക് സർക്കാർ പിന്തുണ നൽകുക എന്നതാണ് മറ്റൊന്ന്. കേരളത്തിന്റെ വ്യാവസായിക വളർച്ചയ്ക്കും നി‍ർണായക സംഭാവന നൽകാനാകുന്ന എംഎസ്എംഇ മേഖലയെ ശക്തീകരിക്കുക. മിഷൻ 1000 ദൗത്യത്തെ മിഷൻ 10 കെയിലേക്ക് ഉയ‍ർത്തുക. ഇത് കൂടുതൽ സംരംഭങ്ങളെ വിറ്റുവരവ് ഉയ‍ർത്താൻ സഹായിക്കും. കൂടുതൽ തൊഴിലവസരങ്ങൾ സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടും.

ഡിജിറ്റൽ രം​ഗത്തേക്കുള്ള എസ്എംഇകളുടെ പരിവർത്തനത്തിന് കൂടുതൽ പിന്തുണ നൽകാം. സിഐഐ ഡിഎക്സ് എഡ്ജ് ഇത്തരത്തിലുള്ള സംരംഭമാണ്. സംരംഭങ്ങളുടെ ഉൽപ്പാദനം മെച്ചപ്പെടുത്തുന്നതിലും, വിപണി വിപുലീകരിക്കുന്നതിനുമൊക്കെ എംഎസ്എംഇകളെ കൈപിടിച്ചുയർത്താൻ കഴിയുന്ന പുതിയ ഡിജിറ്റൽ അംബാസഡർമാരായി പ്രവർത്തിക്കാൻ സ്കൂളുകളിൽ വിദ്യാർത്ഥികൾക്കും പരിശീലനം നൽകാം.

വിഴിഞ്ഞം, സംയോജിത വികസനം വേഗത്തിലാക്കണം

2030 ആകുമ്പോഴേക്കും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഒരു സമ്പൂർണ്ണ ആഗോള ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബാക്കി മാറ്റാനാകണം. ഇതിനായി വേഗത്തിലുള്ള അനുമതികൾ, ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ എന്നിവ ഒരുക്കാം. അനുബന്ധ വ്യവസായങ്ങളുടെ വികസനം കൂടെ മുന്നിൽകണ്ട് വിഴിഞ്ഞം തുറമുഖത്തിൻ്റെ സംയോജിത വികസനം വേ​ഗത്തിലാക്കണം.

ഉൾനാടൻ ലോജിസ്റ്റിക്സ് ശക്തിപ്പെടട്ടെ

ജലയാത്രയും ടൂറിസവും കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും പ്രധാന തുറമുഖങ്ങളെ ബന്ധിപ്പിക്കുന്നതിനുമായി ഒരു ഉൾനാടൻ ഷിപ്പിംഗ്, ലോജിസ്റ്റിക്സ്, ടൂറിസം ശൃംഖല വികസിപ്പിക്കുന്നത് കേരളത്തിന് നേട്ടമാകും. വ്യവസായങ്ങൾ ശക്തിപ്പെടുത്താനുമാകും.

• അക്വാകൾച്ചർ കൂടുതൽ പ്രോത്സാഹിപ്പിക്കാം. കേരളത്തിന്റെ പ്രാദേശിക ജലാശയങ്ങളിൽ തുറന്ന കടൽ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാം. ആധുനികവൽക്കരിച്ച മത്സ്യബന്ധന തുറമുഖങ്ങൾ, വികസിപ്പിച്ച കോൾഡ്-ചെയിൻ സൗകര്യങ്ങൾ, തുറമുഖങ്ങൾ, പ്രോസസ്സിംഗ് യൂണിറ്റുകൾ, ഷിപ്പിംഗ് റൂട്ടുകൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന മെച്ചപ്പെട്ട ലോജിസ്റ്റിക്സ് സേവനങ്ങൾ ഒരുക്കാനായാൽ ഇന്ത്യയിലെ മികച്ച മത്സ്യബന്ധന കേന്ദ്രങ്ങളിൽ ഒന്നെന്ന സ്ഥാനം കേരളത്തിന് വീണ്ടെടുക്കാൻ കഴിയും.

മുൻനിര ജിസിസി കേന്ദ്രമായി വളരും

ആഗോള കമ്പനികളെ ആകർഷിക്കുന്നതിനായി കേരളത്തിൻ്റെ സവിശേഷതകൾ ഉയർത്തിക്കാട്ടാം. കേരളത്തിലെ വൈദഗ്ധ്യമുള്ള പ്രതിഭകൾ, ശക്തമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഉയർന്ന ജീവിത നിലവാരം എന്നിവ പ്രയോജനപ്പെടുത്തി കേരളത്തെ ഒരു ഗ്ലോബൽ കേപ്പബിളിറ്റി സെൻ്ററായി (ജിസിസി) വളർത്താം. ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും കേന്ദ്രീകൃത നയങ്ങളും നൽകാനായാൽ ഇന്ത്യയിലെ തന്നെ മുൻനിര ജിസിസി കേന്ദ്രം എന്ന നിലയിൽ ശ്രദ്ധിക്കപ്പെടാനുള്ള സാധ്യത സംസ്ഥാനത്തിനുണ്ട്.