23 July 2026 12:58 PM IST
Summary
ടൂണിഷ്യയിലും നേപ്പാളിലും കണ്ട, യുവജനപ്രക്ഷോഭത്തെ മറ്റൊരു രീതിയിൽ ഇപ്പോൾ ഇന്ത്യ കാണുകയാണ് . അതേ, ഞങ്ങൾ പാറ്റകളാണ്. സംഘടിതരായ പാറ്റകൾ എന്ന് ഉറക്കെ പറഞ്ഞ് ഇന്ത്യയിലെ യുവാക്കൾ തെരുവുകളിലേക്കിറങ്ങുന്നു. ഇനി രാജ്യം ചർച്ചചെയ്യേണ്ടത് ബഹുസ്വരതയുടെ രാഷ്ട്രീയം കൂടെയാണ്.
ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ മനോഹാരിതകളിൽ ഒന്ന് അത് ബഹുസ്വരതകളെയും ഉൾക്കൊള്ളുന്നു എന്നതാണല്ലോ. എന്നാൽ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഭരണകൂടം തന്നെ വിഭിന്നമായ ആശയങ്ങളെ അടിച്ചമർത്തുകയും അധികാരക്കസേരക്ക് കോട്ടം തട്ടിയേക്കാവുന്ന പ്രക്ഷോഭങ്ങളെ ഏതുവിധേനയും ഇല്ലാതാക്കുകയും ചെയ്യുന്നത് ജനാധിപത്യം എന്ന ആശയത്തിൻ്റെ അന്തസത്തയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.
21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ യുവജന പ്രക്ഷോഭങ്ങളുടെ നിരയിലേക്ക് സിജെപിയുടെ പ്രക്ഷോഭങ്ങളും ഇടം പിടിക്കുകയാണ്. രാജ്യത്തെ അരക്ഷിതരായ ഒരു കൂട്ടം യുവജനങ്ങൾ സംഘടിതരായി അധികാരികൾക്ക് നേരെ വിരൽ ചൂണ്ടി, ഗുരുതരമായ ചോദ്യങ്ങൾ ഉന്നയിക്കുന്നതാണ് ഇപ്പോൾ കാണുന്നത്. ജന്ദർമന്ദിറിലെ വലിയ പ്രക്ഷോഭങ്ങളിലേക്ക് നയിച്ചത് നീറ്റ് പരീക്ഷാ ക്രമക്കേടാണെങ്കിലും കൊട്ടിഘോഷിക്കുന്ന ജനാധിപത്യ മൂല്യങ്ങൾ അല്ല രാജ്യത്തേതെന്ന് ആക്രോശിക്കുന്ന യുവജനങ്ങൾ പുതിയ ഇന്ത്യയുടെ മുഖമാണ്. അവരുടെ കാഴ്ചപ്പാടുകൾ ഉറക്കെപ്പറയാൻ ത്രാണിയുള്ളവർ. വ്യക്തമായ നിലപാടുകളുമുള്ളവർ.
സമൂഹമാധ്യമങ്ങളിലൂടെ പടർന്ന ജെൻസീ വിപ്ലവം
നിലവിലെ രാഷ്ട്രീയ പാർട്ടികളുടെയും നിയമ വ്യവസ്ഥകളുടെയുമൊക്കെ പൊള്ളത്തരം ആക്ഷേപഹാസ്യ രൂപേണ പ്രചരിപ്പിച്ചുകൊണ്ടായിരുന്നല്ലോ കോക്രോച്ച് ജനതാ പാർട്ടി സമൂഹ മാധ്യമങ്ങളിൽ വൈറൽ കൊടുങ്കാറ്റായത്. തുടക്കം മീമുകളിലൂടെയായിരുന്നെങ്കിലും പിന്നീട് സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ പേർ ഫോളോ ചെയ്യുന്ന രാഷ്ട്രീയ പാർട്ടിയുടെ പേജ് സിജെപിയുടേതായി. പ്രമുഖർ പിന്തുണയുമായെത്തി. ഒടുവിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടാൻ സർക്കാർ മുന്നിട്ടറങ്ങിയെങ്കിലും പ്രചാരകർ വെറുതെയിരുന്നില്ല. സർക്കാരിൻ്റെ ജനദ്രോഹ നടപടികളും പിടിപ്പുകേടുകളും അവർ അക്കമിട്ട് നിരത്തി. സിജെപിയോടുള്ള അടിച്ചമർത്തൽ കടുത്ത ജനാധിപത്യവിരുദ്ധയാണെന്ന് ആണയിട്ടു. പ്രതിപക്ഷത്തേക്കാൾ മൂർച്ഛയുള്ള ചോദ്യങ്ങൾ ഭരണകൂടത്തിനെതിരെ അവർ നിരന്തരം ഉന്നയിച്ചുകൊണ്ടുമിരുന്നു.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾ തുടർക്കഥയായപ്പോൾ ഒടുവിൽ സംഘടിതമായി തന്നെ രാജ്യവ്യാപക പ്രതിഷേധങ്ങൾക്കിറങ്ങുന്ന ഈ യുവാക്കളുടെ ശബ്ദം എത്രനാൾ സർക്കാരിന് അടിച്ചമർത്താനാകും? സിജിപിയുടെ രൂപീകരണത്തിന് വഴിവെച്ചത് പോലും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സുര്യകാന്തിൻ്റെ ഒരു പ്രസ്താവനയാണ്. തൊഴിലില്ലാത്ത യുവജനങ്ങളെ പാറ്റകളോട് ഉപമിച്ച ചീഫ് ജസ്റ്റീസിൻ്റെ പരാമർശത്തോടുള്ള പ്രതിഷേധമായി പാർട്ടിയുടെ പേര് പോലും. കോക്രോച്ച് ജനത . സംഘാടകൻ അഭിജിത് ദീപ്കെക്ക് പിന്തുണ നൽകിയ യുവാക്കൾ, അതെ ഞങ്ങൾ സംഘടിതരായ പാറ്റകളാണെന്നുറക്കെ പറഞ്ഞ് ഇന്ത്യയുടെ തെരുവുകളിലേക്കിറങ്ങുകയാണ്.
ടൂണിഷ്യയിലും നേപ്പാളിലും കണ്ട, യുവജനപ്രക്ഷോഭത്തെ മറ്റൊരു രീതിയിൽ ഇന്ത്യ കാണുകയാണ്. പ്രക്ഷോഭത്തെ പിന്തുണക്കുന്നത് ആയിരക്കണക്കിന് യുവാക്കളാണ്. ആൺ -പെൺ വ്യത്യാസമോ ജാതി മത വ്യത്യാസങ്ങളോ ഒന്നുമില്ലാതെ യുവാക്കൾ സംഘടിക്കുന്നു. വെയിലും മഴയുമൊന്നും അവർ വകവക്കുന്നതേയില്ല. 10 വർഷത്തിനിടെ 152 ചോദ്യപേപ്പറുകൾ ചോർന്നിട്ടും ഒരാൾ പോലും ശിക്ഷിക്കപ്പെടാത്തത് എന്താണ്? രാജ്യത്ത് മെഡിക്കൽ വിദ്യാഭ്യാസം സ്വപ്നം കണ്ട് രാപ്പകൽ ഉറക്കമൊഴിക്കുന്ന യുവാക്കളുടെ സ്വപ്നങ്ങൾക്ക് എന്ത് വിലയാണ് സർക്കാർ നൽകുന്നത്? അവർ ഉന്നയിക്കുന്ന പല പ്രധാന ചോദ്യങ്ങളിലും എന്താണ് തെറ്റ് പറയാനാകുക? ഒരു ഭരണകൂട ഭീകരതക്കും നിശബ്ദരാക്കൻ കഴിയാത്ത ഊർജ്വസ്വലരായ യുവതയാണ് ഇനി ഇന്ത്യയുടെ കരുത്ത്. ഇവരാകും ഇനി നാളെയുടെ മാറുന്ന രാഷ്ട്രീയ സമവാക്യങ്ങൾക്ക് രാജ്യത്ത് നിന്നുകൊണ്ട് ചുക്കാൻ പിടിക്കുക.
പഠിക്കാം & സമ്പാദിക്കാം
Home
