2 April 2026 10:53 AM IST
കേരളത്തിൽ ഇപ്പോഴുള്ളത് അസ്തിത്വ പ്രതിസന്ധി; ടൂറിസം മുതൽ വിദ്യാഭ്യാസ രീതികളിൽ വരെ വരണം കാതലായ മാറ്റം, നിർദേശങ്ങളുമായി ഡോ മേരി ജോർജ്
Rinku Francis
Summary
കേരളത്തിൻ്റെ സാമ്പത്തിക വളർച്ചക്കുള്ള സമഗ്രമായ നിർദേശങ്ങൾ പങ്കുവെച്ച് ഡോ മേരി ജോർജ്
കേരളത്തിൻ്റെ സമഗ്ര വികസനം സാധ്യമാക്കാൻ സാമ്പത്തിക വളർച്ചക്ക് സഹായകരമായ ചില നിർദേശങ്ങൾ പങ്കു വെച്ച് പ്രമുഖ ഇക്കണോമിസ്റ്റ് ഡോ മേരി ജോർജ്.വികസനത്തിൻ്റെയും പുരോഗതിയുടെയും കാര്യത്തിൽ കേരളത്തിൻ്റെ പ്രകടനം അത്യന്തം നിരാശാജനകമാണെന്ന് തുറന്ന് പറയുകയാണ് മേരി ജോർജ്. കേരളം ഇന്ന് നേരിടുന്നത് ഒരു എക്സിസ്റ്റെൻഷ്യൽ ക്രൈസിസ് ആണ്. അസ്തിത്വ പ്രതിസന്ധി. സർവ മേഖലകളിലും ഇതാണ് സ്ഥിതിയെന്ന് മേരി ജോർജ് പറയുന്നു. നമ്മൾ മുന്നേറേണ്ടത് എവിടെയൊക്കെയാണ്, തിരുത്തേണ്ടത് എന്തൊക്കെയാണ്?
സ്വാതന്ത്ര്യ പ്രാപ്തിയുടെ സമയത്ത് ഇന്ത്യയിലെ മുൻനിര സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു കേരളം. പിന്നീട് പിന്നോക്കം പോകാൻ തുടങ്ങി. ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന കേരള വികസന മാതൃക തന്നെ ഇന്ന് അർത്ഥ ശൂന്യമായി കഴിഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന 2026 ൽ സ്വാന്തന്ത്ര്യം ലഭിച്ചിട്ട് 79 വർഷവും കേരള സംസ്ഥാനം രൂപീകരിച്ചിട്ട് 70 വർഷവും തികയുന്നു. രാഷ്ട്രീയ പ്രബുദ്ധമാണ് കേരളം എന്നാണ് പരക്കെയുള്ള വിശ്വാസം. വിദ്യാഭ്യാസത്തോടും പുരോഗതിയോടുമൊക്കെ ആഭിമുഖ്യമുള്ളവരാണ് കേരളത്തിലെ ജനങ്ങൾ.
കൂട്ടമായി നാടുവിടുന്ന യുവാക്കളെ നിലനിർത്തേണ്ടേ?
എന്നാൽ, വിദ്യാഭ്യാസ നിലവാരത്തകർച്ച, രൂക്ഷമായ തൊഴിലില്ലായ്മ, മികച്ച അവസരങ്ങളുടെ കുറവ്, എന്നിവയൊക്കെ മൂലം നിരാശാജനകരായ യുവ ജനങ്ങൾ കൂട്ടം കൂട്ടമായി നാടുവിട്ടു പോകുകയാണ്. കഴിഞ്ഞ 50 വർഷങ്ങൾക്കുള്ളിൽ സിങ്കപ്പുർ,ഹോങ്കോങ് , തായ്‍വാൻ , ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളെ വിജയത്തിലേക്കെത്തിച്ച കാഴ്ചപ്പാടുകളിൽ നിന്ന് കേരളത്തിൻ്റെ പുരോഗതിക്കാവശ്യമായവ സ്വീകരിക്കാം. രാഷ്ട്രീയക്കാർ ലോകമെമ്പാടുമുള്ള പുരോഗതിയും വളർച്ചയുമൊക്കെ കണ്ട് മനസിലാക്കിയാൽ പോര ഇവിടെയും അവ നടപ്പാക്കണം.
വികസനത്തിന് വേണം രാഷ്ട്രീയ ഐഖ്യം
സംസ്ഥാനത്തിൻ്റെ പൊതുകടം കുറക്കുക, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകൾക്കൊക്കെ വേണ്ടി വിവിധ മുന്നണികൾ ഒരു സമവായത്തിൽ എത്തണം. ഇവക്കായുള്ള പ്രത്യേക അജണ്ടയും ഓരോ പാർട്ടികളും രൂപപ്പെടുത്തണം. നേട്ടങ്ങൾ വിലയിരുത്തപ്പെടണം. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒരു മുന്നണി കൊണ്ടുവരുന്ന പദ്ധതികൾ മറ്റു പാർട്ടികൾ തടസപ്പെടുത്താറില്ല. അടുത്ത ഭരണം ആർക്കാണോ അവരത് മുന്നോട്ട് കൊണ്ടുപോകും. പാർട്ടി താൽപര്യങ്ങൾക്കും നേതാക്കളുടെയും വ്യക്തികളുടെ താൽപ്പര്യങ്ങൾക്കും മുകളിൽ എപ്പോഴും ജനങ്ങളുടെ പൊതുതാൽപ്പര്യം കാണാനാകണം.
സ്റ്റാർട്ടപ് സംസ്കാരം വേണം, പാഠ്യപദ്ധതികൾ ആധുനീകരിക്കട്ടെ
ലോകമെമ്പാടും വികസനമുണ്ടായിരിക്കുന്നത് പൊതുമേഖലയോടൊപ്പം സ്വകാര്യമേഖലയും ചേർന്നപ്പോഴാണ്. നിക്ഷേപകരെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്ന സമീപനം വേണം. ഇതിന് പാർട്ടി വ്യത്യാസമോ, പ്രതിപക്ഷ വ്യത്യാസമോ വേണ്ട. പൊതുജനങ്ങൾക്കും ഇതേ സമീപനമാണ് വേണ്ടത്. മാധ്യമങ്ങളും നിക്ഷേപക സൗഹൃദ സന്ദേശങ്ങൾ എപ്പോഴും പ്രചരിപ്പിക്കണം.
സർവകലാശാലകളിലെയും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപകർ സ്റ്റാർട്ടപ് സംസ്കാരം പ്രോത്സാഹിപ്പിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണം. ക്യാംപസുകളിൽ സ്റ്റാർട്ടപ് ഇക്കോസിസ്റ്റം വരണം. എല്ലാ സംരംഭകരും വിജയിക്കണമെന്നില്ല. എന്നാൽ വിജയിക്കുന്നവർ യുവതലമുറക്ക് അത്താണിയാകും.
സർവകലാശാലകളിലെ പാഠ്യ പദ്ധതികൾ ആധുനീകരിക്കണം. ആധുനിക സംരംഭങ്ങൾക്കാവശ്യമായ നൈപുണ്യം നേടാൻ സഹായിക്കുന്ന പാഠ്യപദ്ധതി വേണം. മാനേജ്മൻ്റ് വിദ്യാഭ്യാസം നൽകാൻ ഏറ്റവും അനുയോജ്യരായ വിദഗ്ധരെ ഉന്നത മാനേജ്മൻ്റ് വിദ്യാഭ്യാസ മേഖലയിൽ വിനിയോഗിക്കണം. അധ്യാപക സങ്കൽപ്പങ്ങളിലും മാറ്റം വരണം. സംരംഭക വൈദഗ്ധ്യവും അനുഭവ സമ്പത്തുമുള്ളവർ കൂടെ വിദ്യാർത്ഥികൾക്ക് അറിവ് പകർന്ന് നൽകണം. അല്ലെങ്കിൽ അതിന് സഹായകരമായ സ്ഥാപനങ്ങളുമായി ലിങ്ക് ചെയ്തു കലാലയങ്ങൾക്ക് പ്രവർത്തിക്കാം.
വരട്ടെ വിദഗ്ധ മലയാളി പ്രഫഷണലുകളുടെ ഒരു ഗ്ലോബൽ നെറ്റ്‍വർക്ക്
ലോകമെമ്പാടും വിവിധ മേഖലകളിൽ കഴിവു തെളിയിച്ച മലയാളികളുണ്ട്. വിദഗ്ധ മലയാളി പ്രഫഷണലുകളുടെയും സംരംഭകരുടെയുമൊക്കെ ഒരു ഗ്ലോബൽ നെറ്റ്വര്ർക്ക് അവരുടെ സേവനം നാടിൻ്റെ വികസനത്തിനും ആധുനീകരണത്തിനും വേണ്ടി പ്രയോജനപ്പെടുത്താം. ഇന്ത്യയിൽ ടെലികോം വിപ്ലവത്തിന് ചുക്കാൻ പിടിച്ച സാം പിത്രോദ 100 ൽ അധികം പേറ്റൻ്റുകൾ കരസ്ഥമാക്കിയിട്ടുള്ള ഇന്ത്യാക്കാരനാണ് എന്നോർക്കാം.
ടൂറിസം മേഖല ഇങ്ങനെ വളർന്നാൽ പോര
ടൂറിസം മേഖലയുടെ വളർച്ചക്ക് തടസമായി നിൽക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. പരിസര ശുചിത്വം ഉൾപ്പെടെ ടൂറിസം സൗഹൃദ അന്തരീക്ഷവും ടൂറിസം ഇക്കോസിസ്റ്റവും രൂപപ്പെടുത്തിയെടുക്കണം. ഉത്തരവാദിത്വ ടൂറിസം പ്രോത്സാഹിപ്പിക്കപ്പെടണം. കേരളത്തിൽ ഹെറിറ്റേജ് ടൂറിസം പദ്ധതികൾക്ക് അനന്ത സാധ്യതകളാണുള്ളത്. ഉദാഹരണത്തിന് ശബരിമല, ഗുരുവായൂർ, മലയാറ്റൂർ തീർത്ഥാടന കേന്ദ്രങ്ങൾ. ഇവയുടെ ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്താൻ ആകണം. സുസ്ഥിര ടൂറിസം വികസനം ലക്ഷ്യമിടണം. കേരളത്തിൻ്റെ നിലവിലെ സാഹചര്യത്തിൽ ഏറ്റവും അനുയോജ്യമാണിത്. പ്രകൃതി ടൂറിസം, സാംസ്കാരിക ടൂറിസം, മൺസൂൺ ടൂറിസം എന്നിവയുടെ സാധ്യതകളും പ്രയോജനപ്പെടുത്താനാകണം.
ഭരണ കാര്യക്ഷമത വർധിപ്പിക്കണം
സമ്പദ്ഘടനക്ക് ഉണർവ് നൽകേണ്ട പല മേഖലകളും ഇപ്പോൾ കാര്യക്ഷമമല്ല. സിഎജി സ്ഥിരം ചൂണ്ടിക്കാട്ടുന്ന നിരവധി കുറവുകളുണ്ട്. പണം വകമാറ്റി ചെലവഴിക്കുക, നികുതി കുടിശിക പിരിച്ചെടുക്കാതിരിക്കുക, ഒരു വ്യക്തി തന്നെ പലതരം പെൻഷൻ വാങ്ങുക, മരിച്ചവരുടെ പേരിലെ പെൻഷൻ തുടരുക തുടങ്ങി വകുപ്പുകൾ കാര്യക്ഷമമായ ഇടപെടൽ നടത്തേണ്ട വിഷയങ്ങളിൽ ഫലപ്രദമായ ഇടപെടൽ നടത്താനാകണം. പിൻവാതിൽ നിയമനങ്ങൾ തടയണം. പിഎസ്സി വഴി മികവുതെളിയിച്ച് ഭരണത്തിലെത്തിയ ഉദ്യോഗസ്ഥരെ നോക്കുകുത്തികളാക്കരുത്.
പഠിക്കാം & സമ്പാദിക്കാം
Home
