image

9 Sep 2023 11:27 AM GMT

Premium

3 ലക്ഷം കോടി കൈമാറാൻ കേന്ദ്രം ആർ ബി ഐ യുടെ മേൽ സമ്മർദം ചെലുത്തി ?

MyFin Desk

govt put pressure on rbi to transfer rs3 lakh crore in 2018
X

Summary

  • ജനപ്രിയ പദ്ധതികള്‍ക്കായി ചെലവഴിക്കാനായിരുന്നു പണം
  • ആർ ബി ഐ ആക്ടിന്റെ സെക്ഷന്‍ ഏഴ് വരെ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു


2018 ൽ അതിനടുത്ത അടുത്ത വർഷം നടക്കാനിരുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി റിസര്‍വ് ബാങ്കില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് ലക്ഷം കോടി രൂപവരെ വാങ്ങിച്ചെടുക്കാൻ സർക്കാരിലെ ചിലർ ശ്രമിച്ചിരുന്നതായി അന്ന് ആര്‍ബിഐയുടെ ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന വിരാള്‍ ആചാര്യ. ശ്രമത്തിനു ആർ ബി ഐ ഫലപ്രദമായി തടയിട്ടന്നും അദ്ദേഹം പറയുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രിയ പദ്ധതികള്‍ക്കായി ചെലവഴിക്കാനായിരുന്നു പണം

ഇത് സെന്‍ട്രല്‍ ബാങ്കും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്കു വരെ കാരണമായി. അതുവരെ ഉപയോഗിച്ചിട്ടില്ലാതിരുന്ന ആര്‍ബിഐക്ക് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കാനുള്ള ആർ ബി ഐ ആക്ടിന്റെ സെക്ഷന്‍ ഏഴ് വരെ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2018 ഒക്ടോബര്‍ 26 ലെ എഡി ഷ്‌റോഫ് മെമ്മോറിയല്‍ പ്രഭാഷണത്തിൽ ആണ് ആചാര്യ ഇത് ആദ്യമായി വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ`` ക്വസ്റ്റ് ഫോര്‍ റിസ്‌റ്റോറിംഗ് ഫിനാന്‍ഷ്യല്‍ സ്റ്റബിലിറ്റി ഇന്‍ ഇന്ത്യ'' എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ ആമുഖത്തില്‍ ഈ വിവരം ചേർത്തിട്ടുണ്ട്. സര്‍ക്കാരിന്റെ ധനകമ്മി നികത്താനുള്ള ഒരു പിന്‍വാതില്‍ ശ്രമ൦ കൂടി ആയിരുന്നു ഇതെന്ന് അദ്ദേഹം പറയുന്നു.

സര്‍ക്കാരിലെയും ഉദ്യോഗസ്ഥവൃന്ദത്തിലെയും ചില ക്രിയാത്മക മനസുകള്‍ മുന്‍ സർക്കാരുകളുടെ കാലത്തു ആര്‍ബിഐ സ്വരൂപിച്ച വലിയ ഫണ്ട് നിലവിലുള്ള സര്‍ക്കാരിന്റെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള പദ്ധതിയാണ് ആവിഷ്‌കരിച്ചതെന്നും പുതിയ വിവരങ്ങൾ ചേർത്തു പുനഃപ്രസിദ്ധീകരിച്ച പുസ്തകത്തിൽ പറയുന്നു 2020 ല്‍ ആണ് പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത് .

എല്ലാ വര്‍ഷവും ആര്‍ബിഐ അതിന്റെ ലാഭത്തിൻെറ നല്ലൊരു വിഹിതം സര്‍ക്കാരിലേക്ക് നൽകുന്നുണ്ട് . 2016 ലെ നോട്ട് നിരോധനത്തിനു മുമ്പുള്ള മൂന്ന് വര്‍ഷങ്ങളിലും കേന്ദ്ര ബാങ്ക് റെക്കോഡ് ലാഭവിഹിതം സര്‍ക്കാരിന് കൈമാറിയിരുന്നു.

നോട്ട് അസാധുവാക്കല്‍ നടന്ന വര്‍ഷം കറന്‍സി അച്ചടിക്കുന്നതിനുള്ള ചെലവ് കുറച്ചാണ് കേന്ദ്രത്തിലേക്കുള്ള ലാഭവിഹിതം നൽകിയത് . ഇതിന്റെ ഫലമായി 2019 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെ ആവശ്യം ശക്തമായിയെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ബിഐയില്‍ നിന്നും കൂടുതല്‍ വിഹിതം നേടുന്നത് ഒരു തരത്തില്‍ പിന്‍വാതിലിലൂടെ ധനകമ്മി നികത്തുന്നതിനുള്ള ശ്രമം തന്നെയായിരുന്നു. സര്‍ക്കാരിന്റെ ചെലവുകള്‍ വരുമാനത്തെക്കാള്‍ കൂടുമ്പോഴാണ് ധനകമ്മി ഉണ്ടാകുന്നത്. ഓഹരികള്‍ വിറ്റഴിക്കല്‍ ലക്ഷ്യത്തിലുണ്ടായ പിഴവും ധനകമ്മി വര്‍ധിക്കാന്‍ കാരണമായി.

ഒരു തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ജനപ്രിയ പദ്ധതികള്‍ക്കുള്ള ചെലവ് കുറച്ചു, വര്‍ധിച്ചു വരുന്ന ധനകമ്മി എങ്ങനെ മറികടക്കാന്‍ കഴിയും എന്ന് അദ്ദേഹം തന്റെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

പണ നയം, ധനവിപണി, സാമ്പത്തിക സ്ഥിരത, ഗവേഷണം എന്നിവയുടെ ചുമതലയുള്ള ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്തു നിന്നും വിരാള്‍ ആചാര്യ 2019 ജൂണില്‍ തന്റെ മൂന്ന് വര്‍ഷത്തെ കാലാവധി തീരാന്‍ ആറ് മാസമുള്ളപ്പോള്‍ രാജിവെച്ചിരുന്നു.

അതിനു മുമ്പ് 2018 ഡിസംബറിലാണ് ഊര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളായിരുന്നു രാജിക്കു കാരണമായി പറഞ്ഞിരുന്നെതെങ്കിലും, ആര്‍ബിഐയും സര്‍ക്കാരും തമ്മില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലായിരുന്നു പട്ടേലിന്റെ രാജി. രാജ്യത്തിന്റെ കേന്ദ്ര ബാങ്കിന്റെ ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ഒരു വ്യക്തി തന്റെ മൂന്ന് വര്‍ഷ കാലാവധിയുടെ പകുതയില്‍ ജോലി ഉപേക്ഷിക്കുന്ന അപൂര്‍വ്വ സംഭവമായിരുന്നു അത്.

അതേ വര്‍ഷം ഒക്ടോബറില്‍ എഡി ഷ്രോഫ് മെമ്മോറിയല്‍ പ്രഭാഷണം നടത്തിയ ആചാര്യ കേന്ദ്ര ബാങ്കിന്റെ സ്വാതന്ത്ര്യത്തെ മാനിക്കാത്ത സര്‍ക്കാരുകള്‍ സാമ്പത്തിക വിപണികളുടെ കോപത്തിന് ഇരയാകും എന്നും, ഒരു പ്രധാനപ്പെട്ട നിയന്ത്രണ സംവിധാനത്തെ സർക്കാർ ദുര്‍ബലപ്പെടുത്തുന്ന ദിവസമോര്‍ത്ത് ഖേദിക്കുന്നുവെന്നും പറഞ്ഞിരുന്നു.

2017 ജനുവരി 23 മുതല്‍ 2019 ജൂലൈ 23 വരെ ആര്‍ബിഐയുടെ ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന വിരാള്‍ ആചാര്യ തന്റെ പുസ്തകത്തിന്റെ ആമുഖത്തില്‍ 2018 ലെ സാഹചര്യത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു. 'നിസംശയമായും സാഹചര്യം വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാല്‍, 2008-09 വര്‍ഷത്തിലെ ആഗോള സാമ്പത്തിക പ്രതിസന്ധി അല്ലെങ്കില്‍ 2013 മെയ്- സെപ്റ്റംബര്‍ കാലയളവിലെ യുഎസ് കടപ്പത്രം തിരിച്ചുവാങ്ങല്‍ പദ്ധതി ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴുണ്ടായ പ്രതിസന്ധി പോലെ അത്ര തീവ്രമായിരുന്നില്ല അന്നത്തെ പ്രതിസന്ധി .''