16 Oct 2025 12:59 PM IST
Summary
GST Reforms: ജിഎസ്ടി പരിഷ്കരണം. ടാക്സ് സ്ലാബുകൾ ഏകീകരിച്ചതിൻ്റെ നേട്ടം ആർക്കാണ്? പ്രശ്നങ്ങൾ എന്തൊക്കെ?
സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വലിയ നികുതി പരിഷ്കരണമായിരുന്നു ജിഎസ്ടി നടപ്പാക്കൽ എങ്കിൽ ജിഎസ്ടി നടപ്പാക്കിയതിന് ശേഷമുള്ള ഏറ്റവും വലിയ പരിഷ്കരണങ്ങളിൽ ഒന്നാണ് പ്രധാന ടാക്സ് സ്ലാബുകൾ രണ്ടായി ചുരുക്കിയ നടപടി. നിത്യോപയോഗ സാധനങ്ങളിൽ പലതിൻ്റെയും ജിഎസ്ടി കുറച്ചതും നേരത്തെ ആശയക്കുഴപ്പമുണ്ടാക്കിയിരുന്ന പലതിനും നികുതി ഒഴിവാക്കിയതുമൊക്കെ ആശ്വാസകരമാണ്. ഉപഭോഗ വളർച്ചയിലൂടെ സുഗമമായ പണമൊഴുക്ക് ലക്ഷ്യമിടുന്ന പരിഷ്കരണങ്ങൾ നികുതി വ്യവസ്ഥ തന്നെ കൂടുതൽ ലളിതമാക്കിയിട്ടുണ്ട്. വിവിധ മേഖലകളിൽ നിക്ഷേപകരെ ആകർഷിക്കുകയും ചെയ്യും.
എന്നാൽ, നികുതിയിലെ മാറ്റത്തിന് ശേഷവും നികുതി ഇളവുകൾ പൊതുജനങ്ങൾക്ക് ലഭിക്കുന്നില്ല എന്നതിൽ ഉൾപ്പെടെ ഒട്ടേറെ ആശയക്കുഴപ്പങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. ജിഎസ്ടിയിൽ വന്ന കുറവ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അവർ തന്നെ മുന്നിട്ടിറങ്ങേണ്ടതാണ് നിലവിലെ സ്ഥിതി. നിത്യോപയോഗ സാധനങ്ങൾക്കും ആരോഗ്യ സേവനമേഖലയിലെ ഉൽപ്പന്നങ്ങൾക്കും റെസ്റ്റോറൻ്റ് സർവീസുകൾക്കുമൊക്കെ ഇപ്പോൾ ഏറ്റവും കുറഞ്ഞ നികുതി സ്ലാബാണ്. തുണിത്തരങ്ങളും പാദരക്ഷകളും കുറഞ്ഞ നികുതി സ്ലാബിലാണെങ്കിലും പല ഉൽപ്പന്നങ്ങളുടെയും നികുതി ഇളവുകൾ ലഭിക്കുന്നില്ല.
പലർക്കും ഇതിനേക്കുറിച്ച് അവബോധവുമില്ല. ചെറുവാഹനങ്ങൾ പോലെ തന്നെ ഗൃഹോപകരണങ്ങളും ധനകാര്യ സേവനങ്ങളുമൊക്കെ 18 ശതമാനം നികുതി സ്ലാബിലാക്കിയപ്പോൾ ആനുപാതികമായി ഈ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കുമൊക്കെ വലിയ കിഴിവ് ലഭിക്കേണ്ടതാണ്. എന്നാൽ പഴയ സ്റ്റോക്കിൻ്റെ പേര് പറഞ്ഞ് പല കച്ചവടക്കാരും മുഖം തിരിക്കുന്നു.
പുതിയ സ്ലാബ് പ്രകാരം പൊതുജനങ്ങൾക്ക് ലഭിക്കേണ്ട 7-18 ശതമാനം വരുന്ന വലിയ നികുതി ഇളവുകളിൽ പലതും ഫലത്തിൽ കടലാസിൽ മാത്രമാണ്. വില കുറയ്ക്കാത്ത കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നടപടി സ്വീകരിക്കാൻ ജിഎസ്ടി വകുപ്പിനാകട്ടെ അധികാരവുമില്ല.
ഇൻഷുറൻസ് പ്രീമിയം കുറയണം
നേരത്തത്തെ 18 ശതമാനത്തിൽ നിന്ന് നികുതി തന്നെ ഒഴിവാക്കിയിരിക്കുന്ന ഇൻഷുറൻസ് പോളിസികളുടെ പ്രീമിയത്തിലും ആനുപാതികമായ വലിയ കുറവ് വരേണ്ടതുണ്ട്. ഹെൽത്ത് ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് പോളിസികളിലും പ്രീമിയത്തിലും എൽഐസി ഉൾപ്പെടെയുള്ള ഇൻഷുറൻസ് കമ്പനികൾ മാറ്റം കൊണ്ടുവരാൻ തയ്യാറാകണം. വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പോളിസികൾക്കും ചെലവ് കുറയണം. 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി ആണ് നികുതി കുറച്ചിരിക്കുന്നത്.
നോട്ട്ബുക്കുകൾ, പ്രിൻ്റഡ് ബുക്കുകൾ , ബ്രാൻഡ് ചെയ്യാത്ത പാലുൽപ്പന്നങ്ങൾ, ചില ഭക്ഷ്യോൽപ്പന്നങ്ങൾ തുടങ്ങിയവയുടെ നികുതി തന്നെ ഒഴിവാക്കിയിരിക്കുകയാണ്. ആനുപാതികമായ വിലക്കിഴിവ് പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ ഏകീകൃത മാനദണ്ഡം വേണം.
വൈരുധ്യങ്ങൾ പരിഹരിക്കതെ എങ്ങനെ വില കുറയും?
ചില ഉൽപ്പന്നങ്ങളുടെ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾക്കുള്ള പുതിയ നികുതി മൊത്തം ഉൽപ്പന്നത്തിൻ്റെ നികുതിയേക്കാൾ വളരെ കൂടുതലാണെന്ന് നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. സൈക്കിൾ പോലുള്ള ഉൽപ്പന്നങ്ങൾക്കുള്ള നികുതി ഇളവ് ഉപഭോക്താക്കൾക്ക് ലഭിക്കാൻ ഇത്തരം വൈരുധ്യങ്ങൾ തടസമാകാം. ഇതും പരിഹരിക്കപ്പെടണം. അതുപോലെ, സെപ്റ്റംബർ 22ന് മുമ്പ് കമ്പനികളും സ്ഥാപനങ്ങളും ഉയർന്ന നികുതി കൊടുത്ത് വാങ്ങിയ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുമ്പോൾ ചെറുകിട വ്യാപാരികൾക്കുണ്ടാകുന്ന നഷ്ടം നികത്തുന്നതിനുള്ള സംവിധാനങ്ങൾ കാര്യക്ഷമമാക്കണം. ഇൻപുട് ടാക്സ് ക്രെഡിറ്റ് ലഭിക്കുന്നതിലുൾപ്പെടെ കൂടുതൽ വ്യക്തത വേണം.
നികുതി ഇല്ലാത്തതും കുറവ് വരുത്തിയിരിക്കുന്നതുമായ ഉൽപ്പന്നങ്ങളുടെ എല്ലാം എംആർപി പുനർ നിശ്ചയിക്കേണ്ടതുണ്ട്. ഉൽപ്പന്നങ്ങളുടെ മാറിയ നികുതി നിരക്ക് ഇപ്പോൾ സർക്കാർ വെബ്സൈറ്റിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ് സ്ഥിതി. ഇതിനെക്കുറിച്ച് പൊതുജനങ്ങളുടെയും വ്യാപാരികളുടെയും ഇടയിൽ അവബോധം സൃഷ്ടിക്കാൻ നടപടികൾ വേണ്ടിവരും. നികുതി മാറ്റങ്ങൾ നടപ്പാക്കാൻ വ്യാപാരികളുടെയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെയും സഹകരണവും ഉറപ്പാക്കേണ്ടതുണ്ട്.
പ്രശ്ന പരിഹാരത്തിന് അപ്പലെറ്റ് ട്രൈബ്യൂണൽ മാത്രമോ?
നിലവിൽ ജിഎസ്‌ടി മാറ്റം സംബന്ധിച്ച പരാതികൾക്കും പ്രശ്നപരിഹാരത്തിനുമായി ഹെൽപ്പ്ലൈൻ നമ്പർ ഒക്കെ സർക്കാർ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഇതുകൊണ്ട് പൂർണ്ണ പ്രശ്ന പരിഹാരം സാധ്യമാകില്ല. ജിഎസ്ടി തർക്കങ്ങൾ പരിഹരിക്കാൻ ജിഎസ്‌ടി അപ്പലറ്റ് ട്രൈബ്യൂണലിനാണ് അധികാരമുള്ളത്. എന്നാൽ ജിഎസ്ടി പരിഷ്കരണത്തിൻ്റെ നേട്ടം ഉപഭോക്താക്കളിലെത്തുന്നുണ്ടോ എന്നും പ്രശ്നപരിഹാരങ്ങൾ എങ്ങനെ സാധ്യമാണെന്നും പരിശോധിക്കാൻ പ്രത്യേക അതോറിറ്റിയോ സംവിധാനങ്ങളോ വേണം.
പഠിക്കാം & സമ്പാദിക്കാം
Home
